വാടക കേട്ടാൽ തലകറങ്ങും: സ്വാതന്ത്യ്രത്തിനായി വീടുവിട്ട് നഗരത്തിലേക്ക് ചാടരുത്; ശ്രദ്ധനേടി പോസ്റ്റ്

Mail This Article
ഇന്ത്യയിലെ വൻകിട നഗരങ്ങളിൽ സാധാരണക്കാരന് ഒരു താമസസ്ഥലം കണ്ടെത്താൻ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ലഭിക്കുന്ന ശമ്പളത്തിന്റെ പകുതിയോ അതിലേറെയോ വാടകയായി നൽകേണ്ട സാഹചര്യം പലയിടങ്ങളിലുമുണ്ട്. എന്നാൽ നൽകുന്ന വാടകയ്ക്ക് അനുയോജ്യമായ സൗകര്യങ്ങളൊന്നും ഇത്തരം വീടുകളിൽ ഇല്ല എന്നതാണ് പ്രശ്നം.
നഗരങ്ങളിൽ വലിയ തുക വാടക നൽകിയിട്ടും നിന്നുതിരിയാൻ ഇടമില്ലാത്ത കുടുസ്സു മുറികളിൽ കഴിഞ്ഞുകൂടുന്ന ധാരാളമാളുകളുണ്ട്.
ബെംഗളൂരു നഗരത്തിലെ ഇത്തരം അവസ്ഥകളെക്കുറിച്ച് ധാരാളം പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരാറുമുണ്ട്. ഇപ്പോൾ മുംബൈയിലെ സമാനസാഹചര്യം വിവരിച്ചുകൊണ്ട് ഒരു അഭിഭാഷക പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
പരിമിതമായ സൗകര്യങ്ങളുള്ള വീടുകൾക്ക് പോലും കേട്ടാൽ തലകറങ്ങുന്ന വാടകയാണ് മുംബൈയിലെ വീട്ടുടമസ്ഥർ ഈടാക്കുന്നത്. നഗരത്തിലെ ഫ്ലാറ്റുകളിൽ ഭൂരിഭാഗവും ചെറിയവയാണ്. എന്നാൽ വാടകയുടെ കാര്യത്തിൽ ഇവ ഗ്രാമപ്രദേശങ്ങളിലെ വമ്പൻ ബംഗ്ലാവുകളെ തോൽപിക്കും.
ഈ സാഹചര്യമാണ് അഭിഭാഷകയായ വിത എക്സിലൂടെ വിവരിച്ചിരിക്കുന്നത്. മുംബൈയിൽ 1 BHK ഫ്ലാറ്റിന് വാടകയായി 50000 മുതൽ 70000 രൂപ വരെ നൽകേണ്ടി വരുമെന്ന് ഇവർ പറയുന്നു.
ഈ അവസ്ഥ ഒഴിവാക്കാനുള്ള ഒരു ഉപദേശവും ഹാസ്യരൂപേണ വിത പങ്കുവയ്ക്കുന്നുണ്ട്. മാതാപിതാക്കളുമായി നല്ല ബന്ധത്തിൽ സ്വന്തം വീടുകളിൽ തന്നെ കഴിയുക എന്നതാണത്. ആരെയും ആശ്രയിക്കാതെ കഴിയുന്നതിനുവേണ്ടി വീടുവിട്ട് നഗരങ്ങളിലേക്ക് ഓടിപ്പോകേണ്ട കാര്യമില്ലെന്നും ഇവർ ഓർമിപ്പിക്കുന്നു.
സ്വന്തം കാലിൽ നിൽക്കാൻ മുംബൈ നഗരത്തിലേക്ക് ചുവടുപറിച്ച് നടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് എന്നോണമാണ് പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്.
പങ്കുവച്ച് ദിവസങ്ങൾക്കുള്ളിൽ പോസ്റ്റ് വൈറലായി. വാടക തുക കേട്ട് വിശ്വസിക്കാനാവുന്നില്ല എന്നാണ് പലരും കമന്റ് ബോക്സിൽ പ്രതികരണങ്ങൾ അറിയിക്കുന്നത്. അതേസമയം ഉയർന്ന തുക വാടകയായി നൽകുന്ന ധാരാളമാളുകൾ വിതയുടെ കാഴ്ചപ്പാടുകൾ ശരിയാണെന്ന് പിന്തുണയ്ക്കുന്നു.
അന്ധേരിയിൽ 3 BHK ഫ്ലാറ്റിന് ഒരുലക്ഷം രൂപ വാടക നൽകുന്ന അനുഭവവും ഒരാൾ കമൻ്റ് ബോക്സിൽ പങ്കുവയ്ക്കുന്നു.
രാജ്യത്തിന്റെ തലസ്ഥാന നഗരത്തെക്കാൾ ഉയർന്ന വാടക നിരക്കാണ് സാമ്പത്തിക തലസ്ഥാനത്തിന് എന്നത് വിശ്വസിക്കാനാവുന്നില്ല എന്ന് മറ്റൊരാൾ അഭിപ്രായപ്പെടുന്നു.
അതേസമയം താമസത്തിനായി തിരഞ്ഞെടുക്കുന്ന പ്രദേശം ഏതാണെന്നത് അനുസരിച്ച് വാടകയിലും വ്യത്യാസമുണ്ടാകുമെന്നാണ് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നത്. നഗരഹൃദയങ്ങളിൽ മാത്രം വാടകവീട് അന്വേഷിക്കാതെ അൽപം അകലെയുള്ള മേഖലകൾ തിരഞ്ഞെടുത്താൽ ഭേദപ്പെട്ട നിരക്കിൽ വീടുകൾ ലഭിക്കുമെന്നാണ് ഇവരുടെ അഭിപ്രായം.