പെരുമഴയും മഴക്കാലത്തിന് യോജിക്കാത്ത വീടുകളും; ഇനി മാറ്റം അനിവാര്യം
Mail This Article
കൗതുകകരമായി തോന്നാം. എങ്കിലും സത്യമാണ്. കേരളത്തിൽ വീട് മഴ നനയാൻ തുടങ്ങിയത് കോൺക്രീറ്റ് വീടുകളുടെ വരവോടെയാണ്. സ്വാഭാവികമായും വീടിനകത്തേക്കും നനവ് പടരാൻ തുടങ്ങി. അങ്ങനെ വാട്ടർ പ്രൂഫിങ് അപ്ലിക്കേഷൻ വന്നു. സിമന്റിൽ പണിതിട്ടും വ്യാപകമായി വാട്ടർ പ്രൂഫിങ് ചെയ്തില്ലെങ്കിൽ വീട് മഴയിൽ കുതിരുമെന്ന അവസ്ഥയായി.
പണ്ട് എത്ര ചെറിയ വീടും കുടിലും കൊട്ടാരവും മനകളും മഴ നനയുന്നത് മേൽക്കൂര മാത്രമായിരുന്നു. സെക്കന്റുകൾക്കുള്ളിൽ മേച്ചിലോടിലൂടെ ഒഴുകിയിറങ്ങി വെള്ളം ഭൂമിയിലെത്തുന്നു. ഭിത്തികളിൽ നിന്ന് അകന്ന് മാറിയാണ് മഴവെള്ളം താഴേക്ക് പതിക്കുന്നത്.
പക്ഷേ ഇപ്പഴോ? തിരശ്ചീനമായ കോൺക്രീറ്റ് റൂഫ് വന്നതോടെ മഴവെള്ളം ഒഴുകിയിറങ്ങി പോകാൻ ആവശ്യത്തിന് ഡ്രെയിൻ പൈപ്പുകൾ കൊടുക്കേണ്ടി വന്നു. വെള്ളം റൂഫിൽ നിന്ന് കാലിയാകാൻ ഏറെ സമയം വേണ്ടിവരുന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പെയിന്റടിച്ച വീടിന്റെ എല്ലാ പുറംഭിത്തികളും മഴയിൽ നനയുന്നു.
പുറംഭിത്തികളിൽ സ്ഥാപിച്ച ജനാലകളും മഴയിൽ നനയുന്നു. മഴ കാണാൻ പോലും ജനാല തുറക്കാനാവാത്ത സ്ഥിതിയുണ്ടാവുന്നു. വീടുകൾക്കെന്താ റെയിൻ ഷെയ്ഡ് ഇല്ലാത്തത് എന്ന ചോദ്യം അങ്ങനെയാണ് വരുന്നത്. പക്ഷേ എല്ലാ വീടിനും സൺഷെയ്ഡുണ്ടുതാനും. 3000 മില്ലിമീറ്റർ മഴ ചെയ്യുന്ന കേരളത്തിലെ വീടുകൾക്ക് സൺഷെയ്ഡ് മാത്രം മതിയെന്നു പറയാനാവുമോ?
4/5 അടി ഉയരത്തിലുള്ള ജനാലകൾക്ക് രണ്ട് രണ്ടരയടി വീതിയിൽ കോൺക്രീറ്റ് ഭിത്തിയിൽ നിന്ന് തള്ളി വാർത്താൽ സൺഷെയ്ഡ് പോലുമാകുമോ? ഇല്ല. മഴയോ വെയിലോ തട്ടാത്ത ജനാലകൾ വേണമെങ്കിൽ മൂന്നടി വീതിയിലെങ്കിലും ഷെയ്ഡ് ഉണ്ടാകേണ്ടതല്ലേ?
മഴക്കാലത്തും നല്ല വേനൽക്കാലത്തും കേരളത്തിലെ വീടുകളുടെ ഡിസൈനുകൾക്ക് പിഴവുകളുണ്ടെന്ന് തോന്നാറുണ്ട്. അങ്ങനെ തോന്നുന്നത് നിലവിലെ വീടുകളുടെ രൂപകൽപന ആസ്വദിക്കാത്ത ആളായതുകൊണ്ടല്ല.
ചതുര പ്രൊജക്‌ഷനുകൾ വീടുകൾക്ക് സൗന്ദര്യം ഉണ്ടാക്കുന്നുണ്ട് എന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. അത് നന്നായി ആസ്വദിക്കാറുമുണ്ട്. പക്ഷേ കാലാവസ്ഥയെ കാണുന്നില്ല എന്നതാണ് സമകാലിക വീടുകളുടെ രൂപകൽപനയെപ്പറ്റിയുള്ള എന്റെ ഏക പരാതി. മാത്രമല്ല വീട് നിരന്തരം വിപണിയെ ഉത്തേജിപ്പിക്കുന്ന ഒരു ഉൽപന്നമാകുന്നുമുണ്ട്..
വീടിനെ പരിപാലിക്കാൻ നിരന്തരം പണം ചെലവഴിക്കേണ്ടിവരുന്നു. അത് വീട്ടുടമസ്ഥരുടെ ബജറ്റിനെ താളം തെറ്റിക്കുന്നു. മനുഷ്യരെ പോലെ തന്നെ നിരന്തരം വീടിനും രോഗഭീതിയുണ്ടാവുന്നു. അതുകൊണ്ടാണ് വീട് സീറോ മെയിന്റനൻസായിരിക്കണം എന്ന് പറയുന്നത്.
മിനിമം ബജറ്റ് മാത്രമല്ല, സീറോ മെയിന്റനൻസ് കൂടി ആവണം നമ്മുടെ വീടുകൾ. പാരപ്പറ്റും സൺ ഷേഡുകളും ഒഴിവാക്കി ചുമരുകളും കോൺക്രീറ്റ് സ്ലാബും സംരക്ഷിക്കുന്ന വിധത്തിൽ നന്നായി ചരിഞ്ഞ മേൽക്കൂര പണിതാൽ മുകൾഭാഗം സ്റ്റോർ മാത്രമല്ല ബെഡ്റൂമായി പോലും ഉപയോഗിക്കാം. അകത്തുനിന്ന് സ്റ്റയർ വയ്ക്കണമെന്നുമാത്രം.
കോൺക്രീറ്റ് 'റൂഫ്' എന്ന സങ്കൽപത്തിൽനിന്ന് മാറി കോൺക്രീറ്റ് 'ഫ്ലോർ' സങ്കൽപത്തിലേക്ക് വരണമെന്നാണ് ഞാൻ അർഥമാക്കുന്നത്. അതായത് കോൺക്രീറ്റ് ഏറ്റവും യോജിക്കുന്നത് ഫ്ലോറിനാണ് അല്ലാതെ റൂഫിനല്ല. കാരണം കോൺക്രീറ്റിന് ഭാരം താങ്ങാൻ കഴിയും, പക്ഷേ കേരളത്തിലെ കാലാവസ്ഥയെ മനുഷ്യർക്ക് ഗുണകരമായ വിധത്തിൽ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്. ഈ യാഥാർഥ്യമാണ് നാം മനസിലാക്കേണ്ടത്.