വീട്ടിലെ എല്ലാ ടാപ്പിലും നല്ല ശക്തിയിൽ വെള്ളം കിട്ടണോ? വഴിയുണ്ട്

plumbing-house
SHARE

വീടിന്റെ പ്ലമിങ് രണ്ടുതരമാണുള്ളത്. വെള്ളം വിതരണം ചെയ്യുന്നതിനുള്ള പ്ലമിങ്ങും മലിനജലം നീക്കം ചെയ്യാനുള്ള ഡ്രെയിനേജ് സംവിധാനം ഒരുക്കലും. വീട് കൂടുതൽ ആകർഷകമാക്കാനും മനോഹരമാക്കാനും പൈപ്പുകൾ പുറത്തു കാണാത്ത കൺസീൽഡ് പ്ലമിങ് ആണ് നല്ലത്. വീടിന്റെ അകത്ത് കൺസീൽഡ് പ്ലമിങ്ങും പുറത്ത് പൈപ്പുകൾ വെളിയിൽ കാണുന്ന രീതിയിലുള്ള ഓപ്പൺ പ്ലമിങ് നൽകുന്നതുമാണ് സാധാരണയായി അവലംബിക്കുന്ന രീതി. പൈപ്പുകളില്‍ ചോർച്ചയോ തടസ്സമോ ഉണ്ടായാൽ പെട്ടെന്ന് പരിഹരിക്കാൻ ഓപ്പൺ പ്ലമിങ് ആണ് നല്ലത്. 

തുടക്കം വാട്ടർ ടാങ്കിൽ നിന്ന്

പ്ലമിങ്ങിന്റെ തുടക്കം വാട്ടർ ടാങ്കിൽ നിന്നാണ്. ടാങ്കിന്റെ വലുപ്പമാണ് ആദ്യം തീരുമാനിക്കേണ്ടത്. വീട്ടിലെ അംഗങ്ങളുടെ എണ്ണം നോക്കി വേണം ടാങ്കിന്റെ വലുപ്പം നിശ്ചയിക്കുന്നത്. ഒരാൾക്ക് ഒരു ദിവസം 100–150 ലീറ്റർ വെള്ളം എന്നതാണ് ഏകദേശ കണക്ക്. ഇത് അനുസരിച്ച് അഞ്ചുപേരുള്ള വീടാണെങ്കിൽ 500–750 ലീറ്ററിന്റെ ടാങ്ക് മതി. 500 ലീറ്ററിന്റെ ടാങ്കാണ് വാങ്ങുന്നതെങ്കിൽ രണ്ട് തവണയായി മോട്ടോർ പ്രവർത്തിപ്പിക്കേണ്ടി വരും. ഇത് വൈദ്യുതി ചെലവ് കൂട്ടുകയും ചെയ്യും.

റെഡിമെയ്ഡ് പിവിസി / ഫെറോസിമെന്റ് ടാങ്കുകളാണ് കൂടുതൽ സൗകര്യം. ടാങ്ക് പണിയുന്നതിനെക്കാൾ ചെലവു കുറവും ഭംഗിയും ഇവ നൽകും. അയ്യായിരം രൂപ മുതൽ വിലയുള്ള ടാങ്കുകൾ വിപണിയിൽ ലഭ്യമാണ്. പൈപ്പിലൂടെ വെള്ളം നന്നായി വരണമെങ്കിൽ വീടിന്റെ പരമാവധി ഉയരത്തിൽ വാട്ടർ ടാങ്ക് വയ്ക്കാൻ ശ്രദ്ധിക്കണം. കണക്കനുസരിച്ച് ഷവർ നന്നായി പ്രവർത്തിക്കണമെങ്കിൽ ഷവറും ടാങ്കും തമ്മിൽ 10 അടി എങ്കിലും ഉയരവ്യത്യാസം വേണം. സോളർ വാട്ടർ ഹീറ്റർ ഉപയോഗിക്കുന്നുണ്ടെങ്കിൽ ടാങ്കിന്റെ ഉയരത്തിന് പ്രത്യേക നിഷ്കർഷയുണ്ട്. ടാങ്കിന്റെ അടിനിരപ്പിൽ നിന്ന് അഞ്ച് അടി ഉയരവ്യത്യാസത്തിലാണ് സോളർ പാനൽ യൂണിറ്റ് നൽകേണ്ടത്.  

പൈപ്പിന് ഗുണനിലവാരം നിർബന്ധം

പ്ലമിങ്ങിന് ഉപയോഗിക്കുന്ന പൈപ്പുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചകൾ അരുത്. വില കുറഞ്ഞ പൈപ്പ് വാങ്ങി ബജറ്റ് കുറച്ചേക്കാം എന്നുള്ള ചിന്തകൾ അബദ്ധത്തിലേ കൊണ്ടെത്തിക്കൂ. അതുകൊണ്ട് നിലവാരമുള്ള പൈപ്പുകൾ തന്നെ പ്ലമിങ്ങിനു വേണ്ടി തിരഞ്ഞെടുക്കണം. പിവിസി, ജിഐ പൈപ്പുകൾക്കു പുറമേ കോപ്പർ ഇൻസുലേറ്റഡ് പിവിസി പൈപ്പുകളും (സിപിവിസി പൈപ്പുകൾ) വിപണിയിൽ ലഭ്യമാണ്. ഗുണമേന്മ കൂടിയ ഇവയ്ക്ക് വിലയും കൂടും. 

ബ്ലോക്കുകൾ ഒഴിവാക്കാൻ ‘ഗ’ ആകൃതിയിലുള്ള ബെൻഡുകൾക്ക് പകരം കെർവിങ് നൽകാറുണ്ട്. പൈപ്പുകളിൽ സ്പ്രിങ് ഇട്ട് ബെൻഡ് ചെയ്യുന്ന വിദ്യയും പ്രചാരത്തിലുണ്ട്. ഷവർ നന്നായി പ്രവർത്തിക്കണമെങ്കിൽ ഷവറും ടാങ്കും തമ്മിൽ 10 അടിയെങ്കിലും ഉയരവ്യത്യാസമുണ്ടാകണമെന്ന് ആദ്യമേ പറഞ്ഞല്ലോ. എന്നാൽ പലപ്പോഴും ഇതു സാധിച്ചെന്നു വരില്ല. ഇത്തരം സാഹചര്യങ്ങളിലാണ് പ്രഷർ ബൂസ്റ്റർ ആവശ്യമായി വരുന്നത്. ഒരു പൈപ്പ് ലൈനിൽ മാത്രമായി വെള്ളത്തിന്റെ സ്പീഡ് കൂട്ടാൻ ഓൺലൈൻ പ്രഷർ ബൂസ്റ്റർ ഉപയോഗിക്കാം. വീട്ടിനുള്ളിലെ എല്ലാ ടാപ്പിലും നല്ല ശക്തിയിൽ വെള്ളം കിട്ടാൻ ടാങ്കിൽ നിന്നുള്ള പ്രധാന ലൈനിൽ തന്നെ സെൻട്രലൈസ്ഡ് പ്രഷർ ബൂസ്റ്റർ ഘടിപ്പിച്ചാൽ മതി.

English Summary- Plumbing House- Things to Know

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS