ADVERTISEMENT

എന്റെ ലാപ്ടോപ്പിന് ചെറിയ സോഫ്റ്റ്‌വെയർ പ്രോബ്ലം. നേരാംവണ്ണം പണിയെടുക്കാതായപ്പോൾ ലാപ്ടോപ്പുമായി ഞാൻ ടെക്കിയായ സുഹൃത്തിനെ കാണാൻ പുറപ്പെട്ടു. അവധിദിനം ഏതാണ്ടൊരുച്ചനേരം. സുഹൃത്ത് താമസിക്കുന്നത് നഗരത്തിൽ നിന്നുമാറി പ്രാന്തപ്രദേശത്ത്.

കാടുപിടിച്ചുകിടന്ന സ്ഥലം. നഗരത്തിലെ ഏതോ റിയൽ എസ്റ്റേറ്റ് വ്യാപാരി അത് വാങ്ങി, വെട്ടിനിരത്തി വൃത്തിയാക്കി നഗരത്തിലെ ഒരു ബിൽഡർക്ക് മറിച്ചുവിറ്റു. ബിൽഡർ അതിനെ അഞ്ച് സെന്റ് പ്ലോട്ടുകളാക്കി ഇടയിലൂടെ ഒരു പാതയുമുണ്ടാക്കി. എല്ലാ പ്ലോട്ടിലും ഒരേയിനം പ്ലാനുകളുണ്ടാക്കി 'പ്രീമിയം വില്ലാസ്' എന്ന പേരിൽ പരസ്യം ചെയ്തു. 'ഹോം' എന്ന പേരൊക്കെ എന്നോ മൺമറഞ്ഞു. ഇപ്പോൾ വില്ലകളുടെ കാലമാണ്. അതും പ്രീമിയം, ലക്ഷ്വറി അങ്ങനെയൊക്കെയാണ് നാമവിശേഷണങ്ങൾ.

നാടിന്റെ നാനാഭാഗത്തു നിന്നും വിദേശത്തുനിന്നും പണവുമായി പലതരം ആളുകൾ വില്ലതേടി വന്നു. പ്രീമിയം വില്ലയുടെ പ്ലാൻ കണ്ടു ബോധിച്ചു. ആദ്യഗഡു തുകയും കൊടുത്തു.

ബിൽഡർ പണി തുടങ്ങി. ഇരുനില കന്റെംപ്രറി ചതുരവീടുകൾ.

villa
Representative Image: Photo credit:drday/istock.com

പേരുകേട്ട വാസ്തുവിദഗ്ദന്റെ കയ്യൊപ്പുള്ള പ്ലാൻ. ആർക്കിടെക്ടിനെ അടുപ്പിച്ചിട്ടില്ല. സിവിൽ എൻജിനീയറാണ് ഡിസൈനർ. പ്രസ്തുത പ്ലാനിൽ വാസ്തു വിദ്വാൻ വെട്ടലും തിരുത്തലും വരുത്തി കുട്ടപ്പനാക്കി കൊടുത്തു. എല്ലാവർക്കും സന്തോഷം. അങ്ങനെയാണ് നമ്മടെ സുഹൃത്തും അവിടെ എത്തിപ്പെട്ടത്.

വില്ല പണിതു വന്നപ്പോൾ സുഹൃത്തിന് ചില പന്തിയില്ലായ്കകൾ മണത്തു. ഊർജ പ്രവാഹത്തിലാണ് സുഹൃത്ത് സ്വന്തമായി ഡോക്ടറേറ്റെടുത്തിരിക്കുന്നത്. ഏത് സ്ഥലത്തും ഒരു ഊർജപ്രവാഹമുണ്ട്. ആ ഊർജത്തെ നമ്മുടെ വീട്ടിനകത്തേക്ക് പ്രവഹിപ്പിക്കണം. അതിനെ തടഞ്ഞാൽ വീട്ടിനകത്ത് അനർഥങ്ങൾ വരുമത്രെ...

സുഹൃത്ത് ഗഹനമായി ഗവേഷണത്തിലേർപ്പെട്ടു. പണിതുകൊണ്ടിരിക്കുന്ന തന്റെ വില്ലയുടെ ഊർജപ്രവാഹത്തിന്റെ വഴി മനസിലാക്കിയ പുള്ളി, ലിവിങ്  റൂമും ബെഡ്റൂമും വേർതിരിക്കുന്ന ഭിത്തിയിൽ ഒന്നരയടി വലുപ്പത്തിൽ ചതുരത്തിലൊരു തുളയിട്ടു. അവിടെ ഒരു അടപ്പും വച്ചു. തന്റെ വില്ലയിൽ ബെഡ്റൂമിനകത്തു കൂടിയാണ് അവിടത്തെ ഊർജ പ്രവാഹമെന്നതിനാലാണത്.

പ്രഭാതത്തിലും പ്രദോഷത്തിലുമാണത്രെ ഊർജത്തിന്റെ തള്ളിക്കയറ്റമുള്ളത്. ആ സമയം വാതിലുകൾ, ജനാലകൾ, ഒന്നരയടിയുടെ ദ്വാരം.. എല്ലാം തുറന്നുവയ്ക്കും. ഇപ്പോൾ വീട്ടിൽ ഊർജം നിറഞ്ഞുതുളുമ്പുകയാണത്ര. 'അയാം സോ ഹാപ്പി' എന്ന് സുഹൃത്ത് പറയുമ്പോൾ മുഖത്തെ ആഹ്‌ളാദം വ്യക്തമായി കാണാം.

പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. പുതിനയിലയിട്ട കട്ടൻ കിട്ടിയപ്പോൾ വർത്തമാനത്തിന് ഒരു സുഖം. ലാപ്ടോപ്പ് ശരിയാക്കി സുഹൃത്ത് എന്റെ കയ്യിൽ തന്നു. ഫാൻ കറങ്ങുന്നുണ്ട്. കട്ടൻ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അത്രേം നേരം എല്ലാം കേട്ടിരുന്ന ഞാൻ പറഞ്ഞു.

"പുറത്ത് മഴയുണ്ടായിട്ടും നല്ല ചൂടുണ്ടല്ലോ അകത്ത് ".

ഉം ചൂടുണ്ട്. ഇനി മുകളിൽ ഷീറ്റിടണം. ഇല്ലേൽ അകത്തിരിക്കാനാവില്ല....

വീണ്ടും ഞാൻ: ചൂട് എന്നുവച്ചാൽ താപം. താപം എന്നുവച്ചാൽ ഒരു വക ഊർജം.

ആ ഊർജത്തിന് സഞ്ചരിക്കാനായി എന്തേലും തരത്തിൽ സഞ്ചാരപഥം ഉണ്ടാക്കിയിട്ടുണ്ടോ വീട്ടിനകത്ത്?

സുഹൃത്ത് മുഖം ചുളിച്ച് ആലോചിച്ചു.

"ഇല്ല " .

ആ എങ്കിൽ കേട്ടോളൂ. ഏത് വീട്ടിനകത്തും ചൂടുണ്ടാകും. കാരണം പുറത്ത് അന്തരീക്ഷത്തിനും ചൂടുണ്ട്. അതിന് കാരണം വെയിലാണ്. വെയിലിൽ നിൽക്കുന്ന വീട്ടിനകത്ത് ചൂടുണ്ടാകുന്നത് സ്വാഭാവികം.

പക്ഷേ ചൂടിന്റെ അളവ് കുറയ്ക്കാൻ എന്താ വഴി ? 

ചൂടുകൊണ്ട് ഭാരം കുറയുന്ന കാറ്റിനെ കുത്തനെ ഒരു വഴിയുണ്ടാക്കി പുറത്തേക്കൊഴുക്കണം. പക്ഷേ അതാരും ചെയ്യാറില്ല. അത്രനേരം തിരശ്ചീനമായി ഊർജം വീട്ടിനകത്തേക്ക് പ്രവഹിപ്പിച്ചു കൊണ്ടിരുന്ന സുഹൃത്ത് എന്നെ കേട്ടിരുന്നു...

താഴെ കുറിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും എന്റെ മനസ്സിൽ പറഞ്ഞതാണ്:

പ്രീമിയം വില്ലയ്ക്ക് ഒന്നിനും കാർപോർച്ചില്ല. കാറിടാൻ മുറ്റത്ത് ഇടവുമില്ല. അങ്ങനെ വന്നാൽ കാറുകൾ വഴിയിലിടേണ്ടിവരും. വഴിയുടെ വീതിവളരെ കുറവാണ്. ഒരു കാറിട്ടാൽ മറ്റൊരു കാറിന് പോകാൻ ആവശ്യത്തിന് വീതിയുമില്ല. മാത്രമല്ല വഴിക്കിരുവശവും എല്ലാ വില്ലയ്ക്കും ഒന്നരമീറ്റർ പൊക്കത്തിൽ മതിലും കെട്ടിവച്ചിട്ടുണ്ട്. ആകെക്കൂടി ഒരു ശ്വാസംമുട്ടൽ.

പ്രിയ സുഹൃത്തേ, വീട്ടിനകത്തേക്കുള്ള ഊർജത്തിന്റെ പ്രവാഹം സസൂക്ഷ്മം നോക്കുന്ന താങ്കൾ കാറുവരുന്നതിനെപ്പറ്റിയും പാർക്കുചെയ്യുന്നതിനെപ്പറ്റിയും എന്തേ ആലോചിക്കാതിരുന്നത്?

ഇപ്പോൾ കക്ഷിയെ കാണാൻ കാറിൽ പോകുന്നവർക്ക് ഒരു കിലോമീറ്റർ അപ്പുറം പാർക്ക് ചെയ്ത്, കാൽനടയായി വേണം അദ്ദേഹം താമസിക്കുന്ന പ്രീമിയം വില്ലയിലേക്ക് സഞ്ചരിക്കാൻ. സാരമില്ല ഇക്കാലത്ത് ആവശ്യത്തിലേറെ കലോറി ഊർജ്ജം സംഭരിച്ചുവച്ച് നടക്കുന്ന മനുഷ്യർക്ക് പുറത്തേക്ക് കളയാനുള്ള ശാസ്ത്രീയ രൂപകൽപനയായിരിക്കാം, പ്രീമിയം വില്ല ഡിസൈൻ ചെയ്തയാളുടെയും വാസ്തു കൈകാര്യം ചെയ്ത് പ്ലാനിൽ വെട്ടലും തിരുത്തലും നടത്തിയ വാസ്തുവിദ്വാന്റെയും എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

English Summary- New Age House Design Aesthetics Problems- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com