വീടിനായി സ്ഥലം വാങ്ങുംമുൻപ് പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം; അനുഭവം

Mail This Article
ഏതാനും മാസങ്ങൾക്കുമുൻപാണ് ഖത്തറിൽനിന്ന് ഷിയാസ് എന്നെ വിളിക്കുന്നത്.
ഷിയാസിന്റെ ആവശ്യം നിസ്സാരമാണ്, നാട്ടിലെ ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട് പൊളിച്ചു മാറ്റേണ്ടി വന്നു, അൽപം ഉള്ളിലേക്ക് മാറി ശാന്തമായ ഒരിടത്ത് വീട് വയ്ക്കാനാണ് പരിപാടി, അതിനായി ഒരു പ്ലോട്ട് കണ്ടു വച്ചിട്ടുണ്ട്, ഞാൻ അതൊന്നു പോയി കാണണം, ഇത്രയേ ഉള്ളൂ.
ഒരു സൈറ്റ് കാണാൻ പോവുക എന്നുപറഞ്ഞാൽ സംഗതി ലളിതമാണ്. വണ്ടിയിൽ കയറി സൈറ്റിൽ എത്തുക, സേതുരാമയ്യർ സ്റ്റൈലിൽ കൈ പിന്നിലേക്ക് കെട്ടി സൈറ്റിൽ ചുമ്മാ തെക്കുവടക്കു നടക്കുക, വേണ്ടിവന്നാൽ ഏതാനും അളവുകൾ എടുക്കുക, കാശും വാങ്ങി തിരിച്ചു വീട്ടിൽ പോവുക, ഇത്രയേ ഉള്ളൂ എന്നാണ് പൊതുജന സങ്കല്പം.
എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല.
കെട്ടിടം പണിയാൻ പോകുന്ന സ്ഥലത്തെ വെള്ളപ്പൊക്ക സാധ്യത, പ്രസ്തുത കെട്ടിടം നിർമിക്കുമ്പോൾ ഏതുവശത്തുനിന്നാണ് ഏറ്റവും നല്ല കാഴ്ച ലഭിക്കുന്നത്, കെട്ടിടം പണിതുകഴിയുമ്പോൾ അതിനകത്തുനിന്നും ഏതു ഭാഗത്തേക്കാണ് നല്ല കാഴ്ച ലഭിക്കുന്നത് എന്നുതുടങ്ങി അപ്രോച് റോഡിന്റെ വീതി, ദിശകൾ, ചെരിവ്, സൈറ്റിൽ പെയ്തിറങ്ങുന്ന വെള്ളത്തെ എങ്ങനെ മാനേജ് ചെയ്യാം എന്നുതുടങ്ങി അയൽക്കാരന്റെ സെപ്റ്റിക്ക് ടാങ്ക് എവിടെ ഇരിക്കുന്നു എന്നുവരെ അനേകം കാര്യങ്ങൾ ഈ വിസിറ്റിൽ മനസ്സിലാക്കണം.
ഇപ്പറഞ്ഞതൊക്കെ പുറമെ കാണുന്ന കാര്യങ്ങളാണ്. ഇതോടൊപ്പം പ്രാധാന്യമുള്ളതാണ് പ്രസ്തുത സൈറ്റിലെ ഭൗമാന്തർഭാഗത്തെ കാര്യങ്ങൾ മനസ്സിലാക്കുന്നത്.
പക്ഷേ ഉള്ളത് പറയണമല്ലോ, ഭൂമിക്കുള്ളിലെ ഇക്കാര്യങ്ങൾ മനസ്സിലാക്കാൻ സാധാരണക്കാർക്കുള്ളതുപോലെ ഞങ്ങൾ എൻജിനീയർമാർക്കും ചില പരിമിതികൾ ഉണ്ട്.
എന്നിരുന്നാലും, കേരളത്തിലെ സാധാരണ വീടുകളുടെ നിർമാണ ഘട്ടത്തിൽ സ്ഥലപരിശോധന നടത്താൻ പോകുന്ന സാധാരണക്കാർക്കും, പ്രൊഫഷനിലേക്കു പ്രവേശിച്ച യുവ എൻജിനീയർമാർക്കുമായി ചില കാര്യങ്ങൾ പറയാം.
ഒരു സ്ഥലത്തെ മണ്ണിന്റെ ഘടന മനസ്സിലാക്കാൻ നമ്മൾ ആദ്യമായി ചെയ്യേണ്ടത് പ്രസ്തുത സ്ഥലത്തുള്ള ഒരു തുറന്ന കിണറിൽ പോയി എത്തി നോക്കുകയാണ്.
ചുമ്മാ പറഞ്ഞതല്ല.
ഒരു തുറന്ന കിണറിനെ അപഗ്രഥിക്കുന്നത് വഴി ഒട്ടേറെ വിലപ്പെട്ട വിവരങ്ങളാണ് ഒരു എൻജിനീയർക്കു ലഭിക്കുന്നത്.
ആ കിണറിലെ വേനൽക്കാലത്തെ ഏറ്റവും താഴ്ന്ന ജലനിരപ്പും, വർഷക്കാലത്തെ ഏറ്റവും ഉയർന്ന ജലനിരപ്പും സമീപവാസികളോട് ചോദിച്ചു മനസ്സിലാക്കുന്നതോടെ ആ പ്രദേശത്തെ ഗ്രൗണ്ട് വാട്ടർ ടേബിളിനെ കുറിച്ചുള്ള ഏറ്റവും ആധികാരികമായ അറിവാണ് നിങ്ങളിലേക്ക് എത്തുന്നത്, ഫൗണ്ടേഷന്റെ രൂപകൽപനയിൽ പോലും നിർണ്ണായകമായ ഘടകമാണ് ഈ വിവരങ്ങൾ.
തീർന്നില്ല.
കിണറിന്റെ പാർശ്വഭിത്തി പരിശോധിക്കുന്നതിലൂടെ ഏതാണ്ട് എട്ടോ പത്തോ മീറ്റർ ആഴം വരെയുള്ള മണ്ണിന്റെ കൃത്യമായ ക്രോസ് സെക്‌ഷനാണ് നിങ്ങൾക്ക് ലഭിക്കുന്നത്.
പതിനായിരങ്ങൾ ചെലവഴിച്ചുള്ള മണ്ണ് പരിശോധനകളിൽ പോലും ഇത്രയും കൃത്യമായ ഒരു ഡാറ്റ നിങ്ങൾക്ക് ലഭിക്കില്ല.
അപ്പോൾ കിണറിന്റെ പാർശ്വഭിത്തികൾ കോൺക്രീറ്റ് റിങ് ഇറക്കിയോ പടവുകൊണ്ടോ ബലപ്പെടുത്തിയിട്ടുണ്ടെങ്കിൽ എന്ത് ചെയ്യും എന്നൊരു ചോദ്യം ഉയർന്നു വന്നേക്കാം.
അതിനും ഉത്തരമുണ്ട്.
പ്രദേശത്തെ മണ്ണ് ദുർബ്ബലമായതിനാലാണ് റിങ്ങോ, പടവോ, വേണ്ടി വന്നതെന്നാണ് അതിന്റെ സൂചന.
കൂടാതെ പ്രദേശത്തെ ഭൂഗർഭ ജലത്തിന്റെ നിറം, മണം എന്നിവയെക്കുറിച്ചൊക്കെ നിഗമനങ്ങളിൽ എത്താം.
എന്നാൽ പ്രാദേശികമായി കിണറുകൾ ഇല്ലാത്ത, അല്ലെങ്കിൽ അടുത്ത പ്ലോട്ടുകളിൽ കുഴൽ കിണറുകൾ മാത്രം ഉള്ള കേസുകളിൽ കിണറുകൾ ഉപയോഗിച്ചുള്ള ഇത്തരം അനുമാനങ്ങൾ സാധ്യമല്ല.
ഇവിടെയാണ് ട്രയൽ പിറ്റുകളുടെ പ്രസക്തി.
എന്താണീ ട്രയൽ പിറ്റ് ..?
പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കെട്ടിട നിർമാണാവശ്യത്തിനായി അത് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ ഭൗമാന്തർഭാഗത്തെ പഠിക്കുന്നതിനായി കുഴിക്കുന്ന ഒരു കുഴിയാണ് ഈ ട്രയൽ പിറ്റ്.

ഏതാണ്ട് ആറ് മുതൽ പത്തടി വരെ താഴ്ചയിൽ ഒരു നാലടി നീളത്തിലും, വീതിയിലും ഈ കുഴി എടുക്കാം.
ഇത്തരത്തിൽ ഒരു കുഴി വേണമോ, അഥവാ വേണമെങ്കിൽ അതിന് എത്ര ആഴം വേണം എന്നൊക്കെ തീരുമാനിക്കേണ്ടത് എൻജിനീയറാണ്.
ഒരുവേള പ്രദേശത്തെ മണ്ണിനെ സംബന്ധിച്ച സൂചന അദ്ദേഹത്തിന് പ്രാഥമിക പരിശോധനയിൽ തന്നെ ലഭ്യമാകുന്നു എങ്കിൽ ഇത്തരം ഒരു കുഴിയുടെ ആവശ്യമേയില്ല.
കെട്ടിടം നിർമിച്ചശേഷം പ്രസ്തുത കുഴിയെ മഴവെള്ള സംഭരണിയായോ സോക് പിറ്റായോ ഒക്കെ ഉപയോഗപ്പെടുത്താം.
അതുപോലെ നിർമാണാവശ്യത്തിനായി വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന സൈറ്റിലും ഇതുപോലെ ഒരു ചെറുകുഴി എടുത്തുതരാൻ ബ്രോക്കറോടൊ, ഉടമയോടോ ആവശ്യപ്പെടാം. കാരണം, ഫൗണ്ടേഷൻ നിർമാണവേളയിൽ മാത്രമാണ് മണ്ണിന്റെ ദുർബ്ബലമായ ഈ ഘടന നമുക്ക് വെളിവാകുന്നത് എങ്കിൽ ഈ ഒരൊറ്റക്കാരണം കൊണ്ട് നമ്മുടെ ബജറ്റ് കീഴ്മേൽ മറിയും.
ഇനി നമുക്ക് ഷിയാസിന്റെ കേസിലേക്ക് വരാം. ഷിയാസിന്റെ പറമ്പിലും അങ്ങനെ ഞാനൊരു ട്രയൽ പിറ്റ് എടുത്തു.
ഏതാണ്ട് ആറടി താഴ്ചയിലാണ് ഉറപ്പുള്ള മണ്ണിന്റെ സാന്നിധ്യം ലഭിച്ചത്. അല്പം ഉയർന്ന സ്ഥലം ആയതിനാലും, തൊട്ടപ്പുറത്തെ അയൽക്കാരന് കുറെ മണ്ണ് വേണ്ടി വന്നിരുന്നതിനാലും ഏതാണ്ടൊരു നാലടി ആഴം വരെയുള്ള മണ്ണ് അയാൾ കൊണ്ടുപോയി. പിന്നെ ഫൗണ്ടേഷന് വേണ്ടിവന്നത് രണ്ടടി താഴ്ച മാത്രം.
ഞാൻ ഹാപ്പി, ഷിയാസ് ഹാപ്പി, അയൽക്കാരൻ ഹാപ്പി ..ഫൗണ്ടേഷൻ ഈസ് ആൾസോ ഹാപ്പി ..
എല്ലാവരും ഹാപ്പിയാകുന്ന ഒരു കിനാശേരി. ഞാൻ കാണുന്ന സ്വപ്നവും അതാണ് ..
***
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്. email- naalukettu123@gmail.com