കടം, വീട്, ജപ്തി: 100 സിനിമയെടുക്കാൻ മാത്രം കഥകളുണ്ട് കേരളത്തിൽ; അനുഭവം
Mail This Article
ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് വീടും സ്ഥലവും വാങ്ങിയത് ഭാര്യയുടെ പേരിൽ. ഭർത്താവ് ഗൾഫിൽ പോയപ്പോൾ ഭാര്യ കടലാസുകളെല്ലാമെടുത്ത് നേരെ ബാങ്കിലേക്ക്. 50 ലക്ഷം ആവശ്യപ്പെട്ടെങ്കിലും ബാങ്കുകാർ 40 ലക്ഷം കടം കൊടുത്തു.
വർഷങ്ങൾ കഴിഞ്ഞു. ബാങ്ക് പലതവണ തിരിച്ചടവിന് കടലാസയച്ചിട്ടും പ്രതികരണമില്ല. പലിശ പിഴപലിശ എല്ലാമായി കടം 64 ലക്ഷമായി വളർന്നു. ഒടുവിൽ ജപ്തി നോട്ടീസയച്ചു. അപ്പോഴാണ് അക്കാര്യം ഭർത്താവറിയുന്നത്. ഭർത്താവ് നേരെ ബാങ്കിലേക്ക് കുതിച്ചു. ബാങ്കുകാർ കൈമലർത്തി. തന്റെ പേരിലുള്ള ഡോക്യുമെന്റ്സുമായി വരുന്നയാൾക്ക് ബാങ്ക് കടം കൊടുക്കാതിരിക്കുന്നതെങ്ങിനെ?
ബാങ്കിൽ നിന്നെടുത്ത പണം ഭാര്യ എന്തിന് ചെലവഴിച്ചു എന്ന് ഒരെത്തും പിടിയും ഭർത്താവിനില്ല. ജപ്തി നോട്ടീസ് കൈപ്പറ്റിയ ഭാര്യക്ക് യാതൊരു കുലുക്കവുമില്ലെന്ന് മാത്രമല്ല വീടും പറമ്പും ബാങ്കുകാർ കൊണ്ടുപോകുന്നതിൽ ഒട്ടും ദുഃഖവുമില്ല.
സമ്പാദ്യം നഷ്ടപ്പെട്ട ഭർത്താവ് മാത്രം കനത്ത മാനസികാഘാതത്തിലായി. ബാങ്കിൽ നിന്ന് എടുത്ത പണം ഭാര്യ സ്വന്തം വീട്ടുകാരെ (പ്രത്യേകിച്ച് (ആങ്ങളയെ) സഹായിക്കാനായി ചെലവഴിച്ചതാണെന്നാണ് നാട്ടുസംസാരം...
***
മകന്റെ രക്താർബുദ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ ചെറുകിട ബിസിനസുകാരനായ പിതാവ് വീടും സ്ഥലവും ബാങ്കിൽ പണയം വച്ച് പണമെടുത്ത് ഏറ്റവും മുന്തിയ ആശുപത്രികളിൽ അവനെ കൊണ്ടുപോയി ചികിത്സിക്കുന്നു. നീണ്ട ചികിത്സയ്ക്കായി അച്ഛൻ അവനോടൊപ്പം സഞ്ചരിക്കേണ്ടി വരുന്നു. ഒടുവിൽ മകൻ മരിക്കുന്നു. ആ അച്ഛന്റെ ബിസിനസും സ്വാഭാവികമായും പരാജയപ്പെടുന്നു. സാമ്പത്തികമായി ദയനീയാവസ്ഥയിലേക്ക് പതിക്കുന്നു. ഒടുവിൽ ഏറെക്കാലം തിരിച്ചടവില്ലാത്തതിന്റെ പേരിൽ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യുന്നു.
***
സുഹൃത്തിനെ സഹായിക്കാൻ അയാളുടെ സ്നേഹ നിർബന്ധത്തിന് വഴങ്ങി തന്റെ വീടും സ്ഥലവും ബാങ്കിൽ വച്ച് ഇരുപത് ലക്ഷം രൂപ വായ്പ വാങ്ങി സുഹൃത്തിന് കൊടുത്തതാണ്. പണം വാങ്ങിയ സുഹൃത്ത് ദിവസങ്ങൾക്കുള്ളിൽ മുങ്ങി. കടബാധ്യത തന്റെ തലയിൽ വന്നു. തിരിച്ചടയ്ക്കാനാവാതെ അയാൾ പൊരിയുകയാണ്. താമസിയാതെ ആ സ്ഥലവും വീടും ജപ്തിയിലാവും. കുടുംബം അനിശ്ചിതാവസ്ഥയിലാവും.
***
വീട് പുതുക്കാനെന്ന പേരിൽ വീടും സ്ഥലവും വച്ച് ബാങ്കിൽനിന്ന് പത്ത് ലക്ഷം രൂപ കടമെടുത്തു. ആ തുകയുപയോഗിച്ച് മകളുടെ കല്യാണം ഗംഭീരമായി നടത്തി. ഒന്നോ രണ്ടോ മാസം മുടങ്ങാതെ ബാങ്കിൽ പണമടച്ചെങ്കിലും പിന്നീട് തിരിച്ചടവില്ല. കല്യാണാനന്തരം ഗർഭം, പ്രസവം, നൂല് കെട്ട് തുടങ്ങിയ ചടങ്ങുകൾ മുറയ്ക്ക് നടന്നു. പത്ത് ലക്ഷമിപ്പോൾ പതിനാല് ലക്ഷമായി. തിരിച്ചടച്ചില്ലെങ്കിൽ താമസിയാതെ ആ വീടും സ്ഥലവും ബാങ്കുകാര് കൊണ്ടുപോകും.
***
ബിസിനസ് ആവശ്യത്തിന് വീടും സ്ഥലവും വച്ച് അമ്പത് ലക്ഷമെടുത്തതാണ്. വർഷം അഞ്ചായി . തിരിച്ചടവില്ല. പൊടുന്നനെ ലോൺ എടുത്തയാൾ ഒരു ബൈക്കപകടത്തിൽ മരിക്കുന്നു. കുടുംബം അനിശ്ചിതാവസ്ഥയിലാവുന്നു. ജപ്തിയിൽ നിന്ന് രക്ഷപ്പെടാൻ എന്തെങ്കിലും മാർഗമുണ്ടോ എന്നന്വേഷിക്കുകയാണ് കുടുംബം.
***
ബാങ്കിൽ നിന്ന് ആറ് ലക്ഷം ലോണെടുത്തു. അത്യാവശ്യം കടങ്ങളെല്ലാം വീട്ടി. മകന് രണ്ട് ലക്ഷത്തിന്റെ ബൈക്ക് വാങ്ങിച്ചുകൊടുത്ത് സ്നേഹമുള്ള മാതാപിതാക്കളായി. പലിശ കേറി എട്ടുലക്ഷമായി. എട്ടുലക്ഷത്തോടൊപ്പം രണ്ട് ലക്ഷം കൂടി പല കാരണം പറഞ്ഞ് വാങ്ങി പത്ത് ലക്ഷത്തിന് ലോൺ പുതുക്കി. തിരിച്ചടവില്ലാത്തതിനാൽ പത്ത് ലക്ഷമിപ്പോൾ 14 ലക്ഷമായി. തിരിച്ചടവിന് ഒരുവഴിയും കാണുന്നില്ല. മൂന്ന് സെന്റും ചെറിയൊരു വീടും താമസിയാതെ ജപ്തിയിലാവും.
***
യൂറോപ്പിൽ നിന്ന് കോടിക്കണക്കിന് രൂപ ലോട്ടറിയടിച്ചെന്ന് പ്രലോഭിപ്പിച്ച് ബാങ്കുദ്യോഗസ്ഥയെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. തട്ടിപ്പുകാർക്ക് പല ഗഡുക്കളായി പണം കൊടുക്കാൻ ഉദ്യോഗസ്ഥ കണ്ടെത്തിയത് വീടും സ്ഥലവും ബാങ്കിൽ പണയപ്പെടുത്തിയും അല്ലറചില്ലറ തിരിമറിയും ഒപ്പിച്ച്...
ഗത്യന്തരമില്ലാതെ അവർ സ്വന്തം വീട് വിൽക്കാൻ പരസ്യം കൊടുത്ത് ഒരാളിൽ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങി എഗ്രിമെന്റെഴുതി. അതേസമയം വീട് കൂടിയ വിലയ്ക്ക് വാങ്ങാൻ മറ്റൊരാൾ വന്നപ്പോൾ അയാളിൽ നിന്ന് മുഴുവൻ പണവും വാങ്ങി വീട് രജിസ്റ്റർ ചെയ്ത് അയാൾക്ക് കൊടുത്തു. ആദ്യം പത്ത് ലക്ഷം രൂപ അഡ്വാൻസ് കൊടുത്തയാൾ വീട് വാങ്ങാനായി വന്നപ്പോൾ അത് മറ്റൊരാൾക്ക് വിറ്റിരിക്കുന്നു ഉടമ. അയാൾ ചതിക്കപ്പെട്ടു. വീട് വിറ്റ ബാങ്കുദ്യോഗസ്ഥ ഇതിനിടയിൽ രോഗം മൂലം മരിക്കുകയും ചെയ്തു. അതിനാൽ ചതിക്കപ്പെട്ടയാൾ ആർക്കെതിരെ കേസ് കൊടുക്കും ?
***
വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും പോകണമെങ്കിൽ പണം വേണം. ബാങ്കിൽ നിന്ന് കടമെടുക്കും. ചിലർ കൃത്യമായി തിരിച്ചടക്കും. ചിലർക്കതിന് ആവില്ല. അപ്പോഴും ജപ്തിയിലേക്ക് ബാങ്കുകൾ കടക്കും.
***
രണ്ട് പെൺമക്കളും അമ്മയുമുള്ള കുടുംബം. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. മകളുടെ ഭർത്താവിന് ബിസിനസ് ചെയ്യാൻ പണം ആവശ്യമായിവരുന്നു. സ്ഥലവും വീടും ബാങ്കിൽ വച്ച് പണമെടുക്കുന്നു.
ബിസിനസ് ആരംഭിക്കുന്നു. പക്ഷേ പ്രതീക്ഷിച്ചപോലെ പുരോഗമിക്കുന്നില്ല. കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു. തിരിച്ചടവുകൾ മുടങ്ങുന്നു. ബാങ്കിന് ജപ്തിയല്ലാതെ മറ്റ് മാർഗമില്ലാതെ വരുന്നു. ഇതിനിടയിൽ മകളുടെ ഭർത്താവ് മനോവിഷമത്താൽ ഹൃദയസ്തംഭനം വന്ന് മരിക്കുന്നു.
ആ കുടുംബം എങ്ങോട്ട് പോവും?
***
ഇങ്ങനെയൊക്കെയാണ് കേരളത്തിൽ നടക്കുന്ന കടങ്ങളുടെയും ജപ്തിയുടെയും പിന്നാമ്പുറക്കഥകൾ. ഇനിയുമുണ്ട് അനേകം ജീവിതകഥകൾ..അടുത്തകാലത്ത് ദേശസാൽകൃത ബാങ്കിന്റെ ബഹുവർണ്ണത്തിൽ കൊടുത്ത മുഴുപേജ് പരസ്യത്തിന്റെ കഥകളും ഏകദേശം ഇതിലേതെങ്കിലുമൊക്കെയാവും. കേരളത്തിന്റെ സാമൂഹ്യഘടനയും സാമ്പത്തിക രംഗവും മാറുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
വ്യക്തി/ കുടുംബ ജീവിതങ്ങൾ ചുഴലിയിലേക്ക് എടുത്തെറിയപ്പെടാതിരിക്കാൻ, കരുതലോടെ കടം വാങ്ങാനും ചെലവഴിക്കാനും പഠിക്കണം നാം. അതാണ് 'ജീവിതത്തിന്റെ എൻജിനീയറിങ്'. വീടിന്റേതുമാത്രമല്ല, ജീവിതത്തിന്റെ കെട്ടുറപ്പും പ്രധാനമാണ്. ഏത് പ്രായത്തിലും മരിക്കാൻ സാധ്യതയുള്ള നിസ്സാരരായ മനുഷ്യരെ താങ്ങി നിർത്താനോ അവരിൽ സന്തോഷം നിറയ്ക്കാനോ മിക്കപ്പോഴും വീടിന്റെ വലുപ്പത്തിനോ ആഡംബരങ്ങൾക്കോ ആകില്ല എന്ന് വിനയത്തോടെ ഓർമിപ്പിക്കട്ടെ.