ADVERTISEMENT

ചൂടിനെ നിയന്ത്രിക്കാനുള്ള കഴിവും വിളളലിനു സാധ്യത കുറവാണെന്നതും ഇഷ്ടികയെ ജനപ്രിയമാക്കുന്നു. തേപ്പിന് വളരെ കുറച്ചു സിമെന്റ് മതിയെന്നും ഇഷ്ടികയുടെ ഗുണമാണ്. എട്ട് ഇഷ്ടിക ചേർന്നാൽ ഒരു ചെങ്കല്ലിന്റെ വലുപ്പമാകും. രണ്ട് ഇഷ്ടികകൾ കൂട്ടിയിടിച്ചാൽ ലോഹങ്ങൾ കൂട്ടിയിടിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ ഇഷ്ടിക ബലമുള്ളതാണെന്ന് മനസ്സിലാക്കാം. നല്ല ഇഷ്ടിക ഒരു മീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ടാലും പൊട്ടില്ല. 

നാടൻ, വയർ കട്ട്, സെമി വയർ കട്ട് എന്നിങ്ങനെ മൂന്നുതരം ഇഷ്ടികകള്‍ ആണുള്ളത്. ഫാക്ടറിയിൽ ചൂളയിൽ ചുട്ടെടുക്കുന്നതാണ് വയർ കട്ടും സെമി വയർ കട്ടും. ഇവയ്ക്ക് വിലയും ഗുണവും കൂടും. തേക്കാത്ത ചുമരുകൾക്കു വയർ കട്ടാണു നല്ലത്. അല്ലാത്തപക്ഷം സെമിവയർകട്ട് മതിയാകും. നാടൻ ഇഷ്ടിക ഉപയോഗിക്കുമ്പോൾ നിരപ്പല്ലാത്ത പ്രതലം കൂടുതലുള്ളതിനാൽ തേക്കാൻ ചെലവു കൂടും. എന്നാൽ വിലയിലെ അന്തരം കണക്കിലെടുക്കുമ്പോഴുള്ള ലാഭം േതക്കാനുള്ള അധികച്ചെലവിനെക്കാൾ കൂടുതലാണ്. 22 X 10 X 7 ആണ് ഇഷ്ടികയുടെ സ്റ്റാൻഡേർഡ് അളവ്. 

ഇഷ്ടിക റാറ്റ് ട്രാപ്പ് ശൈലിയിൽ പണിതാൽ ഭിത്തി കെട്ടുമ്പോൾ മുപ്പത് ശതമാനത്തോളം ലാഭിക്കാൻ സാധിക്കും. ലാറി ബേക്കറാണ് ഈ സാങ്കേതിക വിദ്യ ഇന്ത്യയിലാദ്യമായി വിജയകരമായി ഉപയോഗിച്ചത്. ഇംഗ്ലിഷ് ബോണ്ട്, ഫ്ളെമിഷ് ബോണ്ട് തുടങ്ങിയവയാണ് സാധാരണ കാണുന്ന ശൈലികൾ. ഒരു പ്രത്യേക വിധത്തിൽ ഇഷ്ടികകൾ അടുക്കി വച്ച് ഭിത്തി നിർമിക്കുന്ന സങ്കേതമാണിത്. 1:6 എന്ന അനുപാതത്തിൽ സിമെന്റ് കുഴച്ച് ഉപയോഗിക്കുന്നു. ഇഷ്ടികയുടെ അളവ് ഈ പ്രത്യേക വിന്യാസത്തിലൂടെ കുറയ്ക്കുകയാണ് ചെയ്യുന്നത്. സാധാരണ ഇഷ്ടിക കെട്ടുന്ന ശൈലിയില്‍ ഒമ്പത് ഇഞ്ച് കനമുള്ള ഒരു ക്യുബിക് മീറ്റർ ഭിത്തിക്ക് ആവശ്യമായ ഇഷ്ടിക 600–700 എണ്ണം ആണെങ്കിൽ റാറ്റ് ട്രാപ് ബോണ്ടിങ് ഉപയോഗിക്കുന്ന ഭിത്തിക്ക് 280–500 ഇഷ്ടിക മതി. ഇഷ്ടികകൾ കുറയുമ്പോൾ സ്വാഭാവികമായും സിമെന്റ് ഉപയോഗിച്ച് യോജിപ്പിക്കേണ്ട വശങ്ങളും കുറയുന്നു. അതിനനുസരിച്ചു സിമെന്റും മണലും ലാഭിക്കാം. 25 ശതമാനം ഭാരം, 18 ശതമാനം ഇഷ്ടിക, 54 ശതമാനം സിമെന്റ് കൂട്ട് ഇതാണ് ലാഭക്കണക്ക്. സാമ്പത്തികമായ ലാഭം മാത്രമല്ല, വീടിനകത്തെ ചൂട് കുറയ്ക്കാനും ഈ രീതി സഹായകരമാണ്. ഭിത്തിക്കുള്ളിൽ വായു തങ്ങി നിൽക്കാനുള്ള അറകളുള്ളതുകൊണ്ട് വീടിനകത്തേക്ക് വരുന്ന ചൂട് കുറവായിരിക്കുകയും ചെയ്യും. 

മുഴുവൻ ഇഷ്ടികകളും ഒരിടത്തു നിന്നു തന്നെ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം പലയിടങ്ങളിൽ നിന്നായി വാങ്ങുമ്പോൾ ഇഷ്ടികയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. ഇത് തേക്കുമ്പോൾ നഷ്ടം വരുത്തും. 12 എംഎം– 15 എംഎം വരെയാണ് പ്ലാസ്റ്ററിങ്ങിന്റെ കനം. തേക്കുമ്പോൾ കനം കുറയ്ക്കാവുന്ന ഭാഗങ്ങളും പ്ലാസ്റ്ററിങ് തീരെ ആവശ്യമില്ലാത്ത ഭാഗങ്ങളും നേരത്തേ തീരുമാനിക്കണം. ചിലയിടങ്ങളിൽ പ്ലാസ്റ്ററിങ് ഒഴിവാക്കിക്കൊണ്ടുള്ള ഡിസൈൻ ആലോചിക്കാം. തേക്കുന്നത് വിദഗ്ധരായ ജോലിക്കാർ അല്ലെങ്കിൽ സിമെന്റ് പാഴാകും. ഒരേ നിരപ്പിൽ തേക്കാതിരുന്നാൽ പെയിന്റ് ചെയ്യുമ്പോൾ പുട്ടി അധികം വേണ്ടി വരും. ഇത് നഷ്ടം വരുത്തും.

English Summary- House Construction using Bricks- Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com