അയൽക്കാരന്റെ കണ്ണിലൂടെ നോക്കി വീടുപണിയരുത്!

house-tips
Representative Image: Photo credit:jhorrocks/istock.com
SHARE

അയൽക്കാരന്റെ കണ്ണിലൂടെ നോക്കി കണ്ടാണ് പലരും വീടു വയ്ക്കുന്നത്. പുറംകാഴ്ചയുടെ സൗന്ദര്യവും ആഡംബരവുമൊക്കെ മുഖവിലയ്ക്ക് എടുത്തു വീടുപണിയുമ്പോൾ അവ വീട്ടുകാരുടെ സ്വപ്നങ്ങളോട് കൂറു പുലർത്തിക്കൊള്ളണമെന്നില്ല. അയൽവീട്ടിലെ സൗകര്യങ്ങളെ വെല്ലുന്ന രീതിയിലല്ല, വീട്ടുകാരുടെ മനസ്സിനും ആവശ്യങ്ങൾക്കും ബജറ്റിനും ഇണങ്ങിയ രീതിയിൽ വീട് വയ്ക്കുന്നതാണ് ബുദ്ധിപൂർവമായ സമീപനം.

തന്റെ കുടുംബത്തിന് എന്താണു വേണ്ടതെന്ന വ്യക്തമായ ധാരണ വീട്ടുടമസ്ഥന് ഉണ്ടായേ തീരൂ. എത്ര? എങ്ങനെ? എന്തു വിലയ്ക്ക്? ഈ മൂന്നു ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ വീടുപണി കൃത്യം ബജറ്റിൽ നിൽക്കും. ഭൂമി വാങ്ങുമ്പോൾ മുതല്‍ മുറ്റത്തെ പൂന്തോട്ടം ഒരുക്കുന്നതിൽ വരെ ഈ സൂക്ഷ്മത പുലർത്തിയാൽ പോക്കറ്റ് ചോരുകയും ഇല്ല. 

പലരിൽ നിന്നും പലപ്പോഴായി സ്വരൂപിച്ച അഭിപ്രായങ്ങളും മനസ്സിലിട്ടാണ് ഭൂരിഭാഗം പേരും വീടു പണിയാൻ ഒരുങ്ങുന്നത്. നമ്മുടെ മനസ്സിലെ വ്യക്തമായൊരു ആശയത്തെപ്പോലും ചിലപ്പോൾ മറ്റുള്ളവരുടെ ഇടപെടലുകൾ മായ്ച്ചു കളഞ്ഞേക്കാം. അങ്ങനെ നിരവധി അഭിപ്രായങ്ങൾ കേട്ട് വ്യക്തമായൊരു തീരുമാനത്തിൽ എത്തിച്ചേരാനാവാതെ, പ്ലാനും ബജറ്റും ബാലൻസ് ചെയ്യാനാകാതെ താളം തെറ്റിപ്പോയ ധാരാളം അനുഭവസ്ഥരെ നമുക്കു ചുറ്റും കാണാൻ സാധിക്കും. നല്ല രീതിയിൽ ഹോംവർക്ക് ചെയ്യുക എന്നതാണ് ഇത്തരം പ്രശ്നങ്ങൾക്കുള്ള ഏക പ്രതിവിധി. കണക്കാക്കിയ ബജറ്റിന്റെ 25 ശതമാനം പണം കൂടുതലായി കയ്യിൽ കരുതി വേണം വീടുപണിക്ക് ഇറങ്ങാൻ. നമ്മൾ പ്രതീക്ഷിക്കാത്ത ചെലവുകളും ദിനംപ്രതിയെന്ന കണക്കില്‍ കുതിച്ചുയരുന്ന നിർമാണസാമഗ്രികളുടെ വിലയുമെല്ലാം വീടുപണിയിലെ അപ്രതീക്ഷിത വില്ലനായേക്കാം. അതിനാൽ ഇത്തരമൊരു മുൻകരുതൽ കൂടിയേ തീരൂ. 

 

പാർപ്പിട സാക്ഷരത വേണം

വസ്തുക്കൾ കൃത്യമായി മനസ്സിലാക്കി ഹോം വർക്ക് ചെയ്തു വേണം വീടുപണിക്ക് ഇറങ്ങാൻ എന്നു പറഞ്ഞല്ലോ. കാരണം, സ്വന്തമാക്കാൻ പോകുന്ന വീടിനെക്കുറിച്ചും അതിന്റെ നിർമാണഘട്ടങ്ങളെക്കുറിച്ചും നിർമാണച്ചെലവിനെക്കുറിച്ചുമൊക്കെ ഒരു ഏകദേശ ധാരണ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഹാബിറ്റാറ്റ് ലിറ്ററസി (പാർപ്പിട സാക്ഷരത) എന്നാണ് ഇതിനു പറയുന്നത്.

വീടുപണി തുടങ്ങുന്നതിനു മുൻപ് ഇഷ്ടപ്പെട്ട കുറച്ചു വീടുകളെങ്കിലും നേരിൽ കാണുന്നതും അവിടെ താമസിക്കുന്നവരുമായി സംസാരിക്കുന്നതും പ്രായോഗികമായ  ബുദ്ധിമുട്ടുകളെക്കുറിച്ചു ചോദിച്ചു മനസ്സിലാക്കുന്നതുമെല്ലാം മനസ്സിലെ സംശയങ്ങൾ ദൂരീകരിക്കാനും കാര്യങ്ങൾ വ്യക്തത വരുത്താനും സഹായകരമാകും. വീടു നിർമാണത്തെ കുറിച്ച് പ്രതിപാദിക്കുന്ന മാഗസിനുകളുടെയും ആധികാരിക പുസ്തകങ്ങളുടെയും ഇന്റർനെറ്റിന്റെയും സഹായവും ഇത്തരം കാര്യത്തിൽ പ്രയോജനപ്പെടുത്താവുന്നതാണ്.

വീടുപണിയിലെ ഓരോ ഘട്ടത്തെക്കുറിച്ചും അവയ്ക്കു വേണ്ടി വരുന്ന ചെലവുകളെക്കുറിച്ചും അടിസ്ഥാനപരമായ അറിവു നേടുന്നതിനും വീടുപണിയിലെ ഏറ്റവും പുതിയ ട്രെൻഡിനെ കുറിച്ചു മനസ്സിലാക്കുന്നതും നല്ലതാണ്. ഗുണദോഷങ്ങൾ കൃത്യമായി ബോധ്യപ്പെട്ടതിനുശേഷം വേണം തീരുമാനങ്ങൾ എടുക്കുന്നത്. വീടു നിർമാണത്തിൽ ചെലവിനു പരിധിയില്ല.  അതുകൊണ്ടുതന്നെ, നാം നിശ്ചയിക്കുന്നതാകണം പരിധി.

വീട് വിഡിയോസ് കാണാം...

English Summary- Need for proper awareness about House Construction

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS