മറ്റൊരാളുടെ ചെലവിൽ സ്ഥാപിച്ച പോസ്റ്റിൽനിന്ന് കറണ്ട് കണക്‌ഷൻ; അനുഭവം
Mail This Article
മറ്റൊരാൾ പണം കൊടുത്ത് സ്ഥാപിച്ച പോസ്റ്റിൽനിന്ന് അയാളുടെ അനുവാദമില്ലാതെയും അയാൾക്ക് പണം നൽകാതെയും വേറൊരാൾക്ക് കറണ്ട് കണക്‌ഷൻ എടുക്കാൻ സാധിക്കുമോ..? പുതിയതായി സ്ഥലം വാങ്ങി വീട് പണിയുന്ന പലരും ചോദിക്കുന്ന ചോദ്യമാണിത്.
ഒറ്റവാക്കിൽ ഉത്തരം പറയാൻ പറ്റാത്ത ഒരു ചോദ്യമാണിത്.
കാരണം, നിയമപരമായി പറഞ്ഞാൽ (എന്റെ പരിമിതമായ അറിവിൽ), ചില പ്രത്യേക സാഹചര്യത്തിൽ പോസ്റ്റ് സ്ഥാപിച്ച ആളുടെ അനുമതിയില്ലാതെ, അയാൾക്ക് പണം നൽകാതെ കണക്‌ഷൻ നൽകാൻ ബന്ധപ്പെട്ടവർക്ക് അധികാരമുണ്ട്. പ്രത്യേക സാഹചര്യം എന്നാൽ, അടുത്ത വീട്ടുകാരന് കറണ്ട് കണക്‌ഷൻ എടുക്കാൻ സാമ്പത്തികമായും മറ്റും യാതൊരു മാർഗവുമില്ല എന്ന് അധികാരികൾക്ക് ബോധ്യമായാൽ ഈ പോസ്റ്റിൽനിന്ന് യാതൊരു വ്യവസ്ഥകളുമില്ലാതെ കറണ്ട് കണക്‌ഷൻ നൽകണം എന്നാണ് നിയമം. പോസ്റ്റ് ആര് സ്ഥാപിച്ചാലും കറണ്ട് സർക്കാറിന്റേതാണ്. അത് പൊതുജനങ്ങൾക്ക് ലഭ്യമാകുക എന്നത് പൗരന്റെ അവകാശവുമാണ്.
ഇനി ഇതിന്റെ മറ്റൊരു വശം:
കൈയിൽ പണമുണ്ടായിട്ടും കറണ്ട് ആവശ്യമുണ്ടായിട്ടും "മറ്റവൻ കാശുമുടക്കി പോസ്റ്റിടട്ടെ, അതിനുശേഷം അയാൾ സ്ഥാപിച്ച പോസ്റ്റിൽനിന്ന് നമുക്ക് സൗജന്യമായി കറണ്ട് എടുക്കാം" എന്ന് ചിന്തിക്കുന്ന കുബുദ്ധികളായ ചിലരുണ്ട്. പോസ്റ്റ് നിൽക്കുന്നത് മറ്റയാളുടെ വസ്തുവിലാണങ്കിൽ മുകളിൽ പറഞ്ഞ നിയമം ഇത്തരക്കാർക്ക് ബാധകമല്ല.
പക്ഷേ, ആര് പണം കൊടുത്ത് സ്ഥാപിച്ചതായാലും പോസ്റ്റ് പൊതുസ്ഥലത്ത് സ്ഥാപിക്കപ്പെട്ടതാണങ്കിൽ ആ പോസ്റ്റിൽനിന്ന് ആരുടേയും അനുവാദമില്ലാതെ ആർക്കും കറണ്ട് ലഭ്യമാക്കാൻ സാധിക്കും.
***
ഏകദേശം 35/40 വർഷം മുൻപാണ് എന്റെ വീട്ടിലേക്ക് കറണ്ട് കണക്‌ഷൻ എടുത്തത്. ഹൈവേയിൽനിന്ന് ഏകദേശം 300 മീറ്ററോളം ദൂരമുള്ള എന്റെ വീട്ടിലേക്ക് നാലഞ്ച് പോസ്റ്റ് ആവശ്യമായി വന്നു. കറണ്ട് ആവശ്യമുള്ള പലരുമന്ന് സാമ്പത്തികമായി ഒട്ടും സഹകരിച്ചില്ല. ഞങ്ങൾ ചിലർ മാത്രം പണം മുടക്കി കറണ്ട് എടുത്തതിന് ശേഷമാണ് ഈ കാലുകളിൽ നിന്നും ബാക്കിയുളളവരെല്ലാം കറണ്ട് കണക്‌ഷൻ എടുത്തത്.
***
മറ്റൊരനുഭവം പറയാം:
കുറേ വീടുകൾക്ക് മധ്യത്തിൽ നിൽക്കുന്ന മൂന്നടിമാത്രം നടവഴിയുള്ള എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് കറണ്ട് കണക്‌ഷൻ എടുക്കണമെങ്കിൽ അടുത്തുളള ആരുടെയെങ്കിലും ഒരു പറമ്പ് ക്രോസ് ചെയ്തെ മതിയാകൂ. പക്ഷേ അവരാരും അതിന് സമ്മതം നൽകിയില്ല.
തുടക്കത്തിൽ ഞാൻ പറഞ്ഞ നിയമത്തിന്റെ ആനുകൂല്യത്തിൽ, പിന്നീട് ഒരാളുടെ വസ്തുവിന് കുറുകെയായി (അയാളുടെ അനുമതിയില്ലാതെ തന്നെ) ആ വീട്ടുകാർക്ക് കറണ്ട് കണക്‌ഷൻ ലഭിക്കുകയുണ്ടായി!