പറമ്പ് വൃത്തിയാക്കാൻ ഭായ്മാരെ കിട്ടിയില്ല; പകരം പരിചയക്കാരെ വിളിച്ചത് അബദ്ധമായി; അനുഭവം
Mail This Article
കഴിഞ്ഞ രണ്ടാഴ്ചയായി ഭാര്യ എന്നെ സ്വൈര്യം കെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ദിവസവും വൈകിട്ട് വിളിക്കുമ്പോൾ പരാതികളുടെ കെട്ടഴിക്കലാണ്!
" എന്റെ മനുഷ്യാ... നിങ്ങളീ വീട്ടീന്ന് അവസാനം ഇറങ്ങിപ്പോയിട്ട് 45 ദിവസം കഴിഞ്ഞു. ഇവിടെ പറമ്പ് മൊത്തം കാട് പിടിച്ച് ഒരു പരുവമായി... സ്നേക്സിന്റെ ശല്യവും" ....
ഞാൻ പഠിച്ചത് ഗവൺമെന്റ് സ്കൂളിൽ മലയാളം മീഡിയത്തിലാണെങ്കിലും ഭാര്യ ഏതോ കോൺവെന്റിന്റെ മുറ്റത്തുകൂടിയെങ്ങാണ്ട് പോയിട്ടുള്ളതിനാൽ എന്തേലും പറയുമ്പോൾ ഓരോ ഇംഗ്ലീഷ് വാക്കുകൾ തട്ടിവിടാറുണ്ട്... ഓ മൈ ഗോഡ്...അൺ ബിലീവബിൾ എന്നൊക്കെ... ആര് മൈൻഡ് ചെയ്യുന്നു?... ഞാനാകട്ടെ വല്ലപ്പേഴുമൊക്കെ ഉപയോഗിക്കാറുള്ളത് ''ചിയേഴ്സ് " പിന്നെ "താങ്ക് യൂ " ..
അതവിടെ നിൽക്കട്ടെ!...
പറമ്പിൽപണി അറിയാവുന്ന പറ്റിയ അതിഥിത്തൊഴിലാളികളെ കിട്ടാതെ വലയുമ്പോഴാണ് രാവിലെരണ്ടുപേർ എത്തിയത്. കളത്തിൽ മുസ്തഫയും, ചീരങ്ങാട്ട് മത്തായിച്ചനും!
രണ്ടാളും രാവിലെ ഇൻഡ്യൻ സമയം 8 am ന് തന്നെ എത്തി. ജോലിക്കാരുടെ ടേംസ് ആൻഡ് കണ്ടീഷൻസ് ആദ്യമേതന്നെ ചോദിക്കണമെന്ന് ഭാര്യ പ്രത്യേകം സൂചിപ്പിച്ചിരുന്നു.
" അത് ...ആദ്യം ചായ... പാല് ശകലം കൂടിയാലും മധുരം കുറയ്ക്കണ്ട... തിളപ്പിച്ചാറിയ വെള്ളം ഒരു കലം... ഉച്ചയൂണിന് വറുത്ത മീൻ ... കറിവച്ചത് അത്ര നിർബന്ധമില്ല.... വൈകിട്ട് 3.30 ന് കട്ടൻ കാപ്പി.... പാൽച്ചായ 5 മണിക്ക് മതി.... പിന്നെ പണി സാധനങ്ങൾ നല്ല കണ്ടീഷനായിരിക്കണം.... പിന്നെ റേറ്റ്, ഒരാൾക്ക് ആയിരം വച്ച്... കൂടുതൽ തന്നാൽ സന്തോഷം.'. ഓണമൊക്കെയല്ലേ വരുന്നത്.... ഓണപ്പങ്ക് ഇപ്പോൾത്തന്നെ വേണമെന്നില്ല"....
ഞാൻ വീട്ടിലുള്ള പണിസാധനങ്ങളെല്ലാം എടുത്തുകൊടുത്തു. തൂമ്പ, മൺവെട്ടി, കോട്ട്, പിക്കാക്സ്, കോടാലി, പിച്ചാത്തി, വെട്ടുകത്തി... പതിനഞ്ച് മിനിട്ടിനുള്ളിൽ ആയുധശേഖരങ്ങളെല്ലാം പരിശോധിച്ചതിൽ അവർ അതൃപ്തി രേഖപ്പെടുത്തി. പഴം മുറിച്ചാൽ മുറിയാത്ത പിച്ചാത്തിയെന്ന് കേട്ടത് ഭാര്യക്ക് ഇഷ്ടപ്പെട്ടില്ല. കാരണം ഇന്നലെ വൈകിട്ടും കൂടി ഏത്തപ്പഴം പുഴുങ്ങിയത് മുറിച്ച് പീസ്പീസാക്കിയത് ഈ പിച്ചാത്തിവച്ചായിരുന്നുവത്രെ!...
ആയുധപരിശോധനയ്ക്ക് ശേഷം ആയിരുന്നു സ്ഥല പരിശോധന. ലൈനിൽ വാഴയില സ്പർശിച്ച് കരിഞ്ഞ ഫാഷനിൽ നിൽക്കുന്നത് കണ്ടതും രണ്ടു പേരുടെയും രക്തം തിളച്ചു.
" നിങ്ങൾ ഒരു കെ.എസ്.ഇ.ബി ക്കാരനല്ലേ?.. ലൈനിനടുത്ത് വാഴ പാടില്ലെന്നറിയില്ലേ?... ഞങ്ങൾ ഇതിന്റെ ചുവട്ടിൽനിന്ന് പണിയേണ്ടതല്ലേ?... എത്ര നാളായി ഈ വാഴ വച്ചിട്ട്?...
"വച്ച ഡേറ്റ് ഞാൻ ഓർക്കുന്നില്ല.... ഏതാണ്ട് ഛായാമുഖിയെന്നോ എങ്ങാണ്ടാണ് ഇതിന്റെ പേര്...വച്ചിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും കുലച്ചിട്ടില്ല"....
എന്റെ മറുപടി തൃപ്തികരമായതിനാൽ രണ്ടു പേരും രൂക്ഷമായിട്ട് എന്നെ ഒന്ന് നോക്കി. ഞാൻ ഒരു കയറിന്റെ അറ്റത്ത് ഒരു കല്ല് ഒക്കെ കെട്ടി മുകളിലൂടെ എറിഞ്ഞ് വലിച്ച് ടച്ചിങ് ഒരുവിധം ഒഴിവാക്കി. ഭാര്യ കുറെയകലെ ദേഷ്യപ്പെട്ട് നോക്കി നിൽക്കുന്നുമുണ്ട്. കൈ കൊണ്ട് , അങ്ങോട്ട് ചെല്ലാൻ ആംഗ്യം കാണിച്ചതിനാൽ ഞാൻ പതിയെ അടുത്തുചെന്നു.
"ഇതൊക്കെ നിങ്ങളെന്തിനാ ചെയ്യുന്നത്?.. അവര് ചെയ്യേണ്ട പണിയല്ലേ?"...
" ശരിയാണ്....ഞാനല്ലേ കാശ് കൊടുക്കുന്നത്?.. ഇതവരല്ലേ ചെയ്യണ്ടത്?"..
''പസ്റ്റ്... ഇതെന്നോടല്ല ചോദിക്കണ്ടത്.... പോയി അവരോട് ചോദിക്ക്!"
"നീയൊന്ന് മിണ്ടാതിരിക്ക്....എങ്ങനെയെങ്കിലും പണി തീരട്ടെ!"...
8.40 am ആയപ്പോഴേക്കും സ്ഥലപരിശോധന പൂർത്തിയാക്കിയിട്ട് മുസ്തഫ ചോദിക്കുകയാണ്.
"ഈ സ്ഥലം മൊത്തത്തിൽ എത്ര സെന്റുണ്ട്?"...
28 സെന്റ് എന്ന് കേട്ടതും അടുത്ത ഡയലോഗ്....'' സ്വന്തമായി വാങ്ങിയതാണോ?. "
അപ്പനപ്പൂപ്പൻമാരുടെ വകയായിരുന്നെന്നും, തൽക്കാലം ഞാൻ നോക്കി നടത്തുന്നുവെന്നേയുള്ളു എന്നും ഞാൻ ബോധിപ്പിച്ചു.
"ഇവിടെയടുത്ത് ഈയിടെ എന്റെ ഇടപാടിൽ ഒരു സ്ഥലം വിറ്റുപോയത് സെൻ്റിന് 4.25 ലക്ഷം വെച്ചാ... ഒന്ന് കൂട്ടിക്കേ?"...
മുസ്തഫ ക്വിസ് പ്രോഗ്രാം അവസാനിപ്പിക്കുന്ന മട്ടില്ല.
"നീ ആ കാൽക്കുലേറ്റർ ഇങ്ങെടുക്ക്.... സ്ഥലത്തിന്റെ മതിപ്പുവില ഇവർ ചോദിച്ചു. "
" അതിന് അവര് സ്ഥലം വാങ്ങാൻ വന്നതല്ലല്ലോ... പറമ്പിൽ പണിയാൻ വന്നതല്ലേന്ന് അങ്ങോട്ട് ചോദിക്ക് "...
"ശരിയാണല്ലോ.... നീ കാൽക്കുലേറ്റർ എടുക്കണ്ട... അവര് വേണേൽ മനസ്സിൽ കൂട്ടട്ടെ!...ഹല്ല... പിന്നെ!"...
ഏതായാലും പിന്നീട് കുറേ നേരത്തേയ്ക്ക് ചോദ്യങ്ങളൊന്നും ഉണ്ടായില്ല. രണ്ടുപേരും ഒരുമിച്ചുനിന്ന് സംസാരിച്ച് സമയം കളയാതിരിക്കാൻ, രണ്ട് പേരെയും പറമ്പിന്റെ രണ്ടിടത്തേക്ക് വിടാൻ ഞാൻ നടത്തിയ ശ്രമം വിജയിച്ചില്ല എന്നുവേണം പറയാൻ.
ഉച്ചയൂണിന് പിരിയുന്ന സമയമായപ്പോഴേക്കും ഒരു ചെറിയ കടമുറിയുടെയത്രയും ഏരിയവരുന്ന ഭാഗം വൃത്തിയാക്കിക്കഴിഞ്ഞിരിക്കുകയാണ്. അതെ, 'ജാഥ ഒരു പോയിന്റ് കടക്കാൻ ഒരു മണിക്കൂർ എടുത്തു' എന്നൊക്കെ വെറുതെ പറയുന്നതല്ല എന്ന് മനസിലായി.
ഒരു കാര്യം പറയാൻ വിട്ടുപോയി. ബംഗാളികളെ പണിക്ക് നിർത്തിയാലുള്ള ഭവിഷ്യത്തുകളെപ്പറ്റിയും ഈ ജോലിത്തിരക്കിനിടയിൽ രണ്ടാളും എന്നെ വേണ്ട വിധം ഉപദേശിക്കുന്നുണ്ട്. പിന്നെ നമ്മുടെ നാട്ടിൽത്തന്നെ നമ്മുടെ സമ്പത്ത് ഒരു ചെയിൻ ആയി സർക്കുലേറ്റ് ചെയ്യേണ്ടതിനെപ്പറ്റിയും.... അതായത് ഞാൻ ഇവർക്ക് പൈസ കൊടുക്കുന്നു.... ഇവർ കടക്കാരനും ചിട്ടിക്കാരനും കൊടുക്കുന്നു.... ചിട്ടിക്കാരൻ ഷാപ്പിൽ കൊടുക്കുന്നു.... ഷാപ്പ് മുതലാളി , അവിടെ ജോലി ചെയ്യുന്ന മുസ്തഫയുടെ മകന് കൊടുക്കുന്നു.... അങ്ങനെ മുസ്തഫയുടെ കൈകളിലേക്ക് തന്നെ ഈ പൈസ എത്തുകയാണന്നും എനിക്ക് ക്ലാസെടുത്തു...
അഞ്ചു മണി ആയാലേ ഏകദേശചിത്രം ലഭിക്കൂ. കാത്തിരുന്ന് കാണാം.... അല്ലേ!
***
വീടും വസ്തുവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കാം.
customersupport@mm.co.in ലേക്ക് അയച്ചുതരൂ. യോഗ്യമായവ പ്രസിദ്ധീകരിക്കും
English Summary- Malayali Workers House Plot Cleaning Experience