സാധാരണക്കാർ എങ്ങനെ ജീവിക്കും? നഗരത്തിലെ നടുക്കുന്ന ഭവനവില വെളിപ്പെടുത്തി ചെറുപ്പക്കാരൻ
Mail This Article
ഇന്ത്യയിലെ വൻകിട നഗരങ്ങളിൽ ചെറിയ മുറികൾപോലും വാടകയ്ക്ക് എടുക്കണമെങ്കിൽ ശമ്പളത്തിന്റെ പകുതിയിലേറെ നൽകേണ്ടുന്ന സാഹചര്യമുണ്ട്. ജോലിക്കായും വിദ്യാഭ്യാസത്തിനായും നഗരങ്ങളിൽ എത്തിയ പലരും നേരിടുന്ന പ്രധാന പ്രതിസന്ധിയും ഇതാണ്. മാസം നല്ലൊരു തുക ശമ്പളം വാങ്ങുന്നവർക്ക് പോലും ഡൽഹി പോലെയുള്ള നഗരങ്ങളിൽ ഒരുവീട് സ്വന്തമാക്കുക എന്ന സ്വപ്നം കയ്യെത്താ ദൂരത്താണെന്ന് വെളിവാക്കുകയാണ് ഒരു യുവഎൻജിനീയർ. നോയിഡയിൽ നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിൽ ഒരു അപ്പാർട്ട്മെന്റിന് നൽകേണ്ടിവരുന്ന വില ചൂണ്ടിക്കാട്ടിയാണ് എൻജിനീയറായ കാശീഷ് ചിബർ അവസ്ഥ വിവരിക്കുന്നത്.
നോയിഡയിലെ സെക്ടർ 124 ൽ 4 BHK അപ്പാർട്ട്മെന്റിന് 15 കോടി രൂപയാണ് നിർമാതാക്കൾ വിലയായി ആവശ്യപ്പെടുന്നത്. ഇനി 6 BHK അപ്പാർട്ട്മെൻ്റാണ് വേണ്ടതെങ്കിൽ 25 കോടി രൂപ നൽകേണ്ടിവരും. ഈ തുക കേട്ടാണ് കാശീഷ് അമ്പരന്നത്.
ഉയർന്ന ശമ്പളമുള്ള ജോലികൾ തേടി പോയാലും ട്രേഡിങ്ങിലോ നിക്ഷേപത്തിലോ പണം ഇറക്കിയാലും ഇവിടെ ഒരു വീട് സ്വന്തമാക്കാൻ തനിക്ക് സാധിക്കില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറയുന്നു. ഇവിടങ്ങളിൽ വീടു വാങ്ങുന്നവർ ആരായിരിക്കുമെന്നും ഇത്ര വലിയ തുക മുടക്കണമെങ്കിൽ അവർക്ക് മാസശമ്പളം എത്രയായിരിക്കും എന്നുള്ള അദ്‌ഭുതവും കാശീഷ് പ്രകടിപ്പിക്കുന്നു.
അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് കാശീഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വളരെ വേഗത്തിൽ വൈറലാവുകയും ചെയ്തു. നാലു ദശലക്ഷത്തിൽപരം ആളുകളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ വിഡിയോ കണ്ടത്. വില കേട്ട് വിശ്വസിക്കാനാവുന്നില്ല എന്ന് ഭൂരിഭാഗം ആളുകളും പ്രതികരിക്കുന്നു. മധ്യവർഗക്കാരായ ഇന്ത്യക്കാർക്ക് നോയിഡ അപ്രാപ്യമായ പ്രദേശമായി കഴിഞ്ഞുവെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്രയും പണം കയ്യിലുണ്ടെങ്കിൽ ദുബായിലോ യൂറോപ്പിലോ സാമാന്യം ഭേദപ്പെട്ട ഒരു വില്ല തന്നെ സ്വന്തമാക്കാമെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.
അതേസമയം അപ്പാർട്ട്മെന്റിന്റെ സ്ഥലവിസ്തൃതിയും കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും എത്രത്തോളമാണെന്ന് കൃത്യമായി കണക്കിലെടുത്ത ശേഷം മാത്രമേ വില ന്യായമാണോ അധികമാണോ എന്ന് ഉറപ്പിക്കാനാകൂ എന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
ജീവിതം മുഴുവൻ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നാലും ഇത്തരം വീടു വാങ്ങാമെന്ന് തീരുമാനിക്കുന്നവർ ധാരാളമുണ്ടെന്നും അത്തരക്കാർ ഒരു വർഷത്തേക്കെങ്കിലും തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞാൽ വില കുറയും എന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം. 4 BHK ഫ്ലാറ്റിന് 15 കോടി മുടക്കുന്നതിന് പകരം രണ്ടു കോടി മുടക്കിയാൽ നഗരത്തിന്റെ സമീപപ്രദേശങ്ങളിൽ ഭേദപ്പെട്ട സ്ഥലം കണ്ടെത്താനാവുമെന്നും മൂന്നു കോടി മുടക്കിയാൽ അവിടെ ഗംഭീര ബംഗ്ലാവ് തന്നെ നിർമിക്കാനാവുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.