'ഓൾഡ് ഏജ് ഹോം' ആകുന്ന കേരളം; വീടുകൾ വയോജനസൗഹൃദമാക്കാം
Mail This Article
ഒക്ടോബർ 1 ലോകാവയോജന ദിനമായിരുന്നു. ചെറുപ്പക്കാർ കുടിയേറുകയും നാട്ടിൽ പ്രായമേറിയവർ വർധിക്കുകയും ചെയ്യുന്ന വർത്തമാനകാല കേരളത്തിൽ, ഇനി ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് വയോജനക്ഷേമത്തിനാകും. നമ്മുടെ വീടുകൾ എങ്ങനെ വയോജനസൗഹൃദമാക്കാം എന്ന ചില ചിന്തകൾ പങ്കുവയ്ക്കുന്നു. വീട്ടിൽ കയറി വരുന്നത് മുതൽ നമുക്ക് ഒന്നു നോക്കിയാലൊ...
1. ഗേറ്റ് അവർക്ക് തുറക്കാവുന്ന വലുപ്പത്തിലാക്കുക, സ്ലൈഡിങ് ഗേറ്റ് ഒഴിവാക്കുക, സാമ്പത്തികം ഉള്ളവർ ഓട്ടമാറ്റിക്ക് ഗേറ്റ് ആക്കുക, മഴയുള്ളപ്പോഴും മറ്റും ഗേറ്റ് അടയ്ക്കാൻ പോകുമ്പോഴുള്ള ബുദ്ധിമുട്ടും, മഴ നനഞ്ഞ് ഒരു ചെറിയ പനിയിൽ തുടങ്ങി സംഗതി വഷളാകുന്നതും ഒഴിവാക്കുക.
2. മുറ്റത്ത് ഇന്റർലോക്ക് ഇട്ടിട്ടുണ്ടെങ്കിൽ അതിൽ ചുരുങ്ങിയത് നടക്കുന്ന വഴിയെങ്കിലും പായലും വഴുക്കലും ഇല്ലാതിരിക്കാൻ സ്ഥിരമായി വൃത്തിയാക്കി ഇടുക.
3. വീട്ടിലേക്ക് കയറുന്ന പടികളുടെ ഒരു സൈഡ് ഹാൻഡ് റെയിൽ കൊടുക്കുക. പൂമുഖത്തേക്ക് കയറാൻ പടികളോട് ഒപ്പംതന്നെ ചരിച്ച് റാംപ് കൊടുക്കുക.
4. പൂമുഖത്തോ വരാന്തയിലോ പ്രായമുള്ളവർ ഇരിക്കുന്നതിനടുത്തായി ഹുക്കിൽനിന്നും ആലങ്കാരികവും ഉറപ്പ് ഉള്ളതുമായ ചെറിയ ചങ്ങല കൊടുക്കുക ,കണ്ടാൽ ഡെക്കറേഷന്റെ ഭാഗമാണെന്ന് തോന്നുകയും എന്നാൽ അത്യാവശ്യത്തിന് അവർക്ക് പിടിച്ച് എഴുന്നേൽക്കാൻ പറ്റുന്നവയാവണം.
5. കഴിയുന്നതും വരാന്ത, സ്വീകരണ മുറി, അവരുടെ കിടപ്പുമുറി, ഊണുമുറി,അടുക്കള എന്നിവയുടെ തറയുടെ പൊക്കം ഒരേനിരപ്പായി ചെയ്യുക, വീടിനകത്തുള്ള സ്റ്റെപ്പ് കയറ്റം ഒഴിവാക്കാം.
6. പ്രധാന വാതിലിൽ അപ്പുറംകാണാവുന്ന (Door Viewer) അല്ലെങ്കിൽ വാതിലിനോട് ചേർന്ന് ചെറിയ ജനാല ഘടിപ്പിക്കുക, ബെല്ലടിച്ചാൽ ആരാണെന്ന് അറിഞ്ഞതിന് ശേഷം മാത്രം തുറക്കാൻ അവരെ ഓർമിപ്പിക്കുക.
7. രണ്ടുനില പണിയുന്നവർ കഴിയുന്നതും രണ്ടു കിടപ്പുമുറി താഴെ പണിയുക, ഒരുമുറി മാത്രം താഴെയായാൽ അവർ ഒറ്റയ്ക്കായിപ്പോകും. രാത്രിയിൽ തൊട്ടടുത്ത മുറിയിൽ ആളുണ്ട് എന്ന തോന്നൽ അവരിൽ ഉണ്ടാക്കുന്ന സുരക്ഷിതബോധം ചെറുതാവില്ല.
8. അവരുടെ കട്ടിലിന് അടുത്ത് ഒരു എമർജൻസി ബെൽ കൊടുക്കുക. ഒരു മാസ്റ്റർ സ്വിച്ച് കൊടുക്കുക. ആ സ്വിച്ച് ഇട്ടാൽ വീട്ടിനുള്ളിലെയും പുറത്തെയും അത്യാവശ്യ ലൈറ്റ് എല്ലാം കത്തണം.
9. ചെറിയൊരു ഫ്രിജിന്റെ സ്ഥലം അവരുടെ മുറിയിൽ തന്നെ കൊടുക്കുക, അതിൽ സൂക്ഷിക്കേണ്ട മരുന്നുകൾ അടുക്കളയിലെ ഫ്രിജിൽ വയ്ക്കാതിരിക്കുക, അടുക്കള സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനിടയിൽ അവർ വച്ച മരുന്ന് സ്ഥാനം തെറ്റിയാൽ അവരുടെ മനസ്സമാധാനം ആകെ പോകും.
10. അവരുടെ മുറിയിൽ കഴിയുന്നതും പൊടി കെട്ടി കിടക്കാൻ സാധ്യതയുള്ള തുറന്ന തട്ടുകൾ ഒഴിവാക്കുക, ബാലെ നാടക സ്റ്റൈലിലുള്ള കർട്ടനുകൾ ഒഴിവാക്കുക, പൊടി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വളരെ വലുതായിരിക്കും.
11. വീട്ടിലെ ആഭ്യന്തര കലഹം ഒഴിവാക്കാൻ സാമ്പത്തികം ഉള്ളവർ അവരുടെ റൂമിൽ ഒരു പ്രത്യേക ടിവി വയ്ക്കുക, നമുക്ക് ക്രിക്കറ്റ്, ഫുട്‍ബോൾ, കുട്ടികൾക്ക് കാർട്ടൂൺ, മുതലായവ കാണേണ്ടപ്പോൾ അവർക്ക് ഇഷ്ടമുള്ള വാർത്തയും സീരിയലും അവർ സ്വസ്ഥമായി കണ്ടോളും!
12. കുളിമുറിയിലെ ടൈൽസ് ആൻറിസ്കിഡ് തന്നെ ഉപയോഗിക്കുക, വെറ്റ് ഏരിയയും ഡ്രൈ ഏരിയയും വേർതിരിക്കുക, ഭിത്തിയിൽ ഉചിതമായ സ്ഥലങ്ങളിൽ ചെറുതും വലുതുമായ ഹാൻഡിലുകൾ പിടിപ്പിക്കുക. ഇരുന്ന് കുളിക്കാൻ പറ്റിയ സംവിധാനം ഒരുക്കുക. അകത്തുത്ത് നിന്ന് പൂട്ടിയാലും പുറത്തുനിന്ന് തുറക്കാൻ പറ്റുന്ന രീതിയിൽ ലോക്ക് ക്രമീകരിക്കുക.
13. അവരുടെ കുളിമുറിയിലേക്കുള്ള വാതിലിന് വീതി കൂടുതൽ കൊടുക്കുക, ആയാസരഹിതമായി ഒരു വീൽചെയർ കയറി ഇറങ്ങാൻ പറ്റുന്ന രീതിയിലാവാൻ ശ്രദ്ധിക്കുക.
14. സാധാരണ കുളിമുറികളിൽ കൊടുക്കുന്നതിനേക്കാൾ കൂടുതൽ സ്റ്റോറേജിനുള്ള സ്ഥലം കൊടുക്കുക, അല്ലെങ്കിൽ അവർ അവരുടെ എണ്ണയും, കുഴമ്പും ,കിട്ടുന്ന സ്ഥലത്ത് വയ്ക്കുകയും (മിക്കവാറും ജനൽ പടിയിൽ) അത് താഴെ വീണ് തെന്നി വീണ് പരുക്കിനുള്ള സാധ്യതയും ഏറെയാണ്.
15. അടുക്കളയിലെ ടൈലുകൾ ആന്റി സ്കിഡ് ആക്കുക, അടുക്കളയുടെ അളവുകൾ കുറച്ച് നടന്ന് കൂടുതൽ സ്ഥലം കൈകാര്യം ചെയ്യുന്ന രീതിയിൽ ക്രിയാത്മകമായി ഡിസൈൻ ചെയ്യുക.
English Summary- Relevance for Oldage friendly Houses in Kerala- Design Tips