വീടുപണിയിലെ അതിപ്രധാന ഘട്ടമാണ് അടിത്തറ നിർമിക്കുന്നത്. വീടിന്റെ കെട്ടുറപ്പ്, ഈട് എന്നിവയെല്ലാം അടിത്തറയുടെ ബലത്തെ ആശ്രയിച്ചിരിക്കും.
ഷാലോ ഫൗണ്ടേഷൻ, ഡീപ് ഫൗണ്ടേഷൻ എന്നിങ്ങനെ രണ്ടു തരത്തിലുള്ള അടിത്തറകളാണ് പ്രധാനമായുള്ളത്. ഉറപ്പുള്ള സ്ഥലത്തു പണിയുന്ന കെട്ടിടങ്ങൾക്ക് അത്ര ആഴത്തിലല്ലാത്ത ഷാലോ ഫൗണ്ടേഷൻ മതി. വലിയ കെട്ടിടങ്ങൾ, ചതുപ്പു നിലങ്ങൾ എന്നിവയ്ക്കാണ് ഡീപ് ഫൗണ്ടേഷൻ ആവശ്യം. അടിത്തറയ്ക്ക് ഉറപ്പേകാനായി കോൺക്രീറ്റ് പൈലിങ്ങും സാൻഡ് പൈലിങ്ങും ചെയ്യാം. ഒന്നര അടി ഇടവിട്ട് നാല് ഇഞ്ച് വ്യാസവും 8–10 അടി ആഴവുമുള്ള കുഴിയെടുത്ത് ഇതിലേക്ക് മണ്ണ് ഇടിച്ചിറക്കുന്നതിനെയാണ് സാൻഡ് പൈലിങ് എന്നു പറയുന്നത്. മണലിനു പകരം ചരലും പാറപ്പൊടിയും ഇതിനായി ഉപയോഗിക്കാറുണ്ട്. പാറപ്പൊടി ചെലവു കുറയ്ക്കാനും ചിതൽ ശല്യം ഒഴിവാക്കാനും സഹായകമാണ്. ചെറിയ നിർമാണപ്രവർത്തനങ്ങൾക്ക് മണൽ, മുള, പാറപ്പൊടി എന്നിവ ഉപയോഗിച്ചുള്ള പൈലിങ് ഫലപ്രദമാണെങ്കിലും വലിയ കെട്ടിടങ്ങൾക്ക് ഇത് അപര്യാപ്തമായിരിക്കും. കൂടുതൽ സ്ഥലത്തു കൂടുതൽ ഭാരം താങ്ങണമെങ്കിൽ കോൺക്രീറ്റ് ൈപലിങ് തന്നെ വേണം. വലിയ കെട്ടിടങ്ങൾ, കല്ലുവെട്ടുകുഴി, കുളം നികത്തിയ സ്ഥലം എന്നിവിടങ്ങളിൽ വീടു വയ്ക്കുമ്പോഴും കോൺക്രീറ്റ് പൈലിങ് രീതിയാണ് അവലംബിക്കുന്നത്.
ചെലവു ചുരുക്കി വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർ കോൺക്രീറ്റ് പൈലിങ്ങിനു പിറകെ പോകാതിരിക്കുന്നതാകും ഉചിതം. ഭൂമിയിൽ കോൺക്രീറ്റ് പൈലിങ് ചെയ്താൽ നിർമാണച്ചെലവ് നമ്മൾ പിടിച്ചിടത്തു കിട്ടണമെന്നില്ല. അതുപോലെ തന്നെ വീടു വയ്ക്കുന്ന ഭൂമിയിൽ കുഴികൾ ഉണ്ടെങ്കിൽ ഇവ നികത്താൻ പോകാതിരിക്കുകയാണു നല്ലത്. നികത്താൻ ഏറെ പണച്ചെലവു വരും. ഇത്തരം അവസരങ്ങളിൽ ആർച്ച് ഫൗണ്ടേഷന്‍ നൽകുകയാണ് ഏറ്റവും ഫലപ്രദമായ മാർഗം. ഇത് നല്ല ബലവും നൽകും.
തറയ്ക്ക് കരിങ്കല്ല് ഉത്തമം
ഭൂഗർഭ ജലം ഉപരിതലത്തോടു ചേർന്നാണെങ്കിൽ കരിങ്കല്ലുകൊണ്ടാണ് തറ കെട്ടേണ്ടത്. താഴ്ന്നാണെങ്കിൽ ഉറപ്പുള്ള ചെങ്കല്ല് മതിയാകും. അതുപോലെ നല്ല ഉറപ്പുള്ള പാറയുടെ പുറത്താണ് വീടു പണിയുന്നതെങ്കിലും കരിങ്കൽത്തറയുടെ ആവശ്യം വരുന്നില്ല. സമീപത്തെ കിണറുകൾ നിന്ന് ഇതു മനസ്സിലാക്കാം. നമ്മുടെ നാട്ടിൽ തറ നിർമാണത്തിന് പ്രധാനമായും കരിങ്കല്ലാണ് ഉപയോഗിച്ചു വരുന്നത്.
നല്ല കറുപ്പു നിറമുള്ള കല്ലാണ് മുന്തിയ ഇനം. ഇവ അത്ര വ്യാപകമല്ലാത്തതിനാൽ കറുപ്പും വെളുപ്പും ഇടകലർന്ന കല്ലാണ് കൂടുതലും നിർമാണാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. യൂണിറ്റ് അടിസ്ഥാനപ്പെടുത്തിയാണ് കരിങ്കല്ലിന്റെ അളവ് കണക്കാക്കുന്നത്. 100 ക്യുബിക് ഫീറ്റാണ് ഒരു യൂണിറ്റ്. വലിയ ലോറിയിൽ ഒരു യൂണിറ്റ് കല്ല് നിറയ്ക്കാം. 100 ക്യുബിക് ഫീറ്റ് കരിങ്കല്ലിന് ക്വാറി വില എത്രയെന്ന് അന്വേഷിക്കാവുന്നതാണ്. ക്വാറിയിൽ നിന്നുള്ള ദൂരത്തിനനുസരിച്ച് കല്ലിന്റെ വിലയിൽ വ്യത്യാസം വരും. ഒരു യൂണിറ്റ് കരിങ്കല്ലുകൊണ്ട് രണ്ടടി വീതിയിൽ, രണ്ടടി ഉയരത്തിൽ, 25 അടി നീളത്തിലുള്ളൊരു തറയൊരുക്കാം. കരിങ്കല്ല് വാങ്ങുമ്പോൾ ക്വാറികളുടെ മേൽഭാഗത്തു വരുന്ന മട്ടിക്കല്ലുകൾ അല്ല എന്ന് ഉറപ്പു വരുത്തണം. ഇവയ്ക്ക് ഒട്ടും ഗുണമേന്മയില്ലെന്നു മാത്രമല്ല, ഉപയോഗശൂന്യവുമാണ്.
English Summary- Foundation of House- Construction things to know