ഭവനനിർമാണവുമായി ബന്ധപ്പെട്ട നിയമങ്ങൾ അറിയാം.
• ഉടമസ്ഥനു കെട്ടിട പ്ലാൻ തയാറാക്കി സമർപ്പിക്കാമോ? ഒരു ലൈസൻസി / ആര്‍ക്കിടെക്ടിന്റെ സേവനം അത്യാവശ്യമാണോ?
കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം ഉടമസ്ഥനു കെട്ടിടത്തിന്റെ പ്ലാൻ തയാറാക്കി സമർപ്പിക്കാനാവില്ല. ചട്ടം 6 (14) പ്രകാരം അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന എല്ലാ പ്ലാനുകളിലും, ഡ്രോയിങ്ങുകളിലും വിവരണങ്ങളിലും അപേക്ഷകനോടൊപ്പം രജിസ്റ്റേർഡ് ലൈസൻസിയുടെ സാക്ഷ്യപ്പെടുത്തലും ഒപ്പും ഉണ്ടാകേണ്ടതാണ്. എന്നാൽ ഉടമസ്ഥൻ, രജിസ്റ്റേർഡ് ലൈസൻസിയാണെങ്കിൽ സ്വന്തം അപേക്ഷയിൽ ഒപ്പിട്ട് സമർപ്പിക്കാവുന്നതാണ്.
• പുരയിടത്തിന്റെ ഉടമസ്ഥത തെളിയിക്കുന്നതിനായി ഏതൊക്കെ രേഖകളാണ് ബിൽഡിങ് പെർമിറ്റിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്?
വില്ലേജ് ഓഫീസർ നൽകുന്ന സ്ഥലത്തിന്റെ കരം തീർത്ത രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ പ്രമാണം എന്നിവയാണ് പ്ലോട്ടിന്റെ ഉടമസ്ഥത തെളിയിക്കുന്നതിനായി ബിൽഡിങ് പെർമിറ്റിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്.
• കെട്ടിട നിർമാണത്തിന് അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
ചട്ടം 5(1) പ്രകാരം അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ പ്രമാണം, വില്ലേജ് ഓഫീസർ നൽകുന്ന കരം അടച്ച രസീതും കൈവശാവകാശ സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, ഷെഡ്യൂൾ 1 പ്രകാരം അപേക്ഷാഫീസ് ഒടുക്കിയതിനുള്ള രേഖകൾ, ലൈസൻസിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കോടതി വ്യവഹാരങ്ങൾ ഉണ്ടെങ്കിൽ ആയതിന്റെ രേഖകൾ, ജോയിന്റ് വെഞ്ച്വർ വികസനമാണെങ്കിൽ ഭൂഉടമയും ഡെവലപ്പറും തമ്മിലുള്ള കരാറിന്റെ പകർപ്പ് എന്നിവ സഹിതം നിശ്ചിത അപേക്ഷാഫോറത്തിൽ സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ചട്ടം 6 ൽ പറഞ്ഞിരിക്കുന്ന പ്ലാനുകൾ, ടി ചട്ടത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരം തയാറാക്കി സമർപ്പിക്കണം. പ്ലാനുകളിൽ അപേക്ഷകനും ലൈസൻസിയും ഒപ്പിട്ടിരിക്കണം. അപേക്ഷകന്റെ വിലാസം, ലൈസൻസിയുടെ രജിസ്ട്രേഷൻ നമ്പർ എന്നിവ പ്ലാനിൽ വ്യക്തമാക്കിയിരിക്കണം. FSI, Coverage, Parking എന്നിവയുടെ calculation പ്ലാനിൽ രേഖപ്പെടുത്തി സമർപ്പിക്കണം.
***വിവരങ്ങൾക്ക് കടപ്പാട്- കെട്ടിടനിർമാണ ചട്ടങ്ങൾ (KMBR-2019, KPBR-2019)
English Summary- Applying for Building Permit- Rules to Know