എന്ത് 5 സ്റ്റാർ! ദുബായിലെ ഹോട്ടൽ ബാൽക്കണിയിൽ തുണി ഉണക്കാൻ വിരിച്ച് അമ്മ: വിഡിയോ പങ്കുവച്ച് മകൾ
Mail This Article
എത്ര തിരക്കാണെങ്കിലും മഴയാണെങ്കിലും തുണി അലക്കുന്നതും അവ ഏതു വിധേനയും ഉണക്കിയെടുക്കുന്നതും ഇന്ത്യയിലെ എല്ലാ വീടുകളിലും പതിവാണ്. തുണി ഉണക്കാൻ സ്ഥലമില്ലാതെ വന്നാൽ കിടപ്പുമുറിയിലും അടുക്കളയിലും വരെ അതിനുള്ള സൗകര്യം ഒരുക്കാനും നമ്മൾ മടിക്കില്ല. ഇന്ത്യക്കാരായ അമ്മമാർ ഇക്കാര്യത്തിൽ കണിശക്കാരാണ്. അപ്പാർട്ട്മെന്റ് സമുച്ചയങ്ങളുടെ ബാൽക്കണിയിൽ തുണികൾ ഇങ്ങനെ നിരന്നുകിടക്കുന്നത് ഇവിടെ പതിവു കാഴ്ചയുമാണ്. എന്നാൽ ദുബായിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നതിനിടെ തുണി ഉണക്കാൻ അവിടുത്തെ ബാൽക്കണി ഉപയോഗിച്ചാലോ ?അതൊരു അപൂർവ കാഴ്ചയായിരിക്കും. ഇന്ത്യക്കാരിയായ ഒരു അമ്മ കാണിച്ച അത്തരമൊരു ശ്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്
അണ്ടർ വാട്ടർ റൂമുകളടക്കം സമാനതകളില്ലാത്ത സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന പാം ജുമൈറയിലെ ആഡംബര റിസോർട്ടായ അറ്റ്ലാൻ്റിസ് ദ പാമിന്റെ ബാൽക്കണിയിലാണ് ഈ അമ്മ തുണി ഉണക്കാനായി വിരിച്ചിട്ടത്. ബാൽക്കണിയുടെ ഹാൻഡ് റെയ്ലിൽ ഇവർ വസ്ത്രം വിരിച്ചിടുന്നതിന്റെ ദൃശ്യങ്ങൾ മകളായ പല്ലവി പകർത്തുകയും ചെയ്തു. 'അമ്മ എവിടെ ചെന്നാലും അമ്മ തന്നെയായിരിക്കും' എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ പല്ലവി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
11 ദശലക്ഷത്തിനു മുകളിൽ ആളുകളാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിഡിയോ കണ്ടത്. രസകരമായ കാഴ്ചയാണെങ്കിലും സമ്മിശ്രമായ പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. അമ്മയുടെ നിഷ്കളങ്കതയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ധാരാളമാളുകൾ പ്രതികരിക്കുന്നുണ്ട്. അമ്മയെ ഇന്ത്യയിൽ നിന്നും വെളിയിൽ കൊണ്ടുപോകാനാകുമെന്നും എന്നാൽ ഇന്ത്യയെ അമ്മയ്ക്കുള്ളിൽ നിന്നും മാറ്റുക സാധ്യമല്ല എന്നുമാണ് മറ്റൊരു കമന്റ്.
എന്നാൽ ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അവിടുത്തെ രീതികൾ അനുസരിച്ച് പ്രവർത്തിക്കാത്തത് നല്ല പ്രവണതയല്ലെന്ന് ചൂണ്ടിക്കാണിക്കുന്നവമുണ്ട്. ഇത് അറിവില്ലായ്മയായി കണക്കാക്കാനാവില്ലെന്നും ഇത്തരം ആഡംബര ഹോട്ടലുകളിൽ തുണിയലക്കാനുള്ള സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ അനാവശ്യമായ നിർബന്ധ ബുദ്ധിയായി മാത്രമേ ഇതിനെ കാണാനാവു എന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. അതേസമയം രാവിലെ വാട്ടർ പാർക്കിൽ പോയിരുന്നുവെന്നും ഉച്ചയ്ക്കുള്ളിൽ റൂം വെക്കേറ്റ് ചെയ്യേണ്ടതിനാൽ ലോൺട്രി സർവീസിനെ ആശ്രയിക്കാനുള്ള സമയമില്ലാതിരുന്നതുകൊണ്ടാണ് അമ്മ ഇങ്ങനെ പെരുമാറിയതെന്നും പല്ലവി വിശദീകരിക്കുന്നുമുണ്ട്. വിഡിയോ പകർത്തിയെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ അമ്മയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി വസ്ത്രം അവിടുന്ന് നീക്കം ചെയ്തിരുന്നുവെന്നും ഇവർ വ്യക്തമാക്കുന്നു.
അതേസമയം നഗരത്തിന്റെ ഭംഗി നഷ്ടപ്പെടുത്തുമെന്ന കാരണം ചൂണ്ടിക്കാട്ടി ബാൽക്കണികളിൽ തുണി ഉണക്കാനായി വിരിച്ചിടരുതെന്ന് ദുബായ് ഭരണകൂടം നിഷ്കർഷിച്ചിട്ടുണ്ട്. 2021ൽ ദുബായ് മുനിസിപ്പാലിറ്റി ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നിർദ്ദേശങ്ങളും ഇതിനൊപ്പം തന്നെ വീണ്ടും ചർച്ചയായി. ബാൽക്കണികളിലും ജനാലകളിലും തുണി ഉണക്കാനായി വിരിക്കരുത്, സിഗരറ്റ് കുറ്റികളും മാലിന്യങ്ങളും ബാൽക്കണിയിൽ നിന്നും വലിച്ചെറിയരുത്, ബാൽക്കണികൾ വൃത്തിയാക്കുന്നതിനിടെ വെള്ളം പുറത്തേക്ക് പോവരുത്, ബാൽക്കണികളിൽ കിളികൾക്ക് ഭക്ഷണം നൽകരുത്,സാറ്റലൈറ്റ് ഡിഷുകളും ആൻ്റിനകളും ബാൽക്കണിയിൽ സ്ഥാപിക്കരുത് എന്നിവയാണ് മുൻസിപ്പാലിറ്റി മുന്നോട്ടുവച്ചിരിക്കുന്ന നിർദ്ദേശങ്ങൾ.