'അവിശ്വസനീയ വിലക്കുറവിൽ' നിർമാണസാമഗ്രികൾ: പറ്റിക്കപ്പെടരുത്; അനുഭവം
Mail This Article
ചിലർക്ക് വിശ്വാസമായന്നു വരില്ല...എന്നാൽ എനിക്ക് അനുഭവമാണ്!... ചില മാർബിൾ ഷോപ്പുകളിൽ അതിശയിപ്പിക്കുന്ന വിലക്കുറവിൽ മാർബിൾ, ഗ്രാനൈറ്റ്, ടൈൽസ്...എന്നിവയെല്ലാം വിൽക്കുന്നത് കാണാം. വിലക്കുറവിൽ ആകൃഷ്ടരായി ഇത്തരം ഷോപ്പുകളിൽനിന്ന് സാധനങ്ങൾ വാങ്ങിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. യാതൊരു കള്ളത്തരവുമില്ലാതെ ഉപഭോക്താവിന് വിലയിൽ ഇളവുകൾനൽകുന്ന അനേകം സ്ഥാപനങ്ങളുണ്ടങ്കിലും, ഉപഭോക്താക്കളെ പറ്റിക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ട് എന്ന് മനസ്സിലാക്കുക.
മാർബിൾ ആയാലും, ഗ്രാനൈറ്റായാലും, ടൈലുകളായാലും...നിർമാണ സമയത്ത് ഇവയുടെ ചില സീരിസുകളിൽ ചെറുതും വലുതുമായ ബെൻ്റ്, പൊട്ടൽ, ക്രാക്ക്... പോലുള്ള പ്രശ്നങ്ങൾ (manufacturing defect) സംഭവിക്കാറുണ്ട്. ഇങ്ങനെ സംഭവിക്കുന്ന വസ്തുക്കൾ നിസ്സാര വിലയ്ക്ക് കമ്പനികളിൽനിന്നും ഏജൻസികൾക്ക് ലഭിക്കും. 'അവിശ്വസനീയമായ വിലക്കുറവിൽ' ഏജൻസികൾ വിറ്റഴിക്കുന്നത് അധികവും ഇത്തരം വസ്തുക്കളാണ്.
സാധാരണക്കാർക്ക് എളുപ്പം കണ്ടുപിടിക്കാൻ സാധിക്കാത്ത 'സാരവും-നിസ്സാരവുമായ' ഇത്തരം ഡാമേജുകളുള്ള വസ്തുക്കൾ 'അവിശ്വസനീയമായ വിലക്കുറവിൽ' വിൽക്കുമ്പോൾ ചില ഷോപ്പുകൾ ചില കുരുട്ട് ബുദ്ധികൾ പ്രയോഗിക്കാറുണ്ട്. അതിലൊന്നാണ്, ബെന്റോ ക്രാക്കൊ വന്ന മാർബിൾ/ ഗ്രാനൈറ്റ്/ ടൈൽസ്...എന്നിവയുടെ മൂല ചെറുതായി പൊട്ടിച്ചു കളയുക എന്നത്. കയറ്റിറക്ക് സമയത്ത് അബദ്ധത്തിൽ മൂല പൊട്ടിയതുകൊണ്ടാണ് ഇത്രയും വിലക്കുറവിൽ വിൽക്കുന്നത് എന്ന് ഉപഭോക്താവിന് തോന്നിപ്പിക്കാൻ വേണ്ടിയാണ് ഈ വിദ്യ ചെയ്യുന്നത്. (കമ്മീഷൻ ലിങ്കുള്ള ചില പണിക്കാരെങ്കിലും ഈ കള്ളത്തരത്തിന് കൂട്ടുനിൽക്കുന്നുമുണ്ട്.)
അൽപലാഭത്തിനുവേണ്ടി ഇവ മേടിച്ചാലുള്ള പ്രശ്നം കൂടി പറയാം. സൂക്ഷ്മമായ ക്രാക്കുകളുള്ള മാർബിളൊ ഗ്രാനൈറ്റൊ കട്ട് ചെയ്യുന്ന സമയത്തോ ഫ്ലോറിൽ ഫിക്സ് ചെയ്യുന്ന സമയത്തോ അതുമല്ലെങ്കിൽ അധികം വൈകാതെ പൊട്ടിപ്പോകാം. ബെന്റുള്ളതാണങ്കിലും ഇതുതന്നെയാണ് അവസ്ഥ. ബെൻ്റുള്ളതാണങ്കിൽ ഫിക്സിങ് വൃത്തിയാവുകയില്ല. ടൈലുകളുടെ ഭാഗം പൊങ്ങിനിന്ന് കാലിന് മുറിവുപറ്റാൻ സാധ്യത ഏറെയാണ്. വേറേയും ഒത്തിരി പ്രശ്നങ്ങളുണ്ട്
വിലക്കുറവിൽ വിൽപന നടത്തുന്നവരല്ലാം ഇങ്ങനെ കള്ളൻമാരാണ് എന്നല്ല പറയുന്നത്. മാന്യമായും സത്യസന്ധമായും വിലക്കുറവ് നൽകുന്ന അനേകം സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ, മുകളിൽ പറഞ്ഞതുപോലെ, കള്ളത്തരങ്ങൾ കാണിക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങളും നമുക്ക് ചുറ്റിലുമുണ്ട് എന്ന കാര്യം (അനുഭവത്തിൽ നിന്നും) പങ്കുവച്ചു എന്നുമാത്രം....
English Summary- Damaged Flooring Materials on Big Discount- Experience