അടിത്തറ ശരിയല്ലെങ്കിൽ വീടുപണി മൊത്തംപാളും; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

house-foundation
Representative Image: Photo credit:georgeclerk /istock.com
SHARE

ഗൃഹനിർമാണത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഫൗണ്ടേഷന്‍ നിർമാണം. അടിത്തറ ശരിയായ വിധത്തിലല്ലെങ്കിൽ അത് കെട്ടിടത്തിന്റെ മുഴുവൻ ഘടനയെയും ഉറപ്പിനെയും തന്നെ ബാധിച്ചേക്കാം. വീടിന് അടിത്തറ കെട്ടുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ:

1. കോൺക്രീറ്റ് ഫൗണ്ടേഷൻ സംബന്ധിച്ച നിരീക്ഷണങ്ങൾക്കും തീരുമാനങ്ങൾക്കും എപ്പോഴും ഒരു സ്ട്രക്ചറൽ എൻജിനീയറുടെ സഹായം തേടുന്നതാണ് അഭികാമ്യം. ചെലവ് അൽപം കൂടുമെങ്കിലും നിർമാണത്തിലെ അപാകതകൾകൊണ്ട് ഭാവിയിൽ ഖേദിക്കാനിടവരുന്നതിനെക്കാൾ നല്ലത് അതാണ്. ചിലപ്പോൾ തറനിരപ്പിനു താഴേക്ക് ബേസ്മെന്റ് ഫ്ലോർ ആവശ്യമായി വരാം. 

2. വീടിന്റെ കോർണറുകൾ അടയാളപ്പെടുത്താനും മുനിസിപ്പാലിറ്റി ബിൽഡിങ് റൂൾ അനുശാസിക്കുന്ന സെറ്റ് ബാക്ക് ഉറപ്പുവരുത്താനും ഒരു സർവെയറുടെ സഹായം തേടേണ്ടതാണ്. ഇത്തരം കാര്യങ്ങളിലെ ചെറിയ അശ്രദ്ധകൾ മൂലം ഭാവിയില്‍ വന്നു ഭവിച്ചേക്കാവുന്ന ബുദ്ധിമുട്ടുകളെക്കാൾ നല്ലത് നിർമാണഘട്ടത്തിൽ അല്‍പം പണം ചെലവാക്കുന്നതാണ്. പില്ലറുകൾക്കു വേണ്ടിയുള്ള ഫൂട്ടിങ് തുടങ്ങുന്നതിനു മുമ്പു തന്നെ സർവെയർ പ്ലോട്ട് പരിശോധിക്കേണ്ടതാണ്. 

3. സർവെയർ വീടിന്റെ സ്ഥാനനിർണയം നടത്തിക്കഴിഞ്ഞാൽ, ഫൗണ്ടേഷനു വേണ്ടിയുള്ള കുഴിയെടുക്കൽ (എക്സ്കവേഷൻ) ആരംഭിക്കാം. ഇതോടൊപ്പം തന്നെ പ്ലംബിങ് കണക്ഷനായിട്ടുള്ള എക്സ്കവേഷനും നടത്താം. ഓരോന്നിനും അതതു വിദഗ്ധരുടെ സഹായം തേടുക. വാട്ടർ കണക്ഷൻ, ഡ്രെയ്നേജ്, സീവേജ് എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ പ്ലമർ നിര്‍വഹിക്കേണ്ടതുണ്ട്. നിർമാണത്തിന്റെ ഓരോ ഘട്ടവും ബന്ധപ്പെട്ട അതോറിറ്റിയുടെ പരിശോധനയ്ക്കു വിധേയമാക്കണം. 

4. ഫൗണ്ടേഷനിലേക്ക് ആവശ്യമായ മണൽ, മെറ്റൽ എന്നിവ തിരഞ്ഞെടുക്കുന്നത് പ്ലോട്ടിലെ മണ്ണിന്റെ ഗുണനിലവാരം നോക്കിയാണ്. പില്ലർ ഫൂട്ടിങ് ആവശ്യമാണെങ്കിൽ അതിനു മുമ്പായി നിർബന്ധമായും മണ്ണു പരിശോധന നടത്തണം. പ്ലോട്ടിലെ മണ്ണ് ഉറപ്പില്ലാത്തതാണെങ്കിലോ ഭൂനിരപ്പ് ഉയർത്തണമെങ്കിലോ മണലിനു പുറമേ അധികം മണ്ണും ആവശ്യമായി വരും. ഇതിലേക്കു തിരഞ്ഞെടുക്കുന്ന മണ്ണിന്റെ ഗുണനിലവാരം പ്‌ളോട്ടിലേതിനു സമാനമായിരുന്നാൽ ഏറ്റവും നല്ലത്. ഫൗണ്ടേഷൻ നിർമാണത്തിനു മുമ്പായി മണ്ണ് ഉറപ്പിച്ച്, നിരപ്പാക്കി, ആവശ്യമായ ലെവലുകൾ സ്ഥിരപ്പെടുത്തണം. ഓരോ ഘട്ടവും ശരിയായ വിധത്തിലും ക്രമത്തിലും നടക്കുന്നു എന്നു തീർച്ചപ്പെടുത്തുക. 

5. ഫൗണ്ടേഷനിലേക്കുള്ള അസംസ്കൃത വസ്തുക്കൾ (മെറ്റൽ ഉൾപ്പെടെ) അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നു മാത്രം വാങ്ങുക. പ്രസ്തുത സ്ഥാപനങ്ങൾ നിർമാണസമയത്ത് ആവശ്യമുള്ളത്ര ലഭ്യമാക്കുന്നുണ്ടെന്നുറപ്പു വരുത്തുക. കോൺക്രീറ്റു ചെയ്യുന്നതിനു മുമ്പ് ഫൗണ്ടേഷനിൽ പ്ലമിങ് ജോലികൾ ഒന്നുംതന്നെ ബാക്കിയെല്ലെന്ന് വിദഗ്ധരെ കണ്ട് ഉറപ്പാക്കണം. 

6. ഭൂനിരപ്പിനു താഴെയുള്ള പ്രധാന അസ്തിവാരത്തിന് വാട്ടർപ്രൂഫ് അത്യാവശ്യമാണ്. എൻജിനീയറുടെ അഭിപ്രായവും മണ്ണിന്റെ ഗുണനിലവാരവും അനുസരിച്ച് വാട്ടർപ്രൂഫ് പാളിയുടെ കൂടെ ഒരു കെമിക്കൽ ലെയർ അത്യാവശ്യമാണ്. ചിതൽ മുതലായവയിൽ നിന്നുള്ള സംരക്ഷണത്തിന് ഇത് ഉപകരിക്കും. 

7. ഏറ്റവും ശ്രദ്ധയോടെ കുറ്റമറ്റ രീതിയിലുള്ള ഫൗണ്ടേഷൻ വീടിന് അത്യന്താപേക്ഷിതമാണ്. ചെലവ് അൽപ്പം കൂടിയാലും വിദഗ്ധരായ പ്രഫഷനലുകളെത്തന്നെ ആ ജോലി ഏൽപ്പിക്കുക. വീടുകളെ സംബന്ധിച്ച് ആർഭാടമുള്ള കാര്യമല്ല ഫൗണ്ടേഷൻ, അത്യാവശ്യം വേണ്ട ഒന്നാണ്. അതുകൊണ്ടുതന്നെ ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കളും നിർമാണസാമഗ്രികളും ഉപയോഗിക്കുക. കോൺക്രീറ്റിനും മറ്റും ഗുണനിലവാരമുള്ള സ്റ്റീൽ ഉപയോഗിക്കണം. നല്ല സ്റ്റീൽ ഉപയോഗിക്കുന്നതിലൂടെ വിള്ളലുകളും മറ്റു പ്രശ്നങ്ങളും എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്.

English Summary- Basement in House construction- Important things to know

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS