8 മാസം നടത്തിച്ച് ബാങ്ക് ലോൺ നിരസിച്ചു: ഒടുവിൽ സ്വപ്നവീട് സഫലം; അനുഭവം

anoop-house-family
SHARE

'ആര് ആദ്യം വീട് വയ്ക്കുന്നുവോ, അവനായിരിക്കും വീട്'-  ഇത് അച്ഛൻ, എനിക്കും ചേട്ടനും അറിവുവച്ച കാലം മുതലേ പറയുന്ന ഒന്നായിരുന്നു. 

വീട് അനിയന്മാർക്ക് ഉള്ളതാണെന്നുള്ള നാട്ടുനടപ്പ് അച്ഛൻ അന്നേ പറമ്പിന് വെളിയിലേക്ക് എറിഞ്ഞിരുന്നു. ചേട്ടന് ആദ്യം ജോലി കിട്ടി. ചേട്ടൻ വീട് പണിതു. ശേഷം എന്റെ ഊഴമായിരുന്നു, 2012 ൽ ജോലി കിട്ടി, വീടിനുവേണ്ടി ചെറിയ അന്വേഷണമൊക്കെ നടത്തിയെങ്കിലും നടന്നില്ല. സാലറി ആയിരുന്നു ആ സമയത്തെ വില്ലൻ, പിന്നെ അടിച്ചുപൊളി ലൈഫും. അങ്ങനെ 2018 ൽ വിവാഹം കഴിഞ്ഞശേഷം സ്വന്തമായൊരു വീടെന്ന സ്വപ്നം വീണ്ടും പൊങ്ങി വന്നു. 

അങ്ങനെ വർഷങ്ങളായിട്ടുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ ആദ്യം ലോണിനായി ഒരു പ്രമുഖ ബാങ്കിലെത്തി. 8 മാസത്തോളം പേപ്പർവർക്ക് വേണ്ടിവന്നു. നടന്നും ഓടിച്ചും ഓടിപ്പിച്ചും അവർ വെറുപ്പിച്ചു. അവസാനം എന്തെന്നില്ലാത്ത കാരണം പറഞ്ഞു ലോൺ നിരസിച്ചു. 

ഇടി വെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച അവസ്ഥയായി. കണ്ണിൽ ഇരുട്ട് കേറിയ അവസ്ഥ, വീട് വയ്ക്കാൻ എല്ലാം ഒരുക്കിവച്ച എനിക്ക് ലോൺ അനുവദിക്കാത്തകൊണ്ട്,  'അവന്റെ വീട് പണി മുടങ്ങി' എന്ന രീതിയിൽ നാട്ടിലേക്ക് 'കോളാമ്പി വച്ച്' കുടുംബക്കാരും, നാട്ടുകാരും മൊഴിഞ്ഞുകൊണ്ടിരുന്നു. 

അങ്ങനെ മറ്റൊരു ബാങ്കിനെ സമീപിച്ചു. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ (കുറച്ചു പേപ്പർവർക്ക് മാത്രം) ലോൺ അനുവദിച്ചു. സന്തോഷം, സമാധാനം... പ്ലോട്ടിന് അഡ്വാൻസ് കൊടുത്തു. 2022 സെപ്റ്റംബറിൽ രജിസ്ട്രേഷൻ നടത്തി. 2022 ഒക്ടോബറിൽ പ്ലാൻ പൂർത്തിയായി. ഡിസംബറിൽ പണി തുടങ്ങി 2023 ഓഗസ്റ്റ് 10 ന് വീടുപണി തീർത്തു കയ്യിൽ തന്നു.

anoop-house

കോൺട്രാക്ടർ നമ്മുടെ പരിചയക്കാരനായത് ഗുണമായി. പുള്ളി പണിത പത്തോളം വീടുകൾ പോയി കണ്ടു (3 വർഷത്തിന് മേലെ പഴക്കമുള്ള വീടും കാണാൻ പോയി, സ്വയം വിലയിരുത്തിയതിന് ശേഷമാണ് പണി കൊടുത്തത്. അദ്ദേഹം നല്ല വെടിപ്പായി ചെയ്തു തരുകയും ചെയ്തു)

anoop-dine

സ്ഥലം കുറവായതിനാൽ ആദ്യം രണ്ടുനില വീട് വയ്ക്കാൻ ആലോചിച്ച് പ്ലാൻ വരച്ചെങ്കിലും, കുറച്ചു വീടുകൾ പോയിക്കണ്ടതിൽ, മുകളിൽ കയറാതെ ബാൽക്കണിയൊക്കെ പൊടി പിടിച്ചു കിടക്കുന്നത് കണ്ടു. ചോദിച്ചപ്പോൾ എല്ലാവർക്കും ഒരേ മറുപടി. 'എപ്പോഴും സ്റ്റെപ് കേറി ഇറങ്ങാൻ ബുദ്ധിമുട്ടാണ്. പിന്നെ ചെറിയ കുടുംബമാണേൽ താഴെ തന്നെ എല്ലാവരും ഉള്ളതാണ് നല്ലത്' എന്ന അഭിപ്രായവും കേട്ടു.

anoop-bed

അങ്ങനെ ഭാര്യയുമായി ആലോചിച്ചു ഒറ്റ നിലയാക്കി. ഇനി ഭാവിയിൽ എന്നെങ്കിലും മുകളിലേക്ക് എടുക്കണമെന്ന് തോന്നിയാലോ (മനുഷ്യന്റെ കാര്യമല്ലേ), താഴെയുള്ള ഒരു കിടപ്പുമുറിയുടെ ടോയ്‌ലറ്റ് കോമണാക്കിയിട്ടു. ഹാളിനോട് ചേർന്നുള്ള റൂം ആയതിനാൽ റൂഫ് പൊളിച്ചു മുകളിലേക്ക് സ്‌റ്റെയർ ഇടാം. 

ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം, പ്രെയർ സ്‌പേസ്..ഇത്രയുമാണ് 1200 സ്ക്വയർഫീറ്റിലുള്ളത്.

ചെലവുകൾ 

  • സ്ട്രക്ചർ-  21.5 ലക്ഷം
  • ചുറ്റുമതിൽ- 1.5 ലക്ഷം
  • കിണർ - 75K
  • 2 ലോഡ് മെറ്റൽ - 18K

കൂടാതെ പറമ്പ് മണ്ണടിച്ച് (പൂഴി) രണ്ടടിയോളം ഉയർത്തിയിരുന്നു. അതിനും 1.2 ലക്ഷം ചെലവായി. ഫർണിഷിങ്ങിന് കുറച്ചുലക്ഷങ്ങൾ ചെലവായി. അങ്ങനെ എല്ലാ ചെലവും ഉൾപ്പെടെ 45 ലക്ഷം രൂപയായി. നിർമാണസാമഗ്രികളുടെ വിലക്കയറ്റം ബജറ്റ് കാര്യമായി വർധിപ്പിച്ചിട്ടുണ്ട്. അത് നമ്മുടെ കയ്യിൽ ഉള്ള കാര്യമല്ലലോ...

വീട്ടിലേക്ക് വേണ്ട ഇലക്ട്രോണിക് സാധനങ്ങൾ, ഷോപ്പിൽ തിരക്കിയപ്പോൾ ഓണം ഓഫറുണ്ടെന്ന് പറഞ്ഞിട്ടും ഓൺലൈനേക്കാളും കാശ് കൂടുതലാണ്. അതുകൊണ്ട് ഒക്കെ ഓൺലൈനിൽ നിന്നാണ് വാങ്ങിയത്. അങ്ങനെ.... ഓഗസ്റ്റ് 21 ന് സ്വപ്നം സാക്ഷാത്കരിച്ച്  പുതിയ വീട്ടിലേക്ക് താമസം മാറി.

26 ലക്ഷം രൂപ ഹോം ലോണുണ്ട്. സാരമില്ല അടഞ്ഞു പൊയ്‌ക്കോളും. (ഇൻഷുറൻസ് 100% coverage എടുത്തിട്ടുണ്ട്, മരണപ്പെടുകയോ, കാൻസർ പോലുള്ള മാരക അസുഖങ്ങൾ വന്ന് മെഡിക്കലി അൺഫിറ്റ്‌ ആയാൽ ലോൺ 100% ഇൻഷുറൻസ് കമ്പനി ഏറ്റെടുക്കും )

നന്ദി പറയാൻ മൂന്നു പേരോട് മാത്രം, ലോൺ അനുവദിച്ച ബാങ്ക്, കോൺട്രാക്ടർ പിന്നെ കെട്ടിയോളും, എല്ലാത്തിനും ഓടാനും ഓരോ കാര്യങ്ങൾ ഒരുമിച്ചു ആലോചിച്ചു തീരുമാനം എടുക്കാനും അത് നടത്തിയെടുക്കാനും ഒപ്പം നിന്നവൾ....വീടുപണിയിലെ ഏറ്റവും വലിയ സപ്പോർട്ട് അതായിരുന്നു...

വീട് വിഡിയോസ് കാണാം..

English Summary- Dream Fulfilled-Malayali House Building Experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS