വീടുപണിയിൽ പ്രധാനപ്പെട്ട ഒരുകാര്യമാണ് സാമഗ്രികളുടെ തിരഞ്ഞെടുപ്പ്. മൊത്തം ബജറ്റിനെയും വീടിന്റെ കെട്ടുറപ്പിനെയും പരിപാലന കാലയളവിനെയുമൊക്കെ ഭിത്തി കെട്ടാനുപയോഗിക്കുന്ന കട്ടകളുടെ തിരഞ്ഞെടുപ്പ് സ്വാധീനിക്കാറുണ്ട്. അത്തരം ചില കട്ടകൾ പരിചയപ്പെടാം..
കോൺക്രീറ്റ് ബ്ലോക്ക്
ചെങ്കല്ല്, ഇഷ്ടിക എന്നിവയെ വച്ചു നോക്കുമ്പോൾ കോൺക്രീറ്റ് ബ്ലോക്കിന് വില കുറവാണ്. തേക്കാൻ കുറച്ചു സിമെന്റ് മതി. ഹോളോ ബ്ലോക്ക്, സോളിഡ് ബ്ലോക്ക് എന്നിങ്ങനെ രണ്ടു തരം കോൺക്രീറ്റ് ബ്ലോക്കുകൾ ഉണ്ട്. ദ്വാരമുള്ള ഹോളോ ബ്ലോക്കിന് ഭാരവും ചൂടും കുറവാണ്. എന്നാൽ അധികം ഭാരം താങ്ങാനുള്ള കഴിവ് ഇവയ്ക്കില്ല. തൂണിനും ലിന്റലിനും ഇടയിൽ മുട്ടിക്കാനാണ് ഹോളോബ്ലോക്ക് ഉപയോഗിക്കുന്നത്.
സിമെന്റ്, ജെല്ലി, പാറപ്പൊടി എന്നിവ കൊണ്ടാണ് ഇവ നിർമിക്കുന്നത്. ഭാരം കുറവുള്ള ഇവ വൻ കെട്ടിടങ്ങളിലും ഫ്ളാറ്റുകളിലും അധികം ഭാരം വരാത്ത ഭാഗങ്ങളിലെ ഭിത്തിക്ക് ഉപയോഗിക്കുന്നു. ചുറ്റുമതിൽ കെട്ടാനും ഇവ ധാരാളമായി ഉപയോഗിക്കാറുണ്ട്. എന്നാൽ സോളിഡ് ബ്ലോക്കിന് ദ്വാരമുണ്ടാകില്ല. നല്ല ഭാരവും ഇവയ്ക്കുണ്ട്. വശങ്ങളിൽ ഞരടി നോക്കിയാൽ പൊടിയുന്നുണ്ടെങ്കിൽ നിലവാരം കുറവാണെന്ന് സംശയിക്കണം. വീടിനുള്ളിൽ ചൂടുകൂടാൻ സാധ്യതയുണ്ടെന്നതാണ് കോൺക്രീറ്റ് ബ്ലോക്കുകളുടെ ന്യൂനത. എന്നാൽ സുലഭമാണ്, താരതമ്യേന ചെലവു കുറവാണ് എന്നീ മേന്മയുമുണ്ട്. സോളിഡ് ബ്ലോക്ക് ബലമുള്ളവയായതിനാൽ ആൾസഹായമില്ലാതെ അൺലോഡ് ചെയ്യാൻ പറ്റും.
ഹോളോ ടെറാകോട്ട ബ്ലോക്കുകൾ

കുറഞ്ഞ ബജറ്റിൽ വീടൊരുക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഹോളോമണ്‍ബ്ലോക്കുകൾ പരീക്ഷിക്കാം. പ്രശസ്തമായ വളപട്ടണം ടൈലുകൾ ഈ ഗണത്തിലുള്ളതാണ്. ചുമരു തേയ്ക്കേണ്ടതില്ല. സാധാരണ ഭിത്തി നിർമാണവുമായി താരതമ്യം ചെയ്തു നോക്കിയാൽ ഹോളോ മൺബ്ലോക്കുകൾ ഉപയോഗിച്ച് ചെലവ് 40 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും.
കൂടുതൽ വായു അറകളോടു കൂടിയ, ഭാരം കുറഞ്ഞ ടെറാകോട്ട ഹോളോബ്ലോക്കുകൾ ഇപ്പോൾ ലഭ്യമാണ്. സാധാരണ ഇഷ്ടികയുടെ വലുപ്പം മുതൽ വലിയ കട്ടകൾ വരെ ലഭിക്കും. ഭാരം താങ്ങേണ്ട ചുമരുകൾ നിർമിക്കാൻ ഇവ മതിയാകും. വീടിനുള്ളിൽ ചൂടും കുറഞ്ഞു കിട്ടും. പറമ്പിൽ നിന്നു തന്നെ മണ്ണെടുത്തു കുഴച്ചുണ്ടാക്കുന്ന മഡ്ബ്ലോക്കുകളും ഇത്തരത്തിൽ വളരെ ലാഭകരമാണ്. പക്ഷേ, വിദഗ്ധരായ പണിക്കാരെ കിട്ടണമെന്നു മാത്രം. ഇഷ്ടകകൾ ചുട്ടെടുക്കാത്തതിനാൾ വെള്ളം വലിച്ചെടുക്കുമെന്ന ദോഷമുണ്ട്.
English Summary- Concrete Block and Teracotta Blocks for House Construction