കാലം മാറി, മലയാളി മാറി, വീടുകളും; ഇനി കാത്തിരിക്കുന്നത് എന്താകും? അനുഭവം

1191228296
Representative Image: Photo credit:triloks/istock.com
SHARE

മുൻപൊക്കെ കേരളത്തിലെ ഓരോ പ്രദേശത്തിനുമനുസരിച്ച് വീടുകളുടെ ഘടനയിൽ കാര്യമായ വ്യത്യാസങ്ങൾ പ്രകടമായിരുന്നു. തെക്കൻ ജില്ലകളിലെ വീടും മധ്യകേരളത്തിലെ വീടും മലബാറിലെ വീടും തമ്മിൽ വാസ്തുശില്പപരമായി ചില വ്യത്യാസങ്ങളുണ്ടായിരുന്നു. അടിസ്ഥാനപരമായി കുടുംബഘടന, ജീവിതനിലവാരം, നിർമാണസാമഗ്രികളുടെ ലഭ്യത, സംസ്കാരം എന്നിവയൊക്കെ വീടുകളുടെ രൂപത്തെ സ്വാധീനിച്ചിരുന്നു.

ഉദാഹരണത്തിന് തൃശൂർ ജില്ലയിലൂടെ സഞ്ചരിച്ചാൽ കൊളോണിയൽ ശൈലിയിൽ പണിത നിരവധി രമ്യഹർമ്യങ്ങൾ കാണാൻസാധിക്കും. അതുപോലെ മലപ്പുറത്തെ വീടുകളിൽനിന്ന് ചില വ്യത്യാസങ്ങളുണ്ടായിരുന്നു കോഴിക്കോട്, കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലുള്ള വീടുകൾക്ക്. 

എന്റെ നാടായ മലപ്പുറത്ത് പണ്ട് വീടുകൾ മൂന്നും നാലും തട്ടുകളായിട്ടാണ് പണിതിരുന്നത്. തള്ളപ്പുരയുടെ (നടുഭാഗം വീട്) ചുവരുകൾ വളരെ വലിയ ഉയരത്തിൽ പണിത് അതിനുമുകളിലാണ് മേൽക്കൂര (ഓട്/ ഓല) മേഞ്ഞിട്ടുണ്ടാകുക. വരാന്തയും വശങ്ങളിലുള്ള കിടപ്പുമുറികളുമെല്ലാം മറ്റൊരു തട്ടായി ചരിച്ചുതാഴ്ത്തിയാണ് പണിയുക. അടുക്കളയും പിൻവശവുമെല്ലാം മൂന്നാമതൊരു തട്ടായിട്ടായിട്ടായിട്ടായിരിക്കും പണിയുക. വാസ്തുശിൽപകലയുടെ കരവിരുതുകൾ അങ്ങേയറ്റം പ്രകടമാകുന്ന ഈ വീടുകൾ പുറമെ നിന്ന് കാണാൻ ലാളിത്യം നിറഞ്ഞ ഭംഗിയുണ്ടായിരുന്നു.

മുൻപൊക്കെ കണ്ണൂർ തലശ്ശേരി ഭാഗങ്ങളിലെ വീടുകൾ എത്ര വലുതായാലും  ഒറ്റമേൽക്കൂരയായിട്ടാണ് പണിതിട്ടുണ്ടാകുക. കിടപ്പുമുറികളും അടുക്കളയും വരാന്തയും മറ്റെല്ലാ സൗകര്യങ്ങളും അതിനകത്തുണ്ടായിരിക്കും. അത്തരം വീടുകൾക്ക് താരതമ്യേന പുറമെ നിന്നുള്ള കാഴ്ചഭംഗി കുറയുമെങ്കിലും അകത്തളങ്ങൾ ഭംഗിയിലും പ്രൗഢിയിലും മുന്നിട്ടുനിന്നിരുന്നു. 

എന്നാൽ ഇന്നതിനെല്ലാം കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. വീടുകളുടെ കാര്യത്തിലും മറ്റെന്തിലായാലും എല്ലാ പ്രദേശത്തുകാരും പരസ്പരം അനുകരിക്കാനും മത്സരിക്കാനും തുടങ്ങി. അതിൽ ഗുണങ്ങൾ ചിലതുണ്ടങ്കിലും, പാരമ്പര്യമായി കൈവന്ന ചില നല്ല മൂല്യങ്ങൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ന് കേരളത്തിലൂടെ സഞ്ചരിച്ചാൽ എല്ലാത്തരം വീടുകളും എല്ലായിടത്തും കാണാം. വീടുകളുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യം നഷ്ടമായി എന്ന് തോന്നാറുണ്ട്.

മൂന്നു വർഷം മുൻപ്, കണ്ണൂർ പയ്യന്നൂരിലുള്ള എന്റെ ഒരു സുഹൃത്തിന്റെ വീട് പാർക്കലിന് ഞാൻ പങ്കെടുക്കുകയുണ്ടായി. ഏകദേശം 2000 Sqft ന് മുകളിൽ സൗകര്യമുള്ള വീടിന് രണ്ട് കിടപ്പുമുറികൾ മാത്രമാണുളളത്!...1300 Sqft'ന് മുകളിൽ സ്ഥലം സിറ്റ്ഔട്ടിനും ലിവിങ് ഹാളിനും ഡൈനിങ് ഏരിയയ്ക്കും അടുക്കളയ്ക്കും വേണ്ടി മാറ്റിവച്ചിരിക്കുന്നു!..

3 ആൺമക്കളും ഒരു പെൺകുട്ടിയും അടങ്ങുന്ന 6 അംഗ കുടുംബത്തിന് രണ്ട് കിടപ്പുമുറികൾ മാത്രം പണിതിരിക്കുന്നത് എന്താണന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി, "വീട്ടിൽ വരുന്ന ഗസ്റ്റുകൾ കാണുന്നത് വീടിൻ്റെ പുറമെ നിന്നുള്ള വലുപ്പവും, സിറ്റ്ഔട്ടും, ലിവിങ് റൂമിന്റെ വിശാലതയും അടുക്കളയുമൊക്കെയാണ്. അതുകൊണ്ടുതന്നെ ആ ഭാഗങ്ങൾ പ്രത്യേകം സൗകര്യമുള്ളതും ഭംഗിയുള്ളതുമാക്കുക എന്നത് ഇവിടെ നിർബന്ധമാണ്" എന്നാണ്. കൂടാതെ വിവാഹാലോചനകൾ നടക്കുമ്പോൾ വീടിന്റെ വലുപ്പവും പ്രൗഢിയും ഒരു നിർണായക ഘടകമാണ് എന്നും സുഹൃത്ത് പറഞ്ഞു. മാത്രമല്ല വിവാഹശേഷം താമസിക്കുന്ന വീട് മാറുന്ന പതിവും അവിടെയുള്ളതിനാൽ വീട്ടിൽ അധികം അംഗങ്ങൾ ഒരേസമയം ഉണ്ടാകാറില്ലത്രെ..അതുകൊണ്ടുതന്നെ മൂന്ന് ആൺമക്കളും ഒരു പെൺകുട്ടിയുമുള്ള അവിടങ്ങളിൽ വേണ്ടത് ആളെണ്ണിയുള്ള കിടപ്പുമുറികളല്ല. മുകളിൽ പറഞ്ഞ മറ്റു വിശാലതകളാണ് എന്ന് സാരം.

ഈ പ്രദേശങ്ങളിൽ എല്ലാം ഇങ്ങനെയാണ് എന്ന് സാമാന്യവൽകരിച്ചതല്ല. എന്റെ ചെറിയ അറിവും, ഒറ്റപ്പെട്ട അനുഭവവും നിങ്ങളുമായി ഇവിടെ പങ്കുവച്ചുവന്നേയുള്ളൂ.

വാൽകഷ്ണം :

തലമുറകൾ മാറിവരുമ്പോൾ വീടിനെക്കുറിച്ചുള്ള അഭിരുചികളും മാറിവരും. കേരളത്തിലെ നിർമാണമേഖലയിലും കാറ്റ് മാറി വീശിത്തുടങ്ങിയിട്ടുണ്ട്. മുൻതലമുറയിൽ പലർക്കും വീട് 'സ്റ്റാറ്റസ് സിംബൽ' ആയിരുന്നെങ്കിൽ, കുടിയേറുന്ന പുതുതലമുറയിൽ പലർക്കും 'നാട്ടിൽ സ്വന്തമായി ഒരു വീട്' ആവശ്യമായി പോലും തോന്നുന്നില്ല. നാട്ടിലെ വീടും സ്ഥലവും വിറ്റ് വിദേശരാജ്യങ്ങളിൽ വീട് വാങ്ങാനാണ് പലരും ശ്രമിക്കുന്നത്. അതിന്റെ പ്രതിഫലനങ്ങൾ ഭൂമി വിലയിലും നിർമാണ മേഖലയുടെ ഡിമാൻഡിലും ഒക്കെ പ്രതിഫലിക്കുന്ന നാളുകളാകും ഇനിവരുന്നത്.

English Summary : House : Malayali Perceptions Changing Over Time - Readers' Experience

വീട് വിഡിയോസ് കാണാം...

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS