കയ്യിൽ സമ്പാദ്യമൊന്നുമില്ല; ഒരു സാധാരണക്കാരൻ സ്വന്തം വീട് സഫലമാക്കിയ കഥ
Mail This Article
ഓരോ മലയാളിയുടെയും സ്വപ്നവും സ്വകാര്യ അഹങ്കാരവുമാണ് സ്വന്തം വീട്. വിവാഹം കഴിയുന്നതോടെ കുടുംബവീട് വിട്ട് സ്വന്തമായിട്ടൊരു വീട് എന്ന സ്വപ്നം കാണാൻ തുടങ്ങുകയായി ഓരോരുത്തരും. അത്തരമൊരു അനുഭവക്കുറിപ്പ് വായിക്കാം...
എല്ലാവരെയും പോലെ തന്നെ ഞാനും വിവാഹം കഴിഞ്ഞു ഒരു കുഞ്ഞായതോടെ കൂട്ടുകുടുംബത്തിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു. കൃത്യമായ ഒരു വരുമാനമോ പാരമ്പര്യമായി ഒരു തുണ്ട് ഭൂമിയോ ഇല്ല. കിട്ടുന്നത് വീട് പുലർത്താനൊട്ട് തികയുന്നുമില്ല. എങ്കിലും സ്വന്തമായി ഒരു വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മുള പൊട്ടി. ഓരോ വീടുകളും കാണുമ്പോൾ ഒരെണ്ണം എനിക്കുമുണ്ടായിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചു. 6 വർഷങ്ങൾ ആഗ്രഹം മാത്രമായി, സ്വന്തമായി വീടും അഡ്രസുമില്ലാതെ കടന്നു പോയി.
Step 1
ഏഴാമത്തെ വർഷം
വീടു വാങ്ങുക എന്ന ലക്ഷ്യത്തിനായി ചെറിയ ഒരു ചിട്ടിയിൽ ചേർന്നു. എത്ര ദൂരം സഞ്ചരിക്കണമെങ്കിലും ഓരോ കാലടി വച്ച് തുടങ്ങണമല്ലോ.
മാസം 1000 രൂപ അടവ്. അതു തന്നെ വലിയ സംഖ്യയായിരുന്നു. പ്രയാസപ്പെട്ടാണെങ്കിലും മുടങ്ങാതെ തവണകൾ അടച്ചു കൊണ്ടിരുന്നു. പകുതി ആയപ്പോഴേക്കും നറുക്ക് വീണു. 20,000 രൂപ കയ്യിൽ വന്നു.
Step 2
ബന്ധു പുതിയ വലിയ വീട് വച്ചപ്പോൾ അവരുടെ നിലവിലെ വീട് വിൽക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. 10 സെന്റ് സ്ഥലവും അൽപം പഴയതെങ്കിലും 2 ബെഡ് റൂമുകളുമായി ഭംഗിയുളള ഒരു ടെറസ് വീട്.
5 വർഷം കൊണ്ട് ഘട്ടം ഘട്ടമായി പണം നൽകാം, വീട് എനിക്കു നൽകാമോ എന്നന്വേഷിച്ചു. ദിവസങ്ങൾക്ക് ശേഷം അർദ്ധ സമ്മതം നേടാനായതോടെ കുറി കിട്ടിയ പണവും ആഭരണം വിറ്റു കിട്ടിയ 10000 രൂപയും ചേർത്ത് 30000 രൂപ അഡ്വാൻസ് തുക നൽകി 5 വർഷത്തെ കരാറിലെത്തി.
Step3
കഠിനാധ്വാനത്തിന്റെയും സഹനത്തിന്റെയും വർഷങ്ങൾ. വിഭവ സമൃദ്ധമായ ഭക്ഷണം, പുതിയ വസ്ത്രങ്ങൾ, വിനോദങ്ങൾ എല്ലാം അടക്കി വയ്ക്കാൻ പഠിച്ചു. ഓരോ മാസവും ഓരോ രൂപയും മിച്ചം പിടിച്ച് ഒരു വർഷം കൊണ്ട് 20000 രൂപ കൂടി കൊടുക്കാൻ സാധിച്ചു.
വരുമാനം ഓരോ വർഷവും കുറേശെ കുറേശെ വർദ്ധിച്ചെങ്കിലും ജീവിത നിലവാരം ഒട്ടും തന്നെ വർദ്ധിപ്പിക്കാതെ മൂന്നാമത്തെ വർഷം വിലയുടെ 25 % കൊടുത്തു വീട്ടി.
5 വർഷം കൊണ്ട് എനിക്ക് വാക്ക് പാലിക്കാൻ സാധിച്ചില്ല. എങ്കിലും ഒരു വർഷം- കൃത്യമായി പറഞ്ഞാൽ 10 മാസം കൂടി അധികമെടുത്ത് മുഴുവൻ പണവും കൊടുത്തു വീട്ടാനായി .
13 വർഷം കൊണ്ട് നടന്ന സ്വപ്നം- സ്വന്തം വീട്!..ഒടുവിൽ സഫലം.
വരുമാനം എത്ര എന്നതല്ല, നിങ്ങളുടെ ആഗ്രഹം എത്ര തീഷ്ണമാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഓരോ സ്വപ്ന സാക്ഷാത്കാരവും. വീട്, വാഹനം, വരുമാനമാർഗം, നിഷ്ക്രിയ ആസ്തികൾ എല്ലാം തന്നെ ആർക്കും കണ്ടെത്താനാവും. ഏറ്റവും മുൻഗണന അതിന് നൽകുമ്പോൾ മാത്രം. ജീവശ്വാസം പോലെ തീഷ്ണമാവട്ടെ സ്വപ്നങ്ങൾ ...എല്ലാം നടക്കും.