വീടുപണിയിലെ അനാവശ്യച്ചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ വീടുപണി ദുരന്തമായി മാറിയേക്കാം. വീട് വിജയകരമായി നിർമിക്കാൻ ആദ്യം വേണ്ടത് വീടിനെക്കുറിച്ചൊരു സ്വപ്നമുണ്ടായിരിക്കുക എന്നതാണ്. പലരും പല അഭിപ്രായങ്ങളും പറയും പക്ഷേ വീടുപണി വീട്ടുകാരന്റെ കയ്യില്‍ നിന്ന് വഴുതിപ്പോകരുത്. വീടുപണിയുടെ ഓരോ ഘട്ടത്തിലും വീട്ടുകാരുടെ ബുദ്ധിപൂർവമായ ഇടപെടൽ ഉണ്ടായേ തീരൂ.
വീടിന് തുറന്ന റൂഫോടു കൂടിയ നടുമുറ്റം വേണമെന്ന മോഹവുമായി ആർക്കിടെക്ടിനെയും എൻജിനീയറെയുമൊക്കെ സമീപിക്കുന്നവർ നിരവധിയാണ്. കേരളത്തിന്റെ ശക്തമായ മഴക്കാലത്തെ ഓപ്പണായ നടുമുറ്റത്തേക്ക് കൂട്ടിക്കൊണ്ടു വരുമ്പോഴുള്ള ദോഷങ്ങളെക്കുറിച്ചോ അവ ഉയർത്തുന്ന സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചോ പരിപാലിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചോ ചെലവിനെക്കുറിച്ചോ ഒന്നും ആലോചിക്കാതെയാണ് പലരും സ്വപ്നം കാണുന്നത്. ഇത്തരം കേസുകളിൽ വീട്ടുടമസ്ഥനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എന്ന ജോലി കൂടി ആർക്കിടെക്ടിന്റേതായി മാറുന്നു.
വീട് ഡിസൈൻ ചെയ്യാൻ ഏൽപ്പിക്കുന്നതിനു മുമ്പു തന്നെ അയാൾ നേരത്തേ ചെയ്ത വീട് സന്ദർശിക്കുകയും ഫീസിനെക്കുറിച്ചു കൃത്യമായ ധാരണയിലെത്തുകയും വേണം.
വീടു പണിയാനായി വാങ്ങിയ ഭൂമി അൽപം താഴ്ന്നു പോയി, അല്ലെങ്കിൽ ഉയരത്തിലായിപ്പോയി എന്നൊക്കെ കാണുമ്പോൾ ഉടൻ തന്നെ പ്ലോട്ട് മണ്ണിട്ടോ മണ്ണെടുത്തോ നിരപ്പാക്കി വീടു പണിയാം എന്നു തീരുമാനിക്കുന്നവർ ഉണ്ട്. അതിനു ചെലവാകുന്ന പണത്തെക്കുറിച്ച് കൃത്യമായി അന്വേഷിച്ചറിഞ്ഞിട്ടു വേണം അത്തരം തീരുമാനങ്ങൾ എടുക്കുന്നത്. മുൻപും പിൻപും നോക്കാതെയും കാര്യങ്ങൾ കൃത്യമായും മനസ്സിലാക്കാതെയും പ്ലോട്ട് മണ്ണിട്ടു നിരപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിട്ട് വീടിനു വേണ്ടി മാറ്റിവച്ച ബജറ്റിന്റെ നല്ലൊരു ശതമാനം തന്നെ ചെലവായ ദുരനുഭവുമുള്ള അനവധിപേർ നമുക്കു ചുറ്റുമുണ്ട്.
വീടുപണിയുടെ ബജറ്റ് കുറച്ചു കളഞ്ഞേക്കാം എന്നു കരുതി വില കുറഞ്ഞ വസ്തുക്കൾ മാത്രം വാങ്ങാൻ ശ്രമിക്കുന്നവർ ഉണ്ട്. തൽക്കാലത്തേക്കു ലാഭം കിട്ടുമെങ്കിലും വില കുറഞ്ഞ, ഗുണനിലവാരമില്ലാത്ത അസംസ്കൃത വസ്തുക്കൾ വാങ്ങിയാൽ ഭാവിയിൽ ഇരട്ടിച്ചെലവു തന്നെ വരാം. വിലക്കുറവിനൊപ്പം അവയുടെ ഈടും കുറവായിരിക്കും എന്നോർക്കുക. വീടുപണിയില്‍ ആവശ്യങ്ങൾക്കാവണം പ്രാധാന്യം.
പ്രാദേശികമായി ലഭ്യമായ നിർമാണസാമഗ്രികൾ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുക. ബദൽ നിർമാണസാമഗ്രികൾ പലതും ചെലവു കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ഉദാഹരണത്തിന്, ഭിത്തി നിർമിക്കുന്നതിനുപയോഗിക്കുന്ന ജിപ്സം കട്ടകൾ. ഇഷ്ടികയുടെ അതേ വിലയിൽ കൂടുതൽ വലുപ്പത്തിൽ ഇവ ലഭിക്കും. ജിപ്സം കട്ടകൾ പ്ലാസ്റ്റർ ചെയ്യാൻ താരതമ്യേന കുറഞ്ഞ അളവിലേ സിമന്റ് വേണ്ടി വരൂ. അതേ സമയം എല്ലാ ബദൽ നിർമാണ രീതികളെയും കണ്ണടച്ച് വിശ്വസിക്കയുമരുത്.
പരിചയ സമ്പന്നരായ തൊഴിലാളികളുണ്ടെങ്കിൽ പഴയ നിർമാണ രീതികൾ ഉപയോഗിക്കുന്നതും ചെലവു നിയന്ത്രിക്കാൻ സഹായിക്കും. ചിരട്ട ഉപയോഗിച്ച് അടിത്തറ ഉറപ്പിക്കുന്ന പഴയ സാങ്കേതികവിദ്യ ഓർക്കുക. ബെൽറ്റ് വാർക്കുന്നതിന്റെ ഭീമമായ ചെലവ് നിയന്ത്രിക്കാൻ ഈ മാർഗത്തിലൂടെ സാധിക്കും. പക്ഷേ, തൊഴിലാളികൾക്ക് ഇതേക്കുറിച്ച് നല്ല ധാരണയുണ്ടായിരിക്കണമെന്നു മാത്രം.
മുറികൾക്ക് ആവശ്യത്തിലേറെ വലുപ്പം വേണമെന്നു ശഠിക്കേണ്ട. അത് അധികച്ചെലവാണ്. വീടിനകത്ത് അത്യാവശ്യത്തിനു മാത്രം ഭിത്തികൾ നൽകുക. ഡൈനിങ്, സ്വീകരണമുറി ഇവയ്ക്കിടയിലൊന്നും ഭിത്തികൾ ഇല്ലാതിരിക്കുന്നതാണ് അഭികാമ്യം. ഇത് സ്പെയ്സും അഴകും ആകർഷണവും നൽകും. അതുപോലെ വീടിന്റെ മുക്കു മൂലയും ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ള ഡിസൈന് പ്രാധാന്യം നൽകാം. ഡിസൈൻ കൃത്യമായാൽ ആവശ്യമില്ലാത്ത ബീമുകൾ ഒഴിവാക്കാം. ഇത് നല്ലൊരു ശതമാനം അധികച്ചെലവും കുറയ്ക്കും. ബാത്റൂമുകൾ, അടുക്കള എന്നിവയൊക്കെ വീടിന്റെ ഒരു ഭാഗത്തായി വരുന്ന രീതിയില്‍ ഡിസൈൻ ചെയ്താൽ പ്ലംബിങ്, ഇലക്ട്രിക് ചാർജ് ലാഭിക്കാം.
സ്വകാര്യ ഏജൻസികളെക്കാൾ ചെലവു കുറച്ച് സർക്കാർ എൻജിനീയറിങ് കോളജിൽ മണ്ണു പരിശോധന നടത്തിക്കിട്ടും. ഉറപ്പു കൂട്ടാനുള്ള പല വഴികൾ പരീക്ഷിച്ചു െചലവു കൂട്ടാതെ കൃത്യമായി വേണ്ട അടിത്തറ നിശ്ചയിക്കുവാൻ ഇതുവഴി സാധിക്കും. ഏതൊക്കെ ജോലികൾക്ക് മെഷീൻ ഉപയോഗിക്കാമെന്നും അതിനുള്ള ചെലവു വ്യത്യാസവും അന്വേഷിച്ചു മനസ്സിലാക്കണം.
അനുമതി കിട്ടിയ പ്ലാനിൽ വെട്ടിത്തിരുത്തലുകൾ വേണ്ട
ഒരു പ്ലാൻ തീരുമാനിച്ച് അനുമതിയും വാങ്ങി കഴിഞ്ഞതിനു ശേഷം പ്ലാൻ മാറ്റുന്ന ഒരു പ്രവണതയുണ്ട്. അനുമതി വാങ്ങിയതിനുശേഷം പ്ലാനിൽ യാതൊരുവിധ മാറ്റവും വരുത്തില്ല എന്നു വീട്ടുകാർ തീരുമാനമെടുത്തേ മതിയാവൂ. കാരണം, ഒരു ഭിത്തി പൊളിക്കുമ്പോൾ അത് നിർമിക്കാൻ ഉപയോഗിച്ച സാമഗ്രികൾ എല്ലാം നഷ്ടമാവുകയാണ്. തൊഴിലാളികളുടെ അധ്വാനം, അവർക്ക് അതിനായി നമ്മൾ നൽകിയ കൂലി എല്ലാം നഷ്ടം തന്നെ. നിങ്ങൾ നശിപ്പിച്ച നിർമാണസാമഗ്രികൾ ലോകത്ത് കിടപ്പാടമില്ലാത്ത എത്രയോ ലക്ഷം ആളുകൾക്കു കൂടി അവകാശപ്പെട്ടതാണെന്ന് ഓർക്കണം.
പ്ലാൻ തീരുമാനമായാൽ അതിൽ അണുവിട വ്യത്യാസം വരുത്താതെ നിർമാണ ജോലികൾ മുന്നോട്ടു കൊണ്ടു പോകുന്നത് പാഴ്ചെലവ് ഒഴിവാക്കും. വീടു പണിയുന്നതിനു മുൻപു തന്നെ പ്ലാൻ കൃത്യമായി വരച്ച് പൂർത്തീകരിക്കണം. വാസ്തു പരിഗണിക്കുന്നവർ പ്ലാൻ വരയ്ക്കുന്നതിനു മുൻപു തന്നെ നല്ലൊരു വാസ്തുവിദഗ്ധനെ കൊണ്ടുപോയി സ്ഥലം കാണിക്കണം. വാസ്തു നിർദേശിക്കുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി വേണം പ്ലാൻ തയാറാക്കുന്നത്. പലരും വീടിന്റെ അടിസ്ഥാന സ്ട്രക്ചർ പൂർത്തിയാക്കിയതിനു ശേഷമാണ് വാസ്തു നോക്കുന്നത്. കുത്തിപ്പൊളിക്കലും മാറ്റിപ്പണിയലുമൊക്കെയായി പണം ചോർന്നു പോകുന്ന വഴിയാണിത്.
English Summary- Avoid Unnecessary Expense- Home Tips