കളറടിച്ച് നിന്ന വീടുകൾ അടുത്തകൊല്ലം 'ചൊറിപിടിച്ച്' നിൽക്കുന്നു! ഇതെന്തുകൊണ്ട് സംഭവിക്കുന്നു?

truss-construction
Representative Image: Photo credit:Tabishere/istock.com
SHARE

എല്ലാ ജോലിയും കഴിഞ്ഞു. മുറ്റത്ത് ചെടിവരെ നട്ടു. പാലുകാച്ചലും വീടിരിപ്പും കഴിഞ്ഞു. കണ്ടവർ വന്നവർ എല്ലാർക്കും ഒറ്റയഭിപ്രായം: കൊള്ളാം നല്ല വീട്. അൽപകാലം വീട് എല്ലാവരേയും തുറിച്ചു നോക്കി. ആളുകൾ തിരിച്ചും നോക്കി.

ഡിസൈനർ ആര്, എൻജിനീയർ ആര്, കോൺട്രാക്ടർ ആര്, പണിക്കാരാര്, സ്ക്വയർഫീറ്റെത്ര, റേറ്റെത്ര തടിയെത്ര, ടൈൽസെത്ര, കടയേത്....അങ്ങനെ ചോദ്യങ്ങൾ ബഹുവിധം. ഉത്തരം കൊടുക്കാൻ സന്തോഷം തന്നെ.

വേനൽക്കാലം കഴിഞ്ഞു. ആൻഡമാൻ കടലിൽ ന്യൂനമർദ്ദ പാത്തി രൂപം കൊണ്ടു. മഴക്കാറായി മഴയായി. നിർത്താതെ മഴയും കാറ്റും. താഴത്തെ നിലയിലെ സിറ്റൗട്ട്, ഒന്നാം നിലയിലെ ബാൽക്കണി, മാത്രമല്ല ജനാലകളും വാതിലുകളും വരെ നനയുന്നു. മഴയത്ത് മഴകണ്ട് കട്ടൻ ചായയും ജോൺസൺ മാഷുമായി ഉമ്മറത്തിരിക്കാനാവാതായി.

പരിഹാരത്തെപ്പറ്റി തലപുകഞ്ഞാലോചിച്ചു. പലരും പലതും പരിഹാരം പറഞ്ഞു.

മഴ കുറഞ്ഞ ദിവസം നോക്കി മേച്ചിൽ ഷീറ്റും മെറ്റൽ ട്യൂബുകളും ഇറക്കി.  മഴയില്ലാത്ത ദിവസം നോക്കി പണിക്കാരെത്തി പണി തുടങ്ങി. അങ്ങനെ വീടിനെയാകെ ഒരു കുടക്കീഴിലാക്കി. പറ്റാവുന്നിടത്തൊക്കെ ഷീറ്റിട്ടു. അപ്രതീക്ഷിത ചെലവ്. വീടിന് മഴകൊള്ളില്ല മഴയത്ത് തുണിയുണക്കാൻ സ്ഥലമായി എന്നിങ്ങനെയുള്ള ആശ്വാസം മാത്രം ബാക്കി. ഇതെന്തുകൊണ്ട് സംഭവിക്കുന്നു?

മിക്കവീടും ഒരു വർഷത്തെ കന്റെംപ്രറിയും അടുത്തവർഷം മുതൽ വേഷം മാറി ട്രണീഷനലും ആയി അദ്‌ഭുത പരിണാമം നടക്കുന്ന പ്രദേശമാണ് കേരളം.

ഇതെന്തുകൊണ്ട് സംഭവിക്കുന്നു?

ചില വീടുകൾ മുൻവശം മാത്രം കന്റെംപ്രറി പുറകുവശം മുഴുവൻ ഷീറ്റ് റൂഫിന്റെ പ്രളയം. പണ്ട് ഓടുവീടുകളിൽ ചെയ്യുന്ന ഒരു രീതിയുണ്ട്. മുൻവശത്ത് മാത്രം കോൺക്രീറ്റിൽ മുറികളുണ്ടാക്കും. പുറകുവശത്തെ ഓട് വീട് ആരും കാണാതെ നിലനിർത്തും.

ഇതെന്തുകൊണ്ട് സംഭവിക്കുന്നു?

കോൺക്രീറ്റിനോടുള്ള ഭയഭക്തിബഹുമാനവും കോൺക്രീറ്റ് വീടുള്ളവർക്ക് സമൂഹത്തിൽ കിട്ടുന്ന പരിഗണനയും പരിലാളനകളും ഡിസൈനർമാരുടെ പ്രേരണയും കാഴ്ചകളുണ്ടാക്കുന്ന ഇല്യൂഷനും ഒക്കെയാണ് കാരണം. മഴവരും, വീട് മുഴുവനായി മഴ നനയും. കാറ്റ് വരും, ജനാലയും വാതിലും ഭിത്തികളും നനയും. ഈ അവസ്ഥ ആരും മുൻകൂട്ടി കാണുന്നില്ല.

തലയുയർത്തി കളറടിച്ച് നിവർന്ന് നിൽക്കുന്ന വീടുകൾ, അടുത്ത കൊല്ലം ചൊറി പിടിച്ച് വിഷണ്ണനായി റോഡ്‌ വക്കത്ത് നിൽക്കുന്ന കാഴ്ചയെത്ര സങ്കടകരമാണ് വാസ്തവത്തിൽ. അങ്ങനെയാണ് ഷീറ്റ് റൂഫിലേക്ക് തിരിയാൻ ആളുകൾ നിർബന്ധിതരാവുന്നത്. ഷീറ്റ് റൂഫിന്റെ തണലിൽ അതിന്റെ ഔദാര്യത്തിൽ ഊന്നുവടിയിൽ നിൽക്കുന്ന കന്റെംപ്രറി വീടുകളാണിപ്പോഴത്തെ ട്രെൻഡെന്ന് വേണമെങ്കിൽ ആലങ്കാരികമായി പറയാം. 

ഫലമോ?

കോൺക്രീറ്റും ഷീറ്റ്റൂഫും ഒരു ചേർച്ചയുമില്ലാതെ മോരും മുതിരയും പോലെ ഇങ്ങനെ പരസ്പരം പഴിചാരി നിൽക്കും.

എന്താണ് പരിഹാരം?

അവിടെയാണ് നല്ലൊരു കൂടിയാലോചനയും ചർച്ചയും ഭാവനയും ഒക്കെ ഇഴയടുപ്പത്തോടെ പ്രവർത്തിക്കേണ്ടത്. മഴ വരും, കാറ്റ് വരും, വേനൽ വരും എന്നൊക്കെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടിവരും. അതിൽനിന്നൊക്കെ വീട് സ്വയം രക്ഷപ്പെടണം. അതിൽ നിന്നൊക്കെ വീട് നമ്മെയും സംരക്ഷിക്കണം.

അതിന് പറ്റുന്ന തരത്തിലൊക്കെ എത്ര ചെറിയ വീടും രൂപകൽപന ചെയ്യണം. അതിനുള്ള മാനസികവിശാലതയും ക്ഷമയും ഉടമസ്ഥനും ഡിസൈനറും കാണിക്കണമെന്നുമാത്രം. പ്ലാനിന്റെ പരപ്പിൽ നിന്ന് നേരെ എക്സിക്യൂഷനിലേക്ക് പോവാതെ A3 വലുപ്പത്തിൽ പ്ലാൻ പ്രിന്റെടുത്ത് മേശപ്പുറത്ത് നിവർത്തി വച്ച് സാങ്കൽപികമായി അതിലൂടെയെല്ലാം ഇരുന്നു നടന്നും മഴകണ്ടും കൊണ്ടും കിടന്നും മാത്രമല്ല വീട്ടിലെ ജോലികൾ പോലും നാം മനസിൽ കാണണം. തുണി അലക്കി ബക്കറ്റിലിട്ട് കൊണ്ടുവന്ന് ഉണക്കാനിടുന്നതു പോലും സാങ്കൽപികമായി ചെയ്യേണ്ടിവരും. അപ്പോഴറിയാം ഏത് പ്ലാനിന്റേയും തകരാറുകൾ.

അതിനുശേഷം മാത്രം പ്ലാൻ അംഗീകരിക്കുക. അതായത് പ്ലാൻ ആദ്യം അംഗീകരിക്കേണ്ടത് വീട്ടുടമസ്ഥരാവണമെന്ന് സാരം. ശേഷമാണ് മറ്റെല്ലാം. എല്ലാ പണിയും കഴിഞ്ഞ് തുണിയുണക്കാനായി മാത്രം ഒരു ഷീറ്റ് റൂഫ് പണിയാതിരിക്കുക.

വീട് വിഡിയോ കാണാം...

***ലേഖകൻ ഡിസൈനറാണ്. 

English Summary- Reason for Roofing Sheet trend in Kerala- Experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS