ഗാർഹികമാലിന്യം തലവേദനയാണോ? പരിഹരിക്കാൻ 6 മാർഗങ്ങൾ
Mail This Article
വർധിച്ചു വരുന്ന ജനസംഖ്യയ്ക്കും കെട്ടിടങ്ങൾക്കും ആനുപാതികമായി നമ്മുടെ മാലിന്യസംസ്കരണ സംവിധാനം വളർന്നിട്ടില്ല. വിശാലമായ പറമ്പുകളിൽ നിന്നു മൂന്നും നാലും സെന്റിൽ ഒതുങ്ങുന്ന വീടുകളിലേക്കു താമസം മാറുമ്പോൾ മാലിന്യ സംസ്കരണത്തിൽ സ്ഥലപരിമിതി വില്ലനാകുന്നു. സ്വന്തം വീട്ടിലെ മാലിന്യം വീട്ടുവളപ്പിൽത്തന്നെ സംസ്കരിക്കാനുള്ള മാർഗം കണ്ടെത്തുമെന്ന് ഓരോ വ്യക്തിയും വിചാരിച്ചാൽ അതിനുള്ള പോംവഴികൾ നിരവധിയാണ്. കൂടിയ അളവിൽ മാലിന്യം സംസ്കരിക്കാൻ ശ്രമിക്കുന്നതിലും എളുപ്പം മാലിന്യത്തിന്റെ അളവു കുറയ്ക്കുന്നതാണ്.
ഗാർഹികമാലിന്യം കുറയ്ക്കാൻ 6 മാർഗങ്ങൾ :
1. പ്ലാസ്റ്റിക് ഉപയോഗം
ഗാർഹിക മാലിന്യങ്ങളിൽ വില്ലനാണ് പ്ലാസ്റ്റിക്. പാക്കിങ് മുതൽ ഫർണിച്ചറുകൾ വരെ എല്ലാം പ്ലാസ്റ്റിക് രൂപത്തിലാണ്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുമെന്നു സ്വയം തീരുമാനിക്കാം. യാത്രകളിൽ സ്വന്തം ബോട്ടിലുകളിൽ വെള്ളം കരുതുക, പേപ്പർ സ്ട്രോ ഉപയോഗിക്കുക, ദൈനംദിന ഉപയോഗങ്ങൾക്കു പ്ലാസ്റ്റിക്കിനു പകരമായി സ്റ്റീൽ, സെറാമിക്, ഗ്ലാസ് പ്ലേറ്റുകളും കപ്പുകളും ഉപയോഗിക്കുക. സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ തുണികൊണ്ടുള്ള ബാഗുകൾ കയ്യിൽ കരുതുക.
2. മാലിന്യം വേർതിരിക്കുക
വീട്ടിലെ മാലിന്യങ്ങൾ അതാതുസമയത്തുതന്നെ ജൈവം, അജൈവം എന്ന രീതിയിൽ വേർതിരിച്ചു സൂക്ഷിക്കുക. അവശേഷിക്കുന്ന ഭക്ഷണം, പഴം, പച്ചക്കറി അവശിഷ്ടങ്ങൾ മുതലായവ ഉപയോഗിച്ച് നിങ്ങൾക്കു വീട്ടിൽ തന്നെ കംപോസ്റ്റ് ഉണ്ടാക്കാം. ഇത്തരത്തിൽ മാലിന്യങ്ങൾ വേർതിരിക്കുന്നത് പുനരുപയോഗപ്രക്രിയ എളുപ്പമാക്കും. ആരോഗ്യകരവും വൃത്തിയുള്ളതുമായ ചുറ്റുപാട് നിലനിർത്താനും സഹായിക്കും.
3. പേപ്പർ കുറയ്ക്കുക
പ്ലാസ്റ്റിക് പോലെ തന്നെ പ്രകൃതിക്ക് ആപത്തുണ്ടാക്കുന്നതാണ് പേപ്പറുകളുടെ അമിത ഉപയോഗം. വീട്ടിൽ കഴിയുന്നത്ര കുറഞ്ഞ അളവിൽ മാത്രം പേപ്പർ ഉൽപന്നങ്ങൾ ഉപയോഗിക്കുക. അടുക്കളയിൽ പേപ്പർ ടവലുകൾക്കു പകരം തുണി ഉപയോഗിക്കാം. ഹാർഡ് കോപ്പികൾക്കു പകരം ഇ–ബുക്കുകൾ വാങ്ങുക. കൈകളും മുഖവും തുടയ്ക്കാൻ തൂവാലകളും ടിഷ്യൂ പേപ്പറുകളും ഉപയോഗിക്കുക. ആവശ്യമുള്ളപ്പോൾ പേപ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതിനു പകരം ലോഹമോ പരിസ്ഥിതി സൗഹൃദമോ ആയ മുള, ചണ പ്ലേറ്റുകളും കട്‌ലറികളും തിരഞ്ഞെടുക്കുക. എല്ലാ ബില്ലുകളും ഓൺലൈനായി അടയ്ക്കുക.
4. കംപോസ്റ്റിങ്
ചെറിയ സ്ഥലത്തും പ്രാവർത്തികമാക്കാന്‍ കഴിയുന്ന മാലിന്യ സംസ്കരണ രീതിയാണ് കംപോസ്റ്റിങ്. നനഞ്ഞ മാലിന്യം ചെടികൾക്കു വളമാക്കി മാറ്റുന്നതിലൂടെ മാലിന്യങ്ങൾ കുറയ്ക്കാം. വീട്ടിൽ പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവയുണ്ടാക്കാനും അതോടൊപ്പം ജൈവമാലിന്യം ഒഴിവാക്കാനും കമ്പോസ്റ്റിങ് വഴി സാധിക്കും.
5. കൃത്യമായ അളവിൽ മാത്രം ഭക്ഷണം
വീടുകളിൽ ഏറ്റവും കൂടുതലായി പുറന്തള്ളപ്പെടുന്നത് ഭക്ഷണാവശിഷ്ടങ്ങളാണ്. അമിതമായി ഭക്ഷണം ഉണ്ടാക്കുകയും അതിന്റെ ഫലമായി ബാക്കി വരുന്ന ഭക്ഷണം പാഴാക്കുകയും ചെയ്യരുത്. വീട്ടിലെ അംഗസംഖ്യയും ആവശ്യവും കണക്കിലെടുത്തു മാത്രം പാചകം ചെയ്യുക.
6. മികച്ച വസ്ത്രങ്ങൾ
ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങൾ വലിയ മാലിന്യക്കൂമ്പാരമാണുണ്ടാക്കുന്നത്. ദീർഘകാലം ഉപയോഗിക്കാനാവുന്ന വസ്ത്രങ്ങൾ വാങ്ങുക എന്നതാണ് ഇതിനുള്ള പോംവഴി. നല്ല നിലവാരമുള്ള വസ്ത്രങ്ങൾ അൽപം ചെലവേറിയതായിരിക്കാം. എന്നാൽ മാലിന്യം സൃഷ്ടിക്കുന്ന സാമ്പത്തിക പാരിസ്ഥിതിക ബുദ്ധിമുട്ടുകൾ വിലയിരുത്തുമ്പോൾ അതൊരു ചെലവല്ലെന്നു മനസ്സിലാക്കാം.