ADVERTISEMENT

റിയൽ എസ്റ്റേറ്റ് മേഖലയിലെ സുതാര്യത ഉറപ്പാക്കാനാണ് 2016 ൽ കേന്ദ്ര സർക്കാർ റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡവലപ്മെന്റ് ആക്ട് (റെറ) പാർലമെന്റിൽ പാസാക്കിയത്. വില്ലയോ ഫ്ലാറ്റോ വാങ്ങാനുദ്ദേശിക്കുന്നവർ എന്തെല്ലാം അറിഞ്ഞിരിക്കണമെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ചെയർമാൻ പി.എച്ച്. കുര്യൻ പറയുന്നു. 

റെറ എന്തിന് ?

ഫ്ലാറ്റോ, വില്ലയോ, പ്ലോട്ടോ വാങ്ങാനുദ്ദേശിക്കുന്നയാൾക്ക് തങ്ങൾ ആഗ്രഹിക്കുന്ന, ബജറ്റിനിണങ്ങുന്ന, കൃത്യതയോടെ ജോലി തീർത്തു തരുന്ന ബിൽഡർമാരെ കണ്ടെത്താൻ റെറ സഹായിക്കും. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് ആക്ട് അനുസരിച്ച് എല്ലാ ബിൽഡർമാരും റെറയുടെ വെബ്സൈറ്റിൽ തങ്ങളുടെ പ്രോജക്ടുകൾ കൃത്യമായി റജിസ്റ്റർ ചെയ്യുന്നതോടൊപ്പം മൂന്നു മാസത്തിലൊരിക്കൽ അപ്ഡേറ്റുകളുമുണ്ടാകും. വിൽക്കുന്നയാൾക്കും വാങ്ങുന്നയാൾക്കും തുല്യമായ നിയമ പരിരക്ഷയാണ് റെറ ഉറപ്പാക്കുന്നത്. 

വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙rera.kerala.gov.in എന്ന സൈറ്റിലൂടെ മാത്രം അന്വേഷണങ്ങൾ നടത്തുക. വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം ഇടപാടിലേക്കു കടക്കുക. 

∙ബിൽഡർമാര്‍ കൊടുക്കുന്ന പരസ്യത്തിൽ റെറയുടെ റജിസ്റ്റർ നമ്പർ ഉണ്ടാകും. അതുവച്ച് കെ– റെറയുടെ സൈറ്റിൽ പരിശോധിക്കാവുന്നതാണ്. 

∙അനുമതി ലഭിച്ച പ്ലാനുകളുടെ പകർപ്പ്, നിർദിഷ്ട അതോറിറ്റികൾ അംഗീകാരം നൽകിയിട്ടുള്ള ലേഔട്ട് പ്ലാനുകൾ. ആധാരം തുടങ്ങി എല്ലാ മേഖലകളുടെയും പകർപ്പുകളും പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കാൻ വാങ്ങുന്നവർക്ക് അവകാശമുണ്ട്. 

∙പദ്ധതി പൂർത്തീകരിക്കുന്നതിന്റെ ഘട്ടം ഘട്ടമായുള്ള സമയക്രമം അറിയുന്നതും വാങ്ങുന്നവരുടെ അവകാശമാണ്. 

∙റെറയുടെ എഗ്രിമെന്റിൽ നിന്നു വ്യതിചലിച്ച് പ്രോജക്ട് പൂർത്തിയാകാൻ കാലതാമസം നേരിട്ടാൽ അതിന്റെ നഷ്ടപരിഹാരം ബിൽഡർ നൽകണം. 

∙ബിൽഡർമാർ ഉത്തരവാദിത്തങ്ങൾ പാലിക്കേണ്ടതു പോലെ വാങ്ങുന്നയാളും ഉത്തവാദിത്തമുള്ളവരായിരിക്കുക. കരാർപ്രകാരമുള്ള തുക കൃത്യമായി കൊടുക്കുക. കരാർ തെറ്റിച്ച് പണമടയ്ക്കാൻ കാലതാമസമുണ്ടായാൽ പലിശ നൽകേണ്ടി വരും. 

∙പൊതുസ്ഥലങ്ങൾ പരിപാലിക്കുന്നതിനുള്ള ചെലവ് അസോസിയേഷൻ മുഖേന നൽകുക. അസോസിയേഷനിൽ പങ്കാളികളായിരിക്കുക. 

∙ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിച്ച് 2 മാസത്തിനുള്ളിൽ അപ്പാർട്മെന്റ് കൈവശമാക്കി തീറാധാര റജിസ്ട്രേഷൻ നടത്തുക. 

ബിൽഡർമാരുടെ ചുമതലകൾ

∙റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ റജിസ്റ്റർ ചെയ്തതിനു ശേഷം മാത്രം പരസ്യം, വിൽപന, ഓഫർ, മാർക്കറ്റിങ്, പ്ലോട്ട് ബുക്കിങ്ങ്, നിക്ഷേപങ്ങൾ തുടങ്ങിയവ ചെയ്യുക. റജിസ്റ്റർ ചെയ്തതിനു ശേഷം എല്ലാ പരസ്യങ്ങളിലും അതതു പ്രോജക്ടുകളുടെ റെറ റജിസ്ട്രേഷൻ നമ്പർ കൂടി ചേർക്കേണ്ടതാണ്. 

∙പ്രോജക്ടിന്റെ 70 % തുക കൃത്യമായി അക്കൗണ്ട് ചെയ്ത് പ്രസ്തുത പ്രോജക്ടിനായി മാത്രം വിനിയോഗിക്കണം. മുഴുവൻ തുകയുടെ 10 % മാത്രമേ ബുക്കിങ് അഡ്വാൻസ് തുകയായി ഇടപാടുകാരോട് ആവശ്യപ്പെടാവൂ. അംഗീകരിച്ച പ്ലാനിൽ ഇടപാടുകാരുടെ സമ്മതമില്ലാതെ ഒരു മാറ്റവും വരുത്താൻ പ്രമോട്ടർക്ക് അനുവാദമില്ല. 

∙കെ– റെറയുടെ വെബ്പോർട്ടലിൽ പദ്ധതിയുടെ ഘട്ടം തിരിച്ചുള്ള പുരോഗതിയും ബുക്കിങ്ങുകളുടെ എണ്ണവും മൂന്നു മാസത്തിലൊരിക്കൽ അപ്ഡേറ്റ് ചെയ്യുക. പ്രോജക്ടിൽ സംഭവിച്ചേക്കാവുന്ന ഘടനാപരമായ ന്യൂനതകൾക്കോ മറ്റേതെങ്കിലും പോരായ്മകൾക്കോ വസ്തു കൈമാറ്റം ചെയ്ത തീയതി മുതൽ അഞ്ചു വർഷത്തേക്കു വിൽക്കുന്നയാൾക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. 

∙ഭൂമി, കെട്ടിടം, നിർമാണം എന്നിവയുടെ പേരിൽ എല്ലാ ഇൻഷുറൻസുകളും എടുക്കുകയും പ്രീമിയവും ചാർജുകളും അടയ്ക്കുകയും ബന്ധപ്പെട്ട എല്ലാ രേഖകളും അലോട്ടിക്കോ അസോസിയേഷനോ കൈമാറുകയും ചെയ്യുക. 

∙ഒക്യുപൻസി സർട്ടിഫിക്കറ്റ് വാങ്ങുകയും അതു വാങ്ങുന്നവർക്കോ അസോസിയേഷനോ ലഭ്യമാക്കുകയും ചെയ്യുക. ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ച തീയതി മുതൽ 2 മാസത്തിനുള്ളിൽ അലോട്ടിയുടെ പേരിൽ തീറാധാരം നൽകുക. 

∙പാട്ടത്തിനെടുത്ത ഭൂമിയിലാണു പദ്ധതിയെങ്കിൽ പാട്ട സർട്ടിഫിക്കറ്റ് വാങ്ങുകയും അതു വാങ്ങുന്നയാൾക്കോ/ അസോസിയേഷനോ ലഭ്യമാക്കുകയും ചെയ്യുക. 

∙എല്ലാ രേഖകളുെടയും അംഗീകാരങ്ങളുടെയും അനുമതിയോടെയും ചിത്രങ്ങളുെടയും പ്ലാനുകളുടെയും പകർപ്പ് വാങ്ങുന്നയാൾക്കു നൽകുക. പദ്ധതി പൂർത്തിയാക്കിക്കഴിയുമ്പോൾ അസോസിയേഷന് യഥാർഥ പതിപ്പു നൽകുക. 

∙പദ്ധതിയുടെ കാലതാമസം, ഭൂമിയുടെ ഉടമസ്ഥത, പ്രശ്നങ്ങൾ തുടങ്ങിയവ മൂലം അലോട്ടിക്കുണ്ടാകുന്ന നഷ്ടങ്ങൾക്കു പരിഹാരം നൽകുക. 

റെറയുടെ ചുമതലകൾ

∙പദ്ധതികളുടെയും റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെയും റജിസ്ട്രേഷനായുള്ള അപേക്ഷ സ്വീകരിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുക. 

∙എല്ലാ പരാതികളും 2 മാസത്തിനുള്ളിൽ തീർപ്പാക്കുക. 

∙പ്രമോട്ടർ /പദ്ധതി/ റിയൽ എസ്റ്റേറ്റ് ഏജന്റ് എന്നിവരുമായി ബന്ധപ്പെട്ട പ്രസിദ്ധീകരിക്കാവുന്ന എല്ലാ വിവരങ്ങളും അതോറിറ്റിയുടെ വെബ് പോർട്ടലിലൂടെ ലഭ്യമാക്കി സുതാര്യത ഉറപ്പാക്കുക. 

∙റിയൽ എസ്റ്റേറ്റ് വ്യവസായത്തെ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്; വാങ്ങുന്നവരുടെ അവകാശങ്ങൾ, ബിൽഡർമാരുടെയും ഏജന്റുമാരുടെയും ഉത്തരവാദിത്തങ്ങൾ എന്നിവ സംബന്ധിച്ച് അവബോധം ഉയർത്തുക. 

∙മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക. അതു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 

∙മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സംസ്ഥാന സർക്കാരിന് ഉപദേശങ്ങൾ നൽകുക. 

∙ഉപഭോക്തൃ സംഘടന, പ്രമോട്ടേഴ്സ് അസോസിയേഷൻ, അതോറിറ്റി എന്നിവയുടെ പ്രതിനിധികളുമായി ചേർന്ന് അനുരഞ്ജന ഫോറങ്ങൾ സ്ഥാപിക്കുക. 

ബിൽഡർമാർ ചെയ്യരുതാത്തത്

∙റിയൽ എസ്റ്റേറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട തന്റെ ഭൂരിപക്ഷ അവകാശങ്ങളും ബാധ്യതകളും വാങ്ങുന്നവരുടെ (അലോട്ടി) മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ മൂന്നാം കക്ഷിക്കു കൈമാറരുത്. 

∙വിൽപനക്കരാറിലെ വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിരുദ്ധമായി അലോട്ട്മെന്റ് റദ്ദാക്കരുത്.

∙വാങ്ങുന്നവരുമായി കരാർ വച്ച ശേഷം പദ്ധതി ഭൂമി പണയം വയ്ക്കുകയോ അതുപയോഗിച്ച് പണം സമ്പാദിക്കുകയോ ചെയ്യരുത്. 

∙കെ–റെറ റജിസ്ട്രേഷൻ ഇല്ലാതെ ഏതെങ്കിലും മാധ്യമത്തിലൂടെ പരസ്യം ചെയ്യുകയോ വിൽക്കുകയോ വിൽപനയ്ക്കു വേണ്ടി കാൻവാസ് െചയ്യുകയോ പാടില്ല. 

∙പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ / പ്രോസ്പെക്ടസ് / ബ്രോഷർ / നോട്ടിസ് എന്നിവ പ്രസിദ്ധീകരിക്കരുത്. 

കടപ്പാട്

പി. എച്ച്. കുര്യൻ

ചെയർമാൻ, കെ–റെറ

English Summary:

Buying Flat, Villa- Things to Know- Real Estate- RERA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com