ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവർ അമേരിക്കയിൽ സ്വന്തമാക്കിയത് 2 കോടിയുടെ ആഡംബരവീട്! എന്നാലും ഇതെങ്ങനെ സാധിച്ചു?
Mail This Article
അമേരിക്കയിൽ എങ്ങനെയെങ്കിലും എത്തണമെന്നും ജോലികണ്ടെത്തി സ്ഥിരതാമസമാക്കണമെന്നും സ്വപ്നം കാണുന്ന ലക്ഷക്കണക്കിനാളുകൾ ഇന്ത്യയിലുണ്ട്. എന്നാൽ ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് ആ ആഗ്രഹം സാക്ഷാത്കരിക്കാനാകുന്നത്. ഇനി അമേരിക്കയിൽ എത്തിയാലും ഉയർന്ന ഭവനവിലയും പലിശ നിരക്കുംമൂലം അവിടെ ഒരു വീട് വാങ്ങുന്നത് സാധാരണക്കാർക്ക് ഏതാണ്ട് അസാധ്യമായ കാര്യവുമാണ്. എന്നാൽ ഈ ചിന്താഗതികളെ ഒക്കെ മാറ്റിമറിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ ഒരു ട്രക്ക് ഡ്രൈവർ.
അഞ്ച് കിടപ്പുമുറികളുള്ള ഒരു ഗംഭീര വീടാണ് രണ്ടുകോടി രൂപയ്ക്ക് ഇദ്ദേഹം സ്വന്തമാക്കിയത്. നഗരപ്രദേശത്തുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് വീട് എന്നതാണ് ശ്രദ്ധേയമായ കാര്യം. എക്സിൽ പങ്കുവച്ച ഒരു വിഡിയോയിലൂടെയാണ് മനോഹരമായ ഈ വീടിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
രണ്ടു നിലകളുള്ള വീടിന് അഞ്ച് ബാത്റൂമുകളും ഉണ്ടെന്ന് വിഡിയോയിൽ പറയുന്നു. മനോഹരമായ പുൽത്തകിടിയും ഡ്രൈവ് വേയും വീടിന് മുന്നിൽ കാണാം. രണ്ടു വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന ഗാരിജും ഇവിടെയുണ്ട്. ഇതിനുള്ളിൽ പാർക്ക് ചെയ്തിരിക്കുന്ന 30 ലക്ഷത്തിന് മുകളിൽ വിലയുള്ള കാറാണ് കാണികളെ അദ്‌ഭുതപ്പെടുത്തുന്ന മറ്റൊരു കാഴ്ച. വിഡിയോ പുറത്തുവന്നതോടെ ഇന്ത്യയിലെയും അമേരിക്കയിലെയും ജീവിത നിലവാരവും ഭവനവിലയുമൊക്കെ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിക്കഴിഞ്ഞു.
ഇന്ത്യയിൽ വീട് വാങ്ങുന്നതിനേക്കാൾ എളുപ്പമാണോ അമേരിക്കയിൽ വീട് സ്വന്തമാക്കുന്നത് എന്നാണ് ഭൂരിഭാഗം ആളുകളും ആവർത്തിച്ചു ചോദിക്കുന്നത്. ഓരോ ജോലിയെയും ഓരോ നാട്ടിലും ഏതു കണ്ണിലൂടെ കാണുന്നു എന്നതിന്റെ തെളിവായി ഈ വീടിനെ ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
ട്രക്ക് ഡ്രൈവർമാർ അടക്കം പല ജോലികൾ ചെയ്യുന്നവരെയും ഇന്ത്യയിൽ രണ്ടാം തട്ടിലുള്ളവരായി കാണുന്ന പ്രവണതയുണ്ട്. എന്നാൽ പല നാടുകളിലും കാര്യങ്ങൾ അങ്ങനെയല്ല. ഏതു ജോലിക്കും തുല്യപ്രാധാന്യം നൽകാൻ അവിടെയുള്ളവർക്ക് അറിയാം എന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ ഒരു ശരാശരി എൻജിനീയർക്കുള്ള വരുമാനത്തേക്കാളേറെ അമേരിക്കയിൽ ഒരു ട്രക്ക് ഡ്രൈവർക്ക് ലഭിക്കും എന്നതാണ് ജീവിത നിലവാരത്തിലെ വ്യത്യാസമായി ഇവർ എടുത്തു കാട്ടുന്നത്.
ഇന്ത്യയിൽ ഒരു ട്രക്ക് ഡ്രൈവർക്ക് രണ്ടുകോടി രൂപ വിലമതിപ്പുള്ള വീടോ 30 -35 ലക്ഷം രൂപ വിലയുള്ള കാറോ സ്വപ്നം കാണാൻ പോലും സാധിക്കുമോ എന്ന് ചിന്തിക്കുന്നവരും കുറവല്ല. ഐഐടി / ഐഐഎം ബിരുദം നേടി രാവിലെ 9 മുതൽ വൈകിട്ട് 9 വരെ ജോലിചെയ്യുന്ന ഇന്ത്യക്കാർ മെട്രോനഗരങ്ങളിൽ ഒരു 3 BHK അപ്പാർട്ട്മെന്റ് വാങ്ങാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, ട്രക്ക് ഡ്രൈവറായ ഒരു ഇന്ത്യക്കാരൻ അമേരിക്കയിൽ ഉണ്ടാക്കിയ നേട്ടം പ്രശംസിക്കാതിരിക്കാനാവില്ല എന്ന് അഭിപ്രായപ്പെടുന്നവരാണ് അധികവും.