ADVERTISEMENT

വീടുപണിയിൽ പോക്കറ്റ് കാലിയാക്കുന്ന മൂന്നിനങ്ങളാണ് സിമന്റ്, മണൽ, കമ്പി. പണച്ചെലവോർത്ത് ഇവ ഒഴിവാക്കിക്കൊണ്ട് വീടുപണി നടത്താനും ആകില്ല. മാത്രമല്ല, ലാഭം നോക്കി ഗുണമേന്മയില്ലാത്തവ ഉപയോഗിച്ചാൽ കെട്ടിടത്തിന്റെ ഉറപ്പിനെ തന്നെ അതു സാരമായി ബാധിക്കുകയും ചെയ്യും. ഇവയുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടുളള ബദല്‍ വിദ്യകൾക്കു മുൻഗണന നൽകുകയാണ് ഉചിതം. 

മണൽക്ഷാമവും ബദലുകളും

മണലിന്റെ തീവിലയെക്കാൾ നിർമാണ മേഖലയെ വലയ്ക്കുന്ന പ്രതിസന്ധി നല്ല മണൽ കിട്ടാനില്ല എന്നതാണ്. കാലടി മണലും പട്ടാമ്പി മണലുമാണ് മണലിലെ രാജാക്കന്മാർ. പലയിടത്തും പല വിലയാണ് മണലിന് ഈടാക്കുന്നത്. മണലിന്റെ ദൗർലഭ്യം രൂക്ഷമായതിനാൽ പലരും ഇപ്പോൾ ഉപയോഗിക്കുന്നത് പാറമണൽ ആണ്. പണ്ട് അധികം വിലയില്ലാത്ത പാറമണലും വിപണിയുടെ അനുകൂലാവസ്ഥ കണക്കിലെടുത്ത് വില വർധിപ്പിച്ചിരിക്കുന്നു. മണലിനു പകരം ഉപയോഗിക്കുന്ന മറ്റൊരു മെറ്റീരിയലാണ് വോൾകാനിക് ഗ്ലാസ്. 100 ലീറ്റർ വോൾകാനിക് ഗ്ലാസ് ഉപയോഗിച്ച് 20 എം എം കനത്തിൽ സീലിങ് പ്ലാസ്റ്റർ ചെയ്താൽ 60 സ്ക്വയർ ഫീറ്റ് ചെയ്യാൻ പറ്റും. 100 ലീറ്റർ ഉപയോഗിച്ച് ഭിത്തി 12 എംഎം കനത്തിൽ പ്ലാസ്റ്റർ ചെയ്താൽ 80 സ്ക്വയർ ഫീറ്റ് ചെയ്യാൻ സാധിക്കും. 

 

പാറമണൽ ഉപയോഗിക്കുമ്പോൾ 

മണലും സിമന്റും കൂട്ടിക്കുഴച്ചുള്ള കൂട്ടിന്റെ ബലമാണ് വീടിന്റെ അടിസ്ഥാന ഘടകം. മണലിനു ക്ഷാമം നേരിട്ടു തുടങ്ങിയതോടെ സിമന്റിനൊപ്പം കൂട്ടിനായി ഉപയോഗിക്കുന്നത് മാനുഫാക്ചേര്‍ഡ് സാൻഡ് അഥവാ ശാസ്ത്രീയമായി നിർമിക്കപ്പെട്ട പാറമണലാണ്. വലിയ പാറക്കഷ്ണങ്ങൾ പൊടിച്ച് 0.2 മൈക്രോണിൽ താഴെയുള്ള കഷണങ്ങളാക്കി വ്യാവസായിക അടിസ്ഥാനത്തിലാണ് പാറമണൽ നിർമിക്കുന്നത്. 4.5 എംഎം തൊട്ട് 160 മൈക്രോൺ വരെയാണ് ഇതിന്റെ തരിവണ്ണം. ക്രിസ്റ്റൽ രൂപത്തിലാണ് പാറമണൽ നിർമാണപ്രക്രിയയ്ക്കായി കൊണ്ടുവരികയെന്നുള്ളതുകൊണ്ട് സിമന്റിന് നല്ല ഉറപ്പ് കിട്ടാനും ഇത് സഹായിക്കും. സാധാരണ പാറപ്പൊടി കോൺക്രീറ്റിന് ഉപയോഗിച്ചാൽ വിള്ളലുണ്ടാകും. ഇതു കെട്ടിടത്തിന്റെ ബലത്തെ ബാധിക്കും. അതുകൊണ്ട് മായം ചേർക്കാത്ത ഗുണമേന്മയുള്ള പാറമണൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. സെറ്റിങ് കപ്പാസിറ്റി ഉള്ളതിനാൽ പാറമണൽ ഉപയോഗിച്ചു പ്ലാസ്റ്റർ ചെയ്ത ചുമരിൽ പെയിന്റിങ്ങും എളുപ്പത്തിൽ ചെയ്യാൻ കഴിയും. 

 

പ്രീ മിക്സ് സിമന്റ് പ്ലാസ്റ്റർ

സിമന്റ് പ്ലാസ്റ്റർ രംഗത്തെ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുകയാണ് പ്രീമിക്സ് സിമന്റ് പ്ലാസ്റ്റർ. സാധാരണഗതിയിൽ സിമന്റ് കൂട്ട് ഉണ്ടാക്കാൻ കൃത്യമായ അളവിൽ സിമന്റും മണലും കൂട്ടിക്കുഴച്ച് ഭിത്തിയിൽ േതച്ചുമിനുക്കുകയായിരുന്നു. എന്നാൽ ഇന്ന് റെഡി ടു യൂസ് രൂപത്തിലുള്ള സിമന്റ് കൂട്ട് വിപണിയിൽ ലഭ്യമാണ്. ഇതിനെയാണ് 'പ്രീ മിക്സ് സിമന്റ് പ്ലാസ്റ്റർ' എന്നു വിളിക്കുന്നത്.

സിലിക്ക, സിമെന്റ്, പാറമണൽ അതുപോലെ ലഭ്യമായിട്ടുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് പ്രീമിക്സ് സിമന്റ് തയാറാക്കുന്നത്. പക്ഷേ, ഈ ജോലി ചെയ്യാൻ പരിചയസമ്പന്നരായ പണിക്കാർ ഇല്ലാത്തതു കൊണ്ടും ഉപകരണം കൊണ്ടുവരാനുള്ള ബുദ്ധിമുട്ടുകളും കാരണം കേരളത്തിൽ അത്ര പ്രോത്സാഹിപ്പിക്കപ്പെടുന്നില്ലെങ്കിലും ഇവിടെ ഇത്തരം മിക്സ്ചറുകൾ ഉണ്ടാക്കാറുണ്ട്. സിമന്റും മണലും വെള്ളവും ചേർത്തുണ്ടാക്കിയ ഒരു ഇൻസ്റ്റന്റ് കൂട്ടാണിത്. ഇതിനെ നേരിട്ട് ഭിത്തിയിലേക്കു പതിപ്പിക്കാം. പണച്ചെലവ് കുറവായിരിക്കും. എന്നതാണ് ഇവയുടെ പ്രത്യേകത. ഇടയ്ക്ക് വിടവുണ്ടാകാതിരിക്കാനായി പശയും ഉപയോഗിക്കുന്നു. വെള്ളനിറത്തിലുള്ള പൗഡർ ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത് എന്നതിനാൽ അകത്തെ ഭിത്തിക്ക് നല്ല ഫിനിഷിങ്ങും ലഭിക്കും.

English Summary- Sand, Cement Selection for House Construction- Things to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com