ഒരു കൂരയ്ക്ക് കീഴിൽ 20,000 താമസക്കാർ! അമ്പരപ്പിച്ച് ചൈനയിലെ ഭീമൻ അപ്പാർട്മെന്റുകൾ
Mail This Article
ഒരു നഗരപ്രദേശത്ത് ഉള്ളതിനൊപ്പമോ അതിലധികമോ ആളുകൾ ഒറ്റക്കെട്ടിടത്തിൽ താമസിച്ചാൽ എങ്ങനെയുണ്ടാവും? പ്രായോഗികമല്ലാത്ത കാര്യമാണെന്ന് തോന്നുമെങ്കിലും അത്തരമൊരു കെട്ടിടം ചൈനയിലുണ്ട്. ഹാങ്ഷൗവിലെ ഖിയാങ്ജിയാങ്ങിലാണ് വലുപ്പംകൊണ്ട് അമ്പരപ്പിക്കുന്ന ഈ അപ്പാർട്ട്മെൻ്റ് സമുച്ചയമുള്ളത്.
റീജന്റ് ഇന്റർനാഷണൽ സെന്റർ എന്നാണ് കെട്ടിടത്തിന്റെ പേര്. ആയിരവും പതിനായിരവുമല്ല 30,000 ആളുകൾക്ക് ജീവിക്കാനുള്ള ഇടം ഇവിടെയുണ്ട്. അലീസിയ ലു എന്ന ഡിസൈനർ രൂപകൽപന ചെയ്ത കെട്ടിടം 2013ലാണ് പ്രവർത്തനം ആരംഭിച്ചത്. എസ് ആകൃതിയിലുള്ള കെട്ടിടത്തിന് ചില ഭാഗത്ത് 36 നിലകളും മറ്റു ചിലയിടങ്ങളിൽ 39 നിലകളുമുണ്ട്. 675 അടിയാണ് ഉയരം. മുപ്പതിനായിരം ആളുകളെ പാർപ്പിക്കാനുള്ള സൗകര്യം ഉണ്ടെങ്കിലും നിലവിൽ ഇവിടെ 20,000 ആളുകൾ മാത്രമേ താമസിക്കുന്നുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.
ഒരു കൂരയ്ക്കു കീഴിൽ ഇത്രയധികം ആളുകൾ പാർക്കുന്നതുകൊണ്ട് 'ലോകത്തിലെ ഏറ്റവും ജനനിബിഡമായ കെട്ടിടം' എന്ന പേരും റീജന്റ് ഇൻ്റർനാഷണൽ നേടിയിട്ടുണ്ട്. ഇവിടെ താമസിക്കുന്നവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും കെട്ടിടത്തിൽ തന്നെ ഉണ്ടെന്നതാണ് മറ്റൊരു സവിശേഷത. റസ്റ്ററന്റ്, സൂപ്പർ മാർക്കറ്റുകൾ, സ്വിമ്മിങ് പൂൾ, സലൂണുകൾ, ജിമ്മുകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം കെട്ടിടത്തിനുള്ളിൽ ഒരുക്കിയിരിക്കുന്നു. ആവശ്യങ്ങളെല്ലാം താമസസ്ഥലത്ത് തന്നെ ലഭിക്കുമ്പോൾ ആളുകൾ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും അതുവഴി നഗരത്തിലെ ഗതാഗതക്കുരുക്കിനും മലിനീകരണത്തിനും പരിഹാരമാവുമെന്ന കാഴ്ചപ്പാടും കെട്ടിടത്തിന്റെ നിർമാണത്തിന് പിന്നിലുണ്ട്. എന്നാൽ ഇതാദ്യം ഒരു ഹോട്ടൽ എന്ന രീതിയിൽ നിർമിക്കപ്പെട്ടതാണെന്നും പിന്നീട് അപ്പാർട്ട്മെന്റുകളാക്കി തിരിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
ഒരുകാര്യത്തിനും പുറത്ത് പോകാതെ സ്വാശ്രയത്വത്തിൽ കഴിയുന്ന ഒരു സമൂഹം എന്ന ലക്ഷ്യത്തിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടവരെയും അല്ലാത്തവരെയും ഒരുപോലെ ഉൾക്കൊള്ളിക്കുന്നതിനായി അപ്പാർട്ട്മെന്റുകളുടെ വലുപ്പത്തിലും സൗകര്യങ്ങളിലും വ്യത്യസ്തത പുലർത്തിയിട്ടുണ്ട്.
ജനാലകൾ ഇല്ലാത്ത താരതമ്യേന ചെറിയ ഫ്ലാറ്റുകൾക്ക് ഏകദേശം 220 ഡോളറാണ് (18,000 രൂപ) പ്രതിമാസ വാടക. ഔട്ട്ഡോർ സ്പേസും സ്വാഭാവിക വെളിച്ചവും വായുവും എത്താനുള്ള സൗകര്യങ്ങളും ബാൽക്കണിയും ഉൾപ്പെടുന്ന വലിയ അപ്പാർട്ട്മെൻ്റുകൾക്ക് ഏകദേശം 550 ഡോളർ (45,000 രൂപ) വാടക നൽകേണ്ടിവരും.
ഒട്ടേറെ സൗകര്യങ്ങളുണ്ടെങ്കിലും കെട്ടിടത്തിലെ ജീവിതത്തിന് അതിന്റേതായ വെല്ലുവിളികളും ഉണ്ടെന്നതിനാൽ 'ഡിസ്റ്റോപ്പിയൻ അപ്പാർട്ട്മെൻ്റ്' എന്ന വിളിപ്പേരും റീജന്റ് ഇൻ്റർനാഷണലിന് ലഭിച്ചിട്ടുണ്ട്. ഇത്രയുമധികം ആളുകൾ ഒരുമിച്ച് കഴിയുന്നതും മൂലം സ്വകാര്യത നഷ്ടപ്പെടും എന്നതാണ് ഒരു പ്രശ്നം. ഒരു കെട്ടിടത്തിനുള്ളിലേക്ക് ലോകം ചുരുങ്ങി പോകുന്നത് അസംതൃപ്തി നിറയുന്ന സാഹചര്യമാണെന്നും കണക്കാക്കപ്പെടുന്നു. ഇത്തരത്തിൽ ജനസാന്ദ്രത കൂടിയ നിരവധി കെട്ടിടങ്ങൾ ചൈനയിലുണ്ട്.