അൽപലാഭം നോക്കിയാൽ ധനനഷ്ടം ഫലം: വീടുപണിയിലെ ചില കെണികൾ

Mail This Article
'അവനവനിസം'-പല സന്ദർഭങ്ങളിലും പ്രത്യേകിച്ച് വീടുപണിയിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ ചെന്നുചാടുന്ന കെണിയാണ് 'അവനവനിസം'. എന്നുവച്ചാൽ അതാത് മേഖലകളിൽ അറിവും പ്രവൃത്തി പരിചയവും ഉള്ളവരെ ആ പണി ഏല്പിക്കാതെ നമ്മൾ സ്വന്തമായി നിസ്സാരമായി ലാഭത്തിൽ കൈകാര്യം ചെയ്യാം എന്ന ധാരണയിൽ ചെയ്ത് നഷ്ടത്തിലാവുകയും പുലിവാല് പിടിക്കുന്നതുമായ അവസ്ഥ.
ഉദാഹരണത്തിന് ഒരു സമൂഹമാധ്യമ ഗ്രൂപ്പിൽ ഒരാൾ ചോദിച്ചു. 'മേൽക്കൂരയുടെ വാട്ടർപ്രൂഫിങ് നമുക്ക് തന്നെ ചെയ്താൽ പോരെ?' എന്ന്. മൂലകാരണം നോക്കാതെയുള്ള ഒരു മറുപടി ഏകദേശം ഇങ്ങനെയാണ്...മതി ബ്രോ, ലേശം വൈറ്റ് സിമൻറ്, കുറച്ച് ഫെവിക്കോൾ, പാകത്തിനിത്തിരി വെള്ളം (ഇത്തിരി പിണ്ണാക്ക് അല്ലേ അതു വേണ്ട!), ഒരു ചൂലിൽ മുക്കി രണ്ട് തവണ അങ്ങോട്ട്, രണ്ട് തവണ ഇങ്ങോട്ട്, ശറപറേന്ന് ചോർന്ന ഏത് കൂരയുടെയും ചോർച്ച ബ്രേക്കിട്ട പോലെ നിക്കും, നിസ്സാരം!
മറ്റനവധി ഉദാഹരണങ്ങൾ നിങ്ങൾ സമൂഹമാധ്യമത്തിൽ വായിച്ചിട്ടുണ്ടാവും, അല്പ ലാഭത്തിനായി സ്വയം ചെയ്യുന്നവയിൽ മിക്കതും ചെന്നവസാനിക്കുക ധനനഷ്ടത്തിലും മാനഹാനിയിലുമായിരിക്കും, അധികം ആരും പുറത്ത് പറയാറില്ല എന്നതാണ് വാസ്തവം. ശരിയാണ് ! എല്ലാം നമ്മൾ മനുഷ്യർ തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ 'നമ്മളെ കൊണ്ട് പറ്റില്ലേ' എന്ന് ചോദിച്ചാൽ 'പറ്റും' എന്നാവും ഉത്തരം, പക്ഷേ നമ്മൾക്ക് അതിനുള്ള അറിവും പ്രവൃത്തിപരിചയവുമില്ലെങ്കിൽ ആ പണിക്ക് നിൽക്കരുത് എന്നാണ് എന്റെ ഒരിത്.
ഒരു കല്പണിക്കാരനറിയാം കല്ലിന്റെ ഏത് ഭാഗത്ത് തട്ടിയാൽ വേണ്ട രീതിയിൽ അത് പൊട്ടി കിട്ടുമെന്ന് ,അദ്ദേഹം രണ്ട് തട്ടുന്നിടത്ത് നമ്മൾ പത്ത് തട്ട് തട്ടേണ്ടി വരും! അതിൽ രണ്ട് നമ്മുടെ കൈക്കിട്ട് കിട്ടിയാൽ അതിന്റെ അധിക ചെലവും വേദനയും മിച്ചം.
ഒരു മേസ്തിരി നല്ല മേസ്തിരിയാവുന്നതിന് മുൻപ് എത്രയോ നാൾ മൈക്കാട് പണി ചെയ്തുകാണും? തൂക്കു കട്ട നേരെ പിടിക്കാത്തതിന് എത്ര തവണ ഹെഡ് മേസ്തിരിയുടെ സംസ്കൃതവും, കരണ്ടി വച്ചുള്ള കൊട്ടും കിട്ടിയിട്ടുണ്ടാവും? ഒരു ദിനചര്യ പോലെ വർഷങ്ങളോളം അവർ ചെയ്തു ചെയ്തു സ്ഫുടം ചെയ്ത സംഗതിയേയാണ് പലപ്പോഴും നമ്മൾ നിസ്സാരം എന്ന് കരുതി തന്നെത്താൻ ചെയ്യാനായി തുനിഞ്ഞിറങ്ങുന്നത്.
സിമന്റ്, സ്റ്റീൽ, എന്തിന് മണലിനുവരെ നൂറ് ബ്രാൻഡും മാർക്കറ്റിങ്ങും നടക്കുന്ന കാലത്ത് ഓരോ സാധനങ്ങളുടെയും ഗുണനിലവാരം കൃത്യമായി മനസിലാക്കുക ശ്രമകരമാണ്, നമുക്ക് വിഷയത്തിൽ ഗ്രാഹ്യം കുറവാണെങ്കിൽ ഏത് പൊട്ട സാധനവും വാഗ്സാമർത്ഥ്യത്തിലൂടെ നമ്മുടെ തലയ്ക്ക് വച്ചു തരും.
അവനവൻ അവനവന് അറിയാവുന്ന പണി ചെയ്യുന്നതല്ലേ ഹീറോയിസം. 'ഇപ്പോ ശരിയാക്കിത്തരാം' എന്ന് പറഞ്ഞ് അറിയാത്ത പണി ചെയ്ത് അവനവനിസത്തിന്റെ ഇരയാക്കാതിരിക്കാൻ അതീവ ജാഗ്രതയും ക്ഷമയും വേണം. കാരണം ബഹുഭൂരിപക്ഷവും അറിഞ്ഞോ അറിയാതെയോ ഇതിൽ ചെന്നു പെടും എന്നതാണ് സത്യം.
വീടുപണിയുടെ എല്ലാ വശവും അറിയാവുന്ന വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ള പ്രൊഫഷനലുകളെ അത് എല്പിച്ച്, തലവേദന കുറച്ച്, നിങ്ങളുടെ ഊർജം നിങ്ങളുടെ കർമ്മമേഖലയിൽ ഉപയോഗിച്ച് ഉയരങ്ങളിലെത്താൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത് എന്നാണ് എന്റെ എളിയ അഭിപ്രായം.
ഉചിതമായവ
1. കോപ്പി - പേസ്റ്റ് പ്ളാൻ ഒഴിവാക്കി നമ്മുടെ ബജറ്റും ആവശ്യവും പറഞ്ഞ് മനസിലാക്കി അനുഭവസമ്പത്തും വൈദഗ്ധ്യവുമുള്ള ആർക്കിടെക്ടുകളെ കൊണ്ട് വരപ്പിക്കുക.
2. കൺസ്ട്രക്‌ഷൻ എപ്പോഴും അനുഭവസമ്പത്തുമുള്ള സിവിൽ എൻജിനീയറുടെ മേൽനോട്ടത്തിൽ നടത്തുക.
3. മിനിമം അഞ്ച് വീടെങ്കിലും പണിഞ്ഞ നല്ല പണിക്കാരുള്ള വിശ്വാസ്യതയുള്ള കോൺട്രാക്ടർമാരെ പണി ഏല്പിക്കുക. ഇവർ പണി തീർത്ത മൂന്ന് വീടെങ്കിലും തീർച്ചയായും പോയി കാണുക ആ വീട്ടുകാരോട് വിശദമായി കാര്യങ്ങൾ അന്വേഷിക്കുക.
***
ലേഖകൻ ചാർട്ടേർഡ് സിവിൽ എൻജിനീയറാണ്
English Summary- Trying Unknown Things in House Construction; Mistakes