ADVERTISEMENT

മുൻ തലമുറകളുമായി താരതമ്യം ചെയ്തു നോക്കിയാൽ ഇന്ന് വൻതുക ശമ്പളമായി കൈപ്പറ്റുന്നവരാണ് സമൂഹത്തിലേറെയും.  ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും കുതിച്ചുയരുന്ന ഭവന ചെലവുകൾ ഇവർക്ക് മുന്നിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. വൻകിട നഗരങ്ങളിൽ ചെറിയ ഒരു വീട് സ്വന്തമാക്കണമെങ്കിൽ പോലും കോടികൾ മുടക്കേണ്ട അവസ്ഥ. ജീവിത ചെലവിന്റെ കാര്യം പറയുകയും വേണ്ട. ഇതിനെല്ലാമുള്ള പരിഹാരമായി ഹൗസ് ഹാക്കിങ്ങിലേക്ക്  തിരിയുകയാണ് യുവതലമുറ.

അധിക വരുമാനം നേടുന്നതിനായി വീടിന്റെ ഒരു ഭാഗമോ മുഴുവനായോ വാടകയ്ക്ക് കൊടുക്കുന്ന പ്രവണതയാണ് ഹൗസ് ഹാക്കിങ് എന്നറിയപ്പെടുന്നത്.

അടുത്തിടെ നടന്ന പഠനപ്രകാരം, വിദേശരാജ്യങ്ങളിൽ 80 കളുടെ തുടക്കം മുതൽ 90കളുടെ അവസാനം വരെയുള്ള കാലയളവിൽ ജനിച്ച 'മില്ലേനിയൽസ്' എന്നറിയപ്പെടുന്ന തലമുറയിൽപെടുന്ന പുതിയ വീട്ടുമകളിൽ 55 ശതമാനവും വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് വിട്ടുകൊടുക്കുന്നത് അനിവാര്യമാണെന്ന് കരുതുന്നവരാണ്.

90കളുടെ അവസാനം മുതൽ 2012 വരെയുള്ള കാലയളവിൽ ജനിച്ച ജനറേഷൻ Z ൽ പെട്ടവരിൽ 51 ശതമാനവും ഈ പ്രവണത പിന്തുടരുന്നുണ്ട്. എന്നാൽ പ്രായഭേദമന്യേ വീടുകൾ വാങ്ങുന്നവരുടെയാകെ കണക്കെടുത്താൽ 39 ശതമാനവും ഹോം ഹാക്കിങിനോട് താല്പര്യം ഉള്ളവരാണ്. രണ്ടുവർഷംകൊണ്ട് ഈ കണക്കിൽ എട്ട് ശതമാനം വർദ്ധന ഉണ്ടായതായും പഠനം ചൂണ്ടിക്കാട്ടുന്നു.

റിയൽ എസ്റ്റേറ്റ് കമ്പനിയായ സിലോയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. കമ്പനിയുടെ 2023ലെ കൺസ്യൂമർ ഹൗസിങ്  ട്രെൻഡ്സ് റിപ്പോർട്ട് പ്രകാരം  മില്ലേനിയലുകളിൽ 59 ശതമാനവും ഭാവിയിൽ വീട് മുഴുവനായും വാടകയ്ക്ക് വിട്ടുകൊടുക്കാൻ തയ്യാറാണ്.  ജനറേഷൻ zന്റെ കാര്യത്തിൽ ഈ ചിന്ത വച്ചുപുലർത്തുന്നവർ 54 ശതമാനമാണ്. വീടു വാങ്ങാൻ തീരുമാനിക്കുമ്പോൾ തന്നെ ഒരുഭാഗം വാടകയ്ക്ക് വിട്ടുകൊടുക്കാമെന്ന ആശയം യുവതലമുറ വച്ചുപുലർത്തുന്നുണ്ടെന്ന് സിലോയിലെ സീനിയർ പോപ്പുലേഷൻ സയന്റിസ്റ്റായ മന്നി ഗാർഷ്യ പറയുന്നു.

വീടിന്റെ പ്രതിമാസ ഇഎംഐ അടക്കം മാസാമാസമുള്ള അടവുകൾക്കായി ശമ്പളത്തിന് പുറമേ അധിക വരുമാനം  കണ്ടെത്തുന്നതിന് ഈ രീതി സഹായിക്കുന്നുണ്ട്. 2023 ഏപ്രിലിനും ജൂലൈയ്ക്കും ഇടയിൽ അമേരിക്കയിൽ പുതിയ വീട് സ്വന്തമാക്കിയ 6500 ഓളം പേരിൽ നടത്തിയ സർവ്വേ പ്രകാരമാണ് സിലോ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സർവ്വേയിൽ പങ്കെടുത്തവരിൽ പത്തിൽ നാല് പേരും ഈ രീതിയോട് ആഭിമുഖ്യം പുലർത്തുന്നവരായിരുന്നു. 

അമേരിക്കയിൽ പലയിടങ്ങളിലും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വീട് വാങ്ങണമെങ്കിൽ പോലും 1,14000 ഡോളറെങ്കിലും  (95 ലക്ഷം രൂപ) ശമ്പളം വേണമെന്നിരിക്കെ യുവജനങ്ങൾക്ക് സ്വന്തമായി ഒരു വീട് വാങ്ങാൻ ഇതല്ലാതെ മറ്റു മാർഗമില്ലാത്ത സ്ഥിതിയും നിലനിൽക്കുന്നുണ്ട്.

ഇന്ത്യയിലെ അവസ്ഥയും  വ്യത്യസ്തമല്ല. ബെംഗളൂരു നഗരത്തിലെ മാത്രം കാര്യമെടുത്താൽ  ജോലിക്കായും പഠനത്തിനായും ഇവിടേയ്ക്ക് എത്തുന്നവരിൽ ഭൂരിഭാഗവും വാടകയ്ക്ക് ഒരു മുറിയോ വീടോ കണ്ടെത്താൻ പ്രയാസപ്പെടുന്ന അവസ്ഥയിലാണ്.

ഇത്തരത്തിൽ ആവശ്യക്കാർ ഏറെയുള്ളത് മൂലം വാങ്ങുന്ന വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് വിട്ടു നൽകുന്നത് ഏറെ പ്രായോഗികവുമാണ്.  വീടിന്റെ തിരിച്ചടവ് ഉടമയ്ക്ക് വഹിക്കാവുന്നതാണെന്ന് തെളിയിക്കാൻ വായ്പ നൽകുന്ന സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നതും ഹോം ഓണർ അസോസിയേഷനുകളുടെ നിയന്ത്രണങ്ങളും മാത്രമാണ് ഹൗസ് ഹാക്കിങിന് തടസമായി നിൽക്കുന്നത്.

English Summary:

House Hacking New Trend among New Gen Housing Sector- Report says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com