കെട്ടിടത്തിന്റെ ഭാരം അടിത്തറയുടെ എല്ലാ ഭാഗത്തും തുല്യമായി എത്തിക്കുന്നതിനാണ് ബെൽറ്റ് വാർക്കുന്നത്. കോൺക്രീറ്റ് ബെൽറ്റിട്ട് അടിത്തറയ്ക്ക് ബലം നൽകുന്ന രീതി സർവസാധാരണമാണ്. ആറിഞ്ച് കനത്തിൽ എട്ട് എം. എം. കമ്പിയുപയോഗിച്ചാണ് ബെൽറ്റിടുന്നത്. ബെൽറ്റിടുന്നതിന് സ്ട്രിപ്പ് ഫൗണ്ടേഷൻ എന്നും അടിയിൽ കമ്പിയിട്ട് കോൺക്രീറ്റ് ചെയ്യുന്നതിന് റാഫ്റ്റ് രീതിയെന്നും പറയും. വയലുകളിലും ചതുപ്പുകളിലും റാഫ്റ്റ് രീതിയാണ് അഭികാമ്യം. അടിത്തറ പണിയുമ്പോൾ പ്ലിന്ത് ബെൽറ്റ് ഒരേ നിരപ്പിൽ വാർക്കണം. നിരപ്പില്ലെങ്കിൽ പിന്നീട് തറ ലെവൽ ചെയ്യുമ്പോൾ കൂടുതൽ ചെലവ് വരും. ഒന്നുകിൽ പിന്നീട് കോൺക്രീറ്റ് ഉപയോഗിക്കേണ്ടി വരും. അല്ലെങ്കിൽ ഫ്ളോറിങ് ചെയ്യുമ്പോൾ ടൈൽ ഒരേ നിരപ്പിൽ വരില്ല.
എന്നാൽ കോസ്റ്റ്ഫോർഡ് പോലെയുള്ള െചലവു കുറഞ്ഞ നിർമാണ രീതികൾ പിന്‍തുടരുന്നവർ അടിത്തറ കെട്ടുമ്പോൾ കോൺക്രീറ്റ് ബെൽറ്റ് വേണമെന്ന വാദത്തോടു യോജിക്കുന്നില്ല. സാധാരണ തറയ്ക്ക്, തറ നിരപ്പിനു താഴെ ഒന്നര അടി വീതിയിലും ഒന്നര അടി പൊക്കത്തിലും കരിങ്കല്ലുകൊണ്ടു കൊരുത്തു കെട്ടി ഇടയിൽ മണ്ണു കുഴച്ച് ഉറപ്പിക്കുന്ന രീതിയാണ് ഇവരുടേത്. അതിനു മുകളിൽ കരിങ്കല്ല് ഡ്രൈ പായ്ക്ക് ചെയ്യും. ചാന്തൊന്നും ഉപയോഗിക്കാറില്ല. വേണ്ട നിരപ്പിൽ എത്തുമ്പോൾ മണ്ണോ സിമന്റോ ഉപയോഗിച്ച് കൊരുത്തു കെട്ടി റീ ഇൻഫോഴ്സ്ഡ് ബ്രിക് ബെൽറ്റ് കൊടുക്കുന്നു. രണ്ടു നില വീടുകൾക്കു വരെ ഈ അടിസ്ഥാനം മതിയാകും. മണ്ണിട്ടു നികത്തിയ സ്ഥലത്തു വീടു വയ്ക്കുമ്പോൾ അടിത്തറയ്ക്കായി കൂടുതൽ പണം ചെലവാകും. അത്തരം സ്ഥലങ്ങൾ ഒഴിവാക്കാം. അടിത്തറ പണിയുമ്പോൾ സിമെന്റിനു പകരം മണ്ണ് ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. മണ്ണുപയോഗിച്ചാൽ ചിതൽ ശല്യമുണ്ടാകുമെന്നാണ് പലരുടെയും ഭയം. എന്നാൽ തറയുറപ്പിക്കുമ്പോൾ പെസ്റ്റ് കൺട്രോൾ െചയ്താൽ ഈ പ്രശ്നവും ഒഴിവാക്കാം.
ഹോളോ മൺബ്ലോക്ക്
ചുരുങ്ങിയ ചെലവിൽ പ്രകൃതിയോടിണങ്ങിയ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹോളോ മൺബ്ലോക്കുകൾ ഫലപ്രദമാണ്. ഹോളോ മൺബ്ലോക്കു കൊണ്ട് ഭിത്തി കെട്ടിയാൽ തേക്കുകയോ പെയിന്റ് അടിക്കുകയോ വേണ്ട. വാതിൽ കട്ടിളയുടെയും ജനലിന്റെയും വശങ്ങളിൽ മൂന്ന് ഇഞ്ച് വലുപ്പത്തിൽ തേക്കാം. പടവ് ചെങ്കല്ലിനും ഇഷ്ടികയ്ക്കും സമാനമാണ്. മൂലകളിൽ എട്ട് എം.എം. കമ്പിയുപയോഗിച്ച് കോൺക്രീറ്റ് ചെയ്യണം. മൂലയിൽ തൂൺ ബ്ലോക്ക് കുത്തിനിർത്തി കമ്പിയും കോൺക്രീറ്റ് മിശ്രിതവും നിറയ്ക്കും.
ചുമരിന് ചുറ്റും രണ്ട് കോൺക്രീറ്റ് ബെൽറ്റുകൾ ഇടാറുണ്ട്. മേൽക്കൂരയും ഹോളോ മൺബ്ലോക്കുകൊണ്ട് നിർമിക്കാം. ആദ്യം നാലിഞ്ച് വീതിയിൽ റൂഫ് ചാനലുകൾ നീളത്തിൽ നിരത്തി എട്ട് എംഎം കമ്പിയുപയോഗിച്ച് കോൺക്രീറ്റ് ബീം ഉണ്ടാക്കുക. പിന്നീട് ഹോളോ സീലിങ് ബ്ലോക്കുകൾ പാകി അതിനു മുകളിൽ രണ്ടിഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യുന്നു. ചെലവ് കാര്യമായി കുറയും. വീടിനകത്ത് കാര്യമായി ചൂടുമുണ്ടാവില്ല. മേൽക്കൂര പൂർത്തിയായാൽ ചുമരുകൾ ആസിഡ് വാഷ് ചെയ്യുന്നതോടെ ഫ്ളോറിങ് ഒഴികെയുള്ള പണിയെല്ലാം കഴിഞ്ഞു. ചുട്ടെടുത്ത കളിമൺ ബ്ലോക്കായതിനാൽ നല്ല ഉറപ്പും ലഭിക്കും. വാർണിഷ് അടിച്ചില്ലെങ്കിൽ വെള്ളം തട്ടുന്ന ഭാഗത്ത് പൂപ്പൽ പിടിക്കാൻ സാധ്യതയുണ്ട് എന്നതാണ് ഇവയുടെ ഒരു ദോഷം.
English Summary- Hollow Mud Blocks-House Construction