അയൽ പുരയിടത്തിനോട് ചേർന്നു കെട്ടിടം നിർമിക്കാമോ? അറിയണം നിയമങ്ങൾ

img
Representative Image: Photo credit:Priya darshan /istock.com
SHARE

 • കെട്ടിടം നിര്‍മിക്കുമ്പോൾ റോഡിൽ നിന്നും എത്ര അകലം നൽകണം?

കെട്ടിടനിർമാണ ചട്ടങ്ങൾ (KMBR-2019,  KPBR-2019) പ്രകാരം  എൻ.എച്ച്. എസ്. എച്ച്, ജില്ലാ റോഡുകൾ, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി വിജ്ഞാപനം ചെയ്ത റോഡുകൾ, 6 മീ. വീതിയിൽ കൂടുതലുള്ളതും വിജ്ഞാപനം ചെയ്തിട്ടില്ലാത്തതുമായ മറ്റു റോഡുകള്‍ എന്നിവയിൽ നിന്നും കുറഞ്ഞ അകലം 3 മീറ്ററും, വിജ്ഞാപനം ചെയ്തിട്ടില്ലാത്തതും 6 മീ. വീതിയില്‍ കുറവുള്ളതുമായ മറ്റു റോഡുകളിൽ നിന്നും കുറഞ്ഞ അകലം 2 മീറ്ററും കെട്ടിടം നിർമിക്കുമ്പോൾ നല്‍കേണ്ടതാണ്. എന്നാൽ ടൗൺ പ്ലാനിങ് സ്കീം നിലവിലുള്ളിടത്ത് ആയത് പ്രകാരമുള്ള അകലം നൽകേണ്ടതുമാണ്. 

• അയൽ പുരയിടത്തിനോട് ചേർന്നു കെട്ടിടം നിർമിക്കാമോ? അങ്ങനെ നിർമിക്കാമെങ്കിൽ ആ വശങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തുറക്കലുകൾ നൽകാമോ? / കെട്ടിടം അതിരിനോട് ചേർത്ത് നിർമിക്കാനുള്ള വ്യവസ്ഥയുണ്ടോ?

പാർപ്പിടം, സ്പെഷ്യൽ റസിഡൻഷ്യൽ, വാണിജ്യം എന്നീ വിനിയോഗ ഗണങ്ങളിൽ ഉൾപ്പെട്ടതും 7 മീറ്റർ വരെ ഉയരമുള്ളതുമായ കെട്ടിടങ്ങൾക്ക് അയൽപുരയിടത്തിന്റെ ഉടമസ്ഥന്റെ സമ്മതപത്രത്തോടു കൂടി ഏതെങ്കിലും പാർശ്വഭാഗത്തോ പിൻഭാഗത്തോ അല്ലെങ്കിൽ രണ്ടിലുമോ കെട്ടിടം അതിരിനോട് ചേർത്ത് നിർമിക്കാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ ചേർത്ത് നിർമിക്കുന്ന കെട്ടിടത്തിന്റെ വശങ്ങളിൽ ജനൽ, വെന്റിലേറ്റർ എയർഹോൾ പോലെയുള്ള തുറക്കലുകൾ ഒന്നും തന്നെ നൽകാൻ പാടില്ലാത്തതുമാണ്. ഇങ്ങനെ അയൽ ഉടമസ്ഥന്റെ സമ്മതപത്ര പ്രകാരം അതിരിനോട് ചേർത്ത് നിർമിച്ചാൽ ഈ അയൽ ഉടമസ്ഥന് അപേക്ഷകന്റെ സമ്മതപത്രമില്ലാതെ തന്നെ അപേക്ഷകന്റെ പുരയിടത്തിനോട് ചേർത്ത് മേൽ വിവരിത ഗണത്തിൽപെട്ട നിർമാണം നടത്താവുന്നതാണ്. 

• കെട്ടിടത്തിനു ചുറ്റും ചട്ടപ്രകാരം നൽകേണ്ട തുറസ്സായ സ്ഥലത്ത് മുഴുവനായും തറയോട് പാകാമോ?

ചട്ടപ്രകാരം കെട്ടിടത്തിനു ചുറ്റും നൽകേണ്ട തുറസ്സായ സ്ഥലത്തിന്റെ പകുതി സ്ഥലത്ത് മാത്രമേ തറയോട് പാകുവാൻ പാടുള്ളൂ. എന്നാൽ തുറസ്സായ സ്ഥലം മുഴുവനായും തറയോട് പാകുന്നുവെങ്കിൽ മഴവെള്ളം ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങാൻ അനുവദിക്കുന്ന തരത്തിലുള്ള വസ്തുക്കളാൽ തറ പാകേണ്ടതാണ്. 

 • ജലാശയങ്ങളുടെ സമീപത്തുള്ള നിർമാണങ്ങൾക്ക് കെട്ടിട നിർമാണ ചട്ടങ്ങളിൽ ദൂരപരിധി നിഷ്കർഷിക്കുന്നുണ്ടോ?

കെട്ടിടനിർമാണ ചട്ടങ്ങളിൽ പ്രത്യേകം നിഷ്കർഷിച്ചിട്ടില്ല. എന്നാൽ മറ്റു ചട്ടങ്ങളിലോ/ നിയമങ്ങളിലോ/ അംഗീകൃതപ്ലാനുകളിലോ, മറ്റു നിയമപരമായ വ്യവസ്ഥകളിലോ വ്യവസ്ഥ ചെയ്തിട്ടുള്ള നിയന്ത്രണം പാലിക്കേണ്ടതാണ്. 

• ചെറുപ്ലോട്ടുകളിലെ (125 sqm ൽ കവിയാത്ത വിസ്തീർണമുള്ള പ്ലോട്ടുകൾ) കെട്ടിടങ്ങൾ പ്ലോട്ടതിർത്തിയോടു ചേർത്തു നിർമിക്കാമോ?

നിർമിക്കാം. കെട്ടിടത്തിന്റെ ഉയരം 7 മീറ്ററിൽ നിജപ്പെടുത്തുകയാണെങ്കിൽ ചട്ടം 26(4) പ്രകാരം പ്ലോട്ടതിർത്തിയോട് േചർത്തു നിർമിക്കാം.

വിവരങ്ങൾക്ക് കടപ്പാട്- കെട്ടിടനിർമാണ ചട്ടങ്ങൾ (KMBR-2019,  KPBR-2019)

വീട് വിഡിയോസ് കാണാം...

English Summary- Kerala Building Rules- Things to know while construction

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS