ചെറിയവീട്; പക്ഷേ വൈദ്യുതി ബിൽ 4 ലക്ഷം! 'ഷോക്കടിച്ച്' വീട്ടുകാർ
Mail This Article
അസാമാന്യമായ ചൂടിനെ പ്രതിരോധിക്കാൻ ആളുകൾ സാധ്യമായ എല്ലാ മാർഗങ്ങളും തേടിയത് മൂലം ഇന്ത്യയിൽ പലഭാഗങ്ങളിലും ജൂൺ മാസത്തിലെ വൈദ്യുതി ബില്ല് കുത്തനെ ഉയർന്നിട്ടുണ്ട്. പതിനായിരം കടന്ന വൈദ്യുതി ബില്ലിന്റെ ചിത്രങ്ങളും ധാരാളമാളുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു. എന്നാൽ അവിശ്വസനീയമായ വൈദ്യുതി ബില്ലാണ് ഉത്തർപ്രദേശിലെ ഒരു കുടുംബത്തിന് ലഭിച്ചത്. ചന്ദ്രശേഖർ എന്ന വ്യക്തിയാണ് വീട്ടുടമ. നാലുലക്ഷം രൂപയ്ക്ക് തൊട്ടടുത്താണ് ഇവരുടെ വൈദ്യുതി ബില്ല്.
അടിസ്ഥാന ഉപയോഗത്തിനുള്ള ഇലക്ട്രോണിക് ഉൽപന്നങ്ങൾ മാത്രമേ ഇവിടെ ഉപയോഗിച്ചിരുന്നുള്ളൂ. നിസ്സാര വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന, ടിൻ ഷെയ്ഡ് മേൽക്കൂരയുള്ള ഒരു ചെറുവീടാണ് ഇതെന്നതും എടുത്തു പറയേണ്ടതുണ്ട്. ഫ്രിജ്, ഒരു എയർ കൂളർ, രണ്ട് സീലിങ് ഫാനുകൾ എന്നിവ മാത്രമേ ഇവർ പ്രവർത്തിപ്പിക്കാറുള്ളൂ. എന്നാൽ 3.9 ലക്ഷം രൂപയുടെ ബില്ല് വന്നതോടെ വീട്ടുകാർ അമ്പരന്നുപോയി.
ഏതാണ്ട് അഞ്ചുമാസകാലമായി ചന്ദ്രശേഖറിന് വൈദ്യുതി ബിൽ ലഭിച്ചിരുന്നില്ല. കഴിഞ്ഞ മാസവും ഇതേനില തുടർന്നതോടെ കാര്യം എന്താണെന്ന് തിരക്കാനായി അദ്ദേഹം ഇലക്ട്രിസിറ്റി ഓഫിസിൽ നേരിട്ടെത്തി. അവിടെ നിന്നുമാണ് കൊക്കിലൊതുങ്ങാത്ത ലക്ഷങ്ങളുടെ കണക്കുള്ള വൈദ്യുതി ബിൽ ചന്ദ്രശേഖറിന് ലഭിച്ചത്. 9000 രൂപ മാത്രമാണ് കുടുംബത്തിന്റെ മാസവരുമാനം. ഇവരുടെ വൈദ്യുതി ബിൽ ഒരിക്കലും 2000 രൂപയ്ക്ക് മുകളിലേക്ക് എത്തിയിരുന്നില്ല. ഒരിക്കലും അടക്കാനാവാത്ത ബില്ലാണ് ഇതെന്ന് ചന്ദ്രശേഖർ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. അസാധാരണമായ വൈദ്യുതി ബില്ല് പിന്നീട് വാർത്താപ്രാധാന്യം നേടുകയുമായിരുന്നു.
ഇതോടെ വൈദ്യുതി വിഭാഗത്തിലെ ഉദ്യോഗസ്ഥരും വിശദീകരണവുമായി രംഗത്തെത്തി. സാങ്കേതിക പിഴവ് മൂലമാണ് ഇത്രയും വലിയ ബിൽ തുക വന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി. സെർവറിൽ മാറ്റങ്ങൾ വരുത്തിയിരുന്നെന്നും ഇതുമൂലം ചില വൈദ്യുതി മീറ്ററുകൾക്ക് സാങ്കേതിക തകരാറുകൾ ഉണ്ടെന്നും കൃത്യമായ ഡാറ്റ ശേഖരിക്കാൻ കഴിയുന്നില്ലെന്നും കാൻപൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ മീഡിയ ഇൻ ചാർജായ ശ്രീകാന്ത് രംഗീല അറിയിച്ചു.
അതേസമയം പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു വരികയാണെന്നും വിശദീകരണമുണ്ട്. നിലവിൽ ലഭിച്ചിരിക്കുന്ന ബില്ലിലെ തുക ചന്ദ്രശേഖർ അടക്കേണ്ടതില്ല എന്നും ഉദ്യോഗസ്ഥർ അറിയിക്കുന്നു.
30000ന് മുകളിൽ ബില്ല് വന്നതായി ഡൽഹി സ്വദേശിയായ വ്യക്തിയും 45000 രൂപയുടെ വൈദ്യുതി ബില്ലിന്റെ ചിത്രങ്ങൾ ഗുരുഗ്രാം സ്വദേശിയായ മറ്റൊരു വ്യക്തിയും അടുത്തയിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു.