അതിഥിതൊഴിലാളികളാണോ മലയാളികളാണോ നല്ല 'പണിക്കാർ'? അനുഭവം
Mail This Article
കേരളത്തിന്റെ കെട്ടിടനിർമാണ മേഖലയുടെ അടിത്തറ അതിഥിതൊഴിലാളികളാണ്. മലയാളികളിൽനിന്ന് ഇവർ ചുക്കാൻ ഏറ്റെടുത്തിട്ട് കാലംകുറച്ചായി. സൈറ്റിൽ അതിഥിതൊഴിലാളികളുടെയും മറ്റുപണിക്കാരുടെയും തൊഴിൽശേഷി വിലയിരുത്തിയാൽ ചില കാര്യങ്ങൾ തെളിഞ്ഞുവരും. ഒരുദാഹരണത്തിലൂടെ പറയാം.
സ്ഥലം ഒരു കൺസ്ട്രക്‌ഷൻ സൈറ്റ്. മെയിൻ പണിക്കാരൻ മെഹ്റുൽ. ഹെൽപർ അദ്ദേഹത്തിന്റെ സുഹൃത്ത്. രണ്ടുപേരും കൊൽക്കത്ത ബംഗാളികൾ.
12 വർഷമായി എന്റെ പ്രദേശത്ത് താമസിച്ച് പണികൾ ചെയ്യുന്നു.
മെഹ്റുലിന് കൂലി 1000.
ഹെൽപർക്ക് 800.
രാവിലെ ചെറുതായിട്ട് നാസ്ത കൊടുക്കണം. വൈകിട്ട് സുലൈമാനിയും.
ഉച്ചഭക്ഷണം അവർ തന്നെ കൊണ്ടുവരും.
രാവിലെ കൃത്യം 8.30 ന് പണിക്കിറങ്ങും. ഒരുമണി വരെ വിശ്രമമില്ലാതെ പണിയെടുക്കും. ഉച്ചക്ക് ഒരു മണിക്കൂർ ലഞ്ച് ബ്രേക്ക്. കൃത്യം രണ്ട് മണിക്ക് വീണ്ടും പണിക്കിങ്ങും. നാലു മണിക്ക് സുലൈമാനി കുടിക്കാൻ ചെറിയൊരു ബ്രേക്ക്. അഞ്ചരമണിവരെ വീണ്ടും വിശ്രമമില്ലാതെ പണി. എടുത്തുപറയേണ്ടത്, പണി തുടങ്ങിയാൽ തീരുംവരെ ലീവെടുക്കില്ല എന്നതും ഇവരുടെ പണിയുടെ വേഗതയും വൃത്തിയുമാണ്.
മറ്റുള്ള പണിക്കാർ 3 ദിവസം ചെയ്യുന്ന പണി 'അതിനേക്കാൾ വൃത്തിയോടെ' ഒറ്റ ദിവസംകൊണ്ട് ചെയ്യും. അതുമാത്രമല്ല, കൽപണിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ഏത് പണിയും ഇവർ ചെയ്യും.
മലയാളി മേസൻമാരാണങ്കിൽ പാതുകം കിളയ്ക്കാൻ വേറെ ആളെ കൊടുക്കണം. ചെറിയ കോൺക്രീറ്റ് വല്ലതുമുണ്ടങ്കിൽ വാർപ്പു പണിക്കാരെ കൊടുക്കണം. അങ്ങനെ എന്തിനും ഏതിനും നമ്മുടെ പണിക്കാർക്ക് വലിയ ഡിമാന്റാണ്. ഇതിനെല്ലാമപ്പുറം അധിക സമയവും ഫോൺ ചെയ്തും തലേദിവസം കണ്ട സിനിമയുടെ കഥ പറഞ്ഞും രാഷ്ട്രീയവും പരദൂഷണവും പറഞ്ഞും സമയം കളയുന്നവരാണ് പലരും. (എല്ലാവരുമല്ല...) എന്നാൽ സത്യത്തിൽ അതിഥിതൊഴിലാളികളേക്കാൾ അറിവും വൈദഗ്ധ്യവുമുള്ളവരാണ് മലയാളിതൊഴിലാളികൾ. അടിസ്ഥാനപരമായി ഉഴപ്പൻ മനോഭാവമുള്ളതുകൊണ്ട് അതിനായി മെനക്കെടുന്നില്ല എന്നുമാത്രം.
മെഹ്റുലിന്റേയും ഹെൽപർ സുഹൃത്തിന്റേയും ഫോൺ ഒരിക്കൽ പോലും ബെല്ലടിച്ചത് ഞാൻ കേട്ടിട്ടില്ല. തമ്മിൽ കഥ പറഞ്ഞ് സമയം കളയുന്നതും. നല്ലത് കണ്ടാൽ അത് പറയുക തന്നെ വേണമല്ലോ...