ലക്ഷങ്ങൾ മുടക്കി പണിയും; പക്ഷേ തീ പുകയാറില്ല! കേരളത്തിലെ പല വമ്പൻ വീടുകളിലും ഇതാണവസ്ഥ

kerala-kitchen
Representative Image: Photo credit:RAUL RODRIGUEZ /istock.com
SHARE

വീടിനും വീട്ടുകാരൻെറ പോക്കറ്റിനും അനുസരിച്ച് വലുപ്പമുള്ള അടുക്കളകളാണ് കേരളത്തിൽ ഏറെയും. 'ഒരു വീടിനു ഒരു അടുക്കള' എന്നാണ് വയ്പെങ്കിലും എണ്ണം രണ്ടും മൂന്നുമൊക്കെയായി കഴിഞ്ഞു. വീട്ടുകാരുടെ അന്തസിനു ചേർന്ന രീതിയിൽ പളാപളാ മിന്നുന്ന ഒരു ഷോ കിച്ചൺ. ഗ്യാസടുപ്പും പാചകവുമൊക്കെയായി മറ്റൊന്ന്. വിറകടുപ്പ് വേണമെന്ന കാർന്നോമാരുടെ നിർബന്ധത്തിനു വഴങ്ങി അതും വർക്കേരിയയുമൊക്കെയായി മറ്റൊന്ന്. സ്ക്വയർഫീറ്റങ്ങനെ കൂടുമെങ്കിലും എണ്ണത്തിനൊരു കുറവുമില്ല. ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കോമഡി, വമ്പൻവീടുകളിൽ  ലക്ഷങ്ങൾ മുടക്കി പണിയുന്ന അടുക്കളകളിൽ പലതിലും തീ  പുകയാറില്ല എന്നതാണ്.

ആരംഭശൂരത്വത്തിൽ വമ്പൻ അടുക്കള പണിയുമെങ്കിലും ചായ വരെ ഓൺലൈൻ ഡെലിവറി കിട്ടുന്ന ഈ കാലത്ത് പലരും അടുക്കളയിൽ ജീവിതം ഹോമിക്കാൻ ഇഷ്ടപ്പെടാറില്ല. ഇനി അടുക്കളയും പാചകവുമൊക്കെ ഇഷ്ടമുള്ളവർക്കാകട്ടെ, തൂത്തുതുടച്ച് വലിയ അടുക്കള ഒരു ബാധ്യതയായുംമാറും. എന്നാൽ പിന്നെ ആവശ്യത്തിനുതകുന്ന ചെറിയ അടുക്കള പണിയുന്നതല്ലേ ബുദ്ധി. 

എണ്ണത്തിൽ മാത്രമല്ല അടുക്കളയുടെ വലുപ്പത്തിലും ധാരാളിത്വം കാണിക്കുന്നവർ ഏറെയുണ്ട്. മാസ്റ്റർ ബെഡ്റൂമിനേക്കാൾ വലിപ്പത്തിൽ അടുക്കള പണിതിട്ട് അതിെൻറ മൂന്നു വശത്തും പാതകംതീർത്ത് ഗ്രാനൈറ്റ് വിരിക്കുകയും കബോർഡുകൾ തീർക്കുകയും ചെയ്യും. എന്നിട്ട് ഓരോ ആവശ്യങ്ങൾക്കും കബോർഡിനുള്ളിൽ നിന്നെടുക്കുന്ന പാത്രങ്ങൾ ആവശ്യം കഴിയുമ്പോൾ പാതകത്തിനു പുറത്തു വയ്ക്കും.  

രാവിലെ മുതലിങ്ങനെ നിരത്തി വച്ചിരിക്കുന്ന പാത്രങ്ങൾ കാണുമ്പോൾ ഇതെല്ലാം ഒളിപ്പിച്ചു വയ്ക്കാനായി കബോർഡുകളും പുള്ളൗട്ടുകളും എന്തിനാണു പണിതതെന്നു തോന്നിപ്പോകും. പാത്രങ്ങളുടെ ബഹളം മാത്രമല്ല, സദാനേരവും ഈ ഗ്രാനൈറ്റ് ടോപ്പ് തുടച്ചു വൃത്തിയാക്കിയിടുക എന്ന ശ്രമകരമായ ജോലിയും ഇത്തരം അടുക്കള ഉപയോഗിക്കുന്ന വീട്ടമ്മമാർക്കുണ്ടാകും. 

പത്തും പതിനഞ്ചും അംഗങ്ങളും കൃഷിയും വിളവെടുപ്പും ഉണ്ടായിരുന്ന  പഴയകാല സെറ്റപ്പിൽ വലിയ അടുക്കളകൾ ആവശ്യമായിരുന്നു. എന്നാൽ ഇന്നത്തെ അണുകുടുംബ സെറ്റപ്പിൽ അതിന്റെ ആവശ്യമുണ്ടോ എന്നുചിന്തിക്കണം.  ഇന്ന് അടുക്കളയിൽ പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങളുടെ എണ്ണം വളരെ കുറവാണ്. അതുപോലെ പത്തും പന്ത്രണ്ടും അംഗങ്ങളില്ലാത്തതിനാൽ ആഹാരം വിളമ്പാനും കഴിക്കാനും അധികം പാത്രങ്ങൾ വേണ്ട. ഇതോടൊപ്പം എല്ലാം പെട്ടിക്കുള്ളിൽ അടുക്കിയൊതുക്കി വയ്ക്കാൻ കഴിയുന്ന മോഡുലാർ സംവിധാനം കൂടിയായപ്പോൾ അടുക്കളയുടെ വലിപ്പം ഒരു ആനക്കാര്യമല്ല. എന്നിട്ടും ഒരു പ്രദർശന വസ്തുവായി ആളുകളങ്ങനെ അടുക്കളകൾ പണിതിടുകയാണ്.

വീടുകളിൽ എത്ര മുറി വേണമെന്നു തീരുമാനിക്കുന്നതു പോലെ അടുക്കളയുടെ വലുപ്പവും അനുബന്ധ സൗകര്യങ്ങളും വീടിന്റെ പ്ലാനിങ്ങ് ഘട്ടത്തിൽ തന്നെ ചർച്ച ചെയ്തു തീരുമാനത്തിലെത്തണം. ഉപയോഗിക്കുന്ന പാചക സംവിധാനങ്ങളുടെയും രീതിയുടെയും പിൻബലത്തിൽ അടുക്കള വലുപ്പം തീരുമാനിക്കാം. ഗ്യാസും ഇൻഡക്ഷൻ കുക്കറുമാകും നഗരപ്രദേശങ്ങളിലെ വീടുകളിൽ. നാട്ടിൻ പുറത്താകട്ടെ ഗ്യാസ് സ്റ്റൗവിനൊപ്പം പുകയില്ലാത്ത വിറകടുപ്പും കാണും. റബർഷീറ്റൊക്കെ ഉണങ്ങാനുള്ള വീടുകളിലാകട്ടെ അപൂർവ്വമായി ഉയരം കൂടിയ ചിമ്മിനി സംവിധാനത്തോടു കൂടിയ അടുപ്പും കാണാം. 

വിറകും വിറകടുപ്പുമെല്ലാം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനു വർക്കേരിയയിൽ സ്ഥലം കണ്ടെത്താം. വലുപ്പം കൂടിയ പാത്രങ്ങൾ കഴുകാനുള്ള ഒരു സിങ്കും അവിടെ തന്നെയാകട്ടെ. മോഡുലാർ സംവിധാനത്തോടെ മനോഹരമായ അടുക്കളയിൽ ആകട്ടെ ഗ്യാസടുപ്പിലെ പാചകം. പ്ലേറ്റുകൾ കഴുകാനുള്ള ചെറിയൊരു സിങ്കും ഇവിടെയാകാം. ബിൽറ്റ് ഇൻ ഹോബും ഹുഡും ഉണ്ടെങ്കിൽ അതുതന്നെ പ്രയോജനപ്പെടുത്തുക (25,000–30,000 രൂപ കൊടുത്ത് വാങ്ങിയിട്ട് ഗൃഹപ്രവേശത്തിന്റെ അന്നു മാത്രം ഉപയോഗിച്ചാൽ പോരല്ലോ). അടുക്കളയിൽ കയ്യെത്തുംദൂരത്ത് തന്നെ കാര്യങ്ങൾ നടത്താനായാൽ നല്ലത്. ജോലികൾ എളുപ്പത്തിൽ ചെയ്യാനും വൃത്തിയായി സൂക്ഷിക്കാനും ചെറിയ അടുക്കളകളാണ് നല്ലത്. സർവോപരി വീടിൻെറ നിർമാണച്ചെലവിൽ നല്ലൊരു തുക ലാഭിക്കുകയും ആവാം.

English Summary- Luxury Kitchen Furnishing Mistakes

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS