'ഇവിടെ ആത്മാക്കൾ അലയുന്നുണ്ട്': പേടിച്ച് കണ്ണായസ്ഥലം വാങ്ങാനുള്ള അവസരം കൈവിട്ടു; അനുഭവം

plot-for-sale
Representative Image: Photo credit:Uniments/istock.com
SHARE

സൗകര്യത്തിന് നമ്മുടെ സുഹൃത്തിനെ രവി എന്ന് വിളിക്കാം. രവി വിദ്യാസമ്പന്നനാണ്.കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയറിലാണ് പുള്ളിയുടെ അറിവിന്റെ ആവി പറക്കുന്നത്. രവി വീട് വയ്ക്കാനായി സ്ഥലമന്വേഷിച്ച് നടക്കുന്ന കാലം. അങ്ങനെ ബ്രോക്കർ പറഞ്ഞസ്ഥലത്തെത്തി. ഇടിഞ്ഞുപൊളിഞ്ഞ പഴയൊരു വീടുള്ള പറമ്പ്. പറമ്പിൽ പ്ലാവും മാവും മറ്റു മരങ്ങളും ധാരാളം. വീടുപണിക്ക് തടി പുറത്തുനിന്ന് മേടിക്കേണ്ടി വരില്ലെന്നുറപ്പ്... ബ്രോക്കറിന് സ്ഥലത്തെപ്പറ്റി പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല.

രവി പറമ്പൊക്കെ ചുറ്റിനടന്ന് കണ്ടു. പക്ഷേ അജ്ഞാതമായ ഒരു അസ്വസ്ഥത ശരീരത്തിലൂടെ പായുന്നുണ്ട്. അതെന്താണെന്ന് തിരിച്ചറിയാൻ കഴിയുന്നുമില്ല.

സ്ഥലം കൊള്ളാം ...പക്ഷേ...എന്തോ എവിടെയോ ഒരു പന്തിയില്ലായ്ക....

സ്ഥലം കണ്ട് തിരിച്ചുപോകുന്നേരം ബ്രോക്കറിനോട് രവി സ്വകാര്യമായി ചോദിച്ചു:

എന്തെങ്കിലും കുഴപ്പം പിടിച്ച ഇടമാണോ ഇത്?

അയ്യോ സാറേ എന്ത് കുഴപ്പം. ഇത്രേം നല്ല സ്ഥലം വേറെവിടെ കിട്ടും.

ആ കിണറ് കണ്ടോ ?

ശര്യാണ് കിണറ് നെറച്ചും വെള്ളമുണ്ട്. പൊരിഞ്ഞ വേനൽക്കാലത്തും വെള്ളം നിറഞ്ഞിങ്ങനെ നിൽക്കണമെങ്കിൽ....

രവിക്ക് പക്ഷേ ആധി ഒഴിയുന്നില്ല. എങ്കിലും പിറ്റേന്ന് സ്ഥലത്തെ പ്രധാന ദിവ്യനുമായി രവി വീണ്ടും അതേ സ്ഥലത്തേക്ക് ഒരിക്കൽകൂടി വന്നു. ദിവ്യൻ ആകാശം നോക്കി. പ്ലാവും മാവും നോക്കി. അതിരുകൾ നോക്കി. പക്ഷേ ദിവ്യൻ അതിരിനകത്തേക്ക് കയറുന്നില്ല. ദിവ്യന്റെ കാലിൽ ഒരു ഷോക്കനുഭവപ്പെടുന്നുണ്ടാകുമോ? രവിക്ക് ഇന്നലെ അനുഭവപ്പെട്ട ആധിയിൽ കഴമ്പുണ്ടെന്ന് തോന്നിയ നിമിഷം.

അൽപനേരം കണ്ണടച്ചുനിന്നതിനുശേഷം ദിവ്യൻ പറഞ്ഞു.

ഇത് വേണ്ട. നല്ല സ്ഥലമാണ്. പക്ഷേ അലയുന്ന ചില ആത്മാക്കളുണ്ട്. വീടുവച്ചാൽ മനഃസമാധാനമുണ്ടാകില്ല.

ചിലയിനം സിനിമാക്കഥ പോലെ നിങ്ങൾക്ക് തോന്നുമെങ്കിലും സംഭവം സത്യമാണെന്ന് രവി തന്റെ 'കൂലങ്കഷമായ' സ്ഥലത്തെപ്പറ്റിയുള്ള ചരിത്രാന്വേഷണത്തിൽ കണ്ടെത്തിയപ്പോൾ തനിക്കനുഭവപ്പെട്ടതിന്റെയും ദിവ്യൻ കണ്ടെത്തിയതിന്റെയും പൊരുളറിഞ്ഞു. തന്റെ മനസ്സിൽ ഉറവയെടുത്ത ആധിയുടെ പൊരുൾ മനസിലായതോടെ ആ സ്ഥലം വേണ്ടെന്നു വച്ചു നമ്മുടെ രവി. ഇത് പത്തുമുപ്പതു കൊല്ലം മുൻപത്തെ കഥയല്ല. ഈ സംഭവം നടക്കുന്നത് വെറും രണ്ടു കൊല്ലം മുമ്പാണ്!.

മുപ്പത് കൊല്ലം മുമ്പാണ് ഈ സംഭവമെങ്കിൽ നമ്മിലാരെങ്കിലും വാങ്ങുമോ ആ സ്ഥലം?

ഏതെങ്കിലും വീട്ടിൽ ആരെങ്കിലും ആത്മഹത്യ ചെയ്താൽ കാലങ്ങളോളം ആരും വാങ്ങാതെ ആ വീടങ്ങനെ ആർക്കും വേണ്ടാതെ കിടക്കും. അവിടെ താമസിച്ചവർ അവിടം വിട്ടുപോകും. രാത്രിയിൽ ഒട്ടേറെ 'ശബ്ദങ്ങൾ' കേൾക്കും.

പക്ഷേ നഗരവൽക്കരണം വന്നപ്പോളാണ് മനുഷ്യരുടെ മനസിൽ ഭയമില്ലാതായത്. 'പ്രേതങ്ങൾ' കുടിയൊഴിഞ്ഞു പോയത്. എല്ലായിടങ്ങൾക്കും വലിയ വിലയുണ്ടായത്. എവിടെയും താമസിക്കാമെന്ന തോന്നലുണ്ടായത്. കൊച്ചി നഗരത്തിലെ കണ്ണായ സ്ഥലത്തെ ഏതെങ്കിലും കിണറ്റിൽ ചാടി ആരെങ്കിലും ആത്മഹത്യ ചെയ്താൽ ആ കിണർ നിൽക്കുന്ന സ്ഥലത്തിന് വില കുറയുമോ?...

നഗരവൽക്കരണം പരമ്പരാഗത ഭയങ്ങളെ അപ്പാടെ ഇല്ലാതാക്കിയിട്ടുണ്ടെങ്കിലും പ്രേതങ്ങളെയാകെ കെട്ടുകെട്ടിച്ചിട്ടുണ്ടെങ്കിലും പഴയ അതേ ഭയത്തിൽ ജീവിക്കുന്ന ഒട്ടേറെ രവിമാർ ഇന്നും നമുക്കിടയിൽ സജീവമായി ജീവിക്കുന്നുണ്ട് എന്നതിന്റെ തെളിവ് പലയിടങ്ങളിലും ഇപ്പോഴും കാണാം.

വിദ്യാഭ്യാസം എത്രയുണ്ടെങ്കിലും പ്രേതത്തെ ഭയപ്പെടാത്തവരായി ആരെങ്കിലുമുണ്ടാകുമോ? ഇല്ല.

വാൽ:

രവി വേണ്ടെന്നുവച്ച സ്ഥലം ചുളുവിൽ വാങ്ങി കെട്ടിടം പണിയാൻ ആരും മോഹിച്ച് ആ വഴി പോകേണ്ടതില്ല. അത് പണ്ടേക്കുപണ്ടേ പണവുമായി വന്ന് വാങ്ങി മുറിച്ച് കഷണങ്ങളാക്കി മറിച്ചുവിറ്റ് പണക്കാരായി മാറിക്കഴിഞ്ഞു ചിലർ.

വീട് വിഡിയോസ് കാണാം..

English Summary- Selecting Plot for House Construction Misconceptions- Experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS