ADVERTISEMENT

ഭൂമിയിലെ മനുഷ്യനിർമിതികളിൽ  ഏറ്റവും മനോഹരമായവയിൽ ഒന്നാണ് താജ്മഹൽ. ഈ പ്രണയ കുടീരത്തിന്റെ സൗന്ദര്യം കണ്ടാസ്വദിക്കാനായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ആഗ്രയിലേയ്ക്ക് പ്രതിവർഷം എത്തുന്നത്. എന്നാൽ ഇന്ന് താജ്മഹലിന്റെ ഭംഗി ഇതേപടി നിലനിർത്താനാവുമോ എന്ന ആശങ്കയിലാണ് പുരാവസ്തു ഗവേഷകർ. നിർമിതിയുടെ മാർബിൾ ഭിത്തികളിൽ അടിക്കടി കണ്ടെത്തുന്ന കറകളാണ് ഗവേഷകരെ കുഴക്കുന്നത്. എത്രയൊക്കെ നീക്കം ചെയ്തിട്ടും വീണ്ടും കറകൾ പ്രത്യക്ഷപ്പെടുന്നതിനെ തുടർന്ന് ഇതിന് പരിഹാരം കാണാൻ ഒരു വർഷം നീണ്ട പഠനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ.

പൂർണമായും വെളുത്ത മാർബിളിൽ നിർമിച്ചിരിക്കുന്ന താജ്മഹലിൽ ചെറിയ പാടുകൾ ഉണ്ടായാൽ പോലും അത് എടുത്തു കാണാനാവും. തവിട്ടു നിറത്തിലും പച്ചനിറത്തിലുള്ള കറകൾ നിർമിതിയിൽ ആദ്യമായി കണ്ടെത്തിയത് 2015 ലാണ്. എന്നാൽ ഉടനടി അതിന്റെ കാരണവും കണ്ടെത്തി. ഈച്ച വർഗത്തിൽപെട്ട ഗോൾഡി കൈറൊനോമസ് എന്ന പ്രാണിയായിരുന്നു ഈ കറകൾക്കു പിന്നിൽ. ഇത് താൽക്കാലികമായ ഒരു പ്രശ്നം മാത്രമാണെന്ന നിഗമനത്തിൽ അധികൃതർ വലിയ പ്രാധാന്യം നൽകിയതുമില്ല.

മഡ്പാക്കുകൾ ഉപയോഗിച്ച് കറകൾ നീക്കം ചെയ്തു. എന്നാൽ അധികൃതരുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് വർഷത്തിൽ രണ്ടുതവണ എന്ന നിലയിൽ കറകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരുന്നു. ആഗ്രയിലെ മലിനീകരണ നിരക്ക് അസാധാരണം വിധം താഴ്ന്ന 2020 ൽ മാത്രമാണ് കറകൾ ഉണ്ടാകാതിരുന്നത്. യമുനാ നദിക്ക് അഭിമുഖമായി നിൽക്കുന്ന താജ്മഹലിന്റെ വടക്കുഭാഗത്താണ് കറകൾ ഏറെയും കണ്ടെത്തുന്നത് എന്ന് ഗവേഷകർ പറയുന്നു.   

പ്രാണികളുടെ വിസർജ്യം മൂലമാണ് കറകൾ ഉണ്ടാകുന്നത്. ഡിസ്റ്റിൽഡ് വാട്ടറും തുണിയും ഉപയോഗിച്ച് തുടയ്ക്കുന്നതിലൂടെ നിർമിതിക്ക് കേടുപാടുകൾ ഉണ്ടാകാതെ കറകൾ നീക്കം ചെയ്യാനാവുമെന്ന് എഎസ്ഐയുടെ കെമിക്കൽ ബ്രാഞ്ച് കണ്ടെത്തിയതിനെത്തുടർന്ന് ഇക്കാലമത്രയും ഈ രീതിയാണ് പിന്തുടർന്നിരുന്നത്. എന്നാൽ വർഷാവർഷം വീണ്ടും ഇതേ പ്രശ്നം ഉടലെടുക്കുന്നതിനാൽ ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തണമെന്ന തീരുമാനത്തിലേയ്ക്ക് ഗവേഷകർ എത്തുകയായിരുന്നു. 

താപനില 28 ഡിഗ്രി സെൽഷ്യസിനും 35 ഡിഗ്രി സെൽഷ്യസിനും ഇടയിലാകുന്ന മാർച്ച് -ഏപ്രിൽ മാസങ്ങളിലും സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലുമാണ് പ്രാണിശല്യം രൂക്ഷമാകുന്നത്. എന്നാൽ ഈ വർഷം നവംബർ അവസാനമെത്തിയിട്ടും കറകൾ പ്രത്യക്ഷപ്പെടുന്നതിനാൽ പ്രാണികളുടെ എണ്ണം മുൻപുള്ളതിനേക്കാൾ പെരുകിയിട്ടുണ്ടെന്നാണ് നിഗമനം. ഇതോടെ പ്രാണികളുടെ പ്രജനന ചക്രം, വ്യാപന സാഹചര്യങ്ങൾ എന്നിവ വിലയിരുത്താൻ എഎസ്‌ഐയുടെ കെമിക്കൽ ബ്രാഞ്ച് വിപുലമായ പഠനം നടത്തുകയാണ്.  ഇത് കൃത്യമായി പഠിച്ച ശേഷം പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള മാർഗ്ഗങ്ങളിലേയ്ക്ക് എത്തിച്ചേരാനാവും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

English Summary:

Insect bites may be staining Taj Mahal- Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com