നട്ടപ്പാതിരയ്ക്ക് സ്റ്റൗ ഓൺ ചെയ്ത് നായ: വീടിന് തീ പിടിച്ചു
Mail This Article
വീടിന് കാവലാകാനും കുടുംബാംഗത്തെ പോലെ സ്നേഹിക്കാനുമൊക്കെ നായകൾക്ക് സാധിക്കും. എന്നാൽ ചിലപ്പോഴെങ്കിലും നായകളുടെ കുസൃതികൾ വീട്ടുകാർക്ക് വലിയ നഷ്ടങ്ങളും ഉണ്ടാക്കാറുണ്ട്. കൊളറാഡോയിലെ ഒരു വീട്ടിൽ വളർത്തുനായ അക്ഷരാർഥത്തിൽ വീടിന് തീയിടുകയായിരുന്നു.
അർദ്ധരാത്രിയിൽ നായയ്ക്ക് തോന്നിയ ഒരു കുസൃതിയാണ് തീപിടിത്തത്തിൽ കലാശിച്ചത്. സംഭവത്തെക്കുറിച്ച് കൊളറാഡോ സ്പ്രിങ്സ് ഫയർ ഡിപ്പാർട്ട്മെൻ്റ് വിവരിക്കുന്നത് ഇങ്ങനെ:
ജൂൺ 26നാണ് തീപിടിത്തം ഉണ്ടായത്. വീട്ടുടമ സഹായം തേടി അഗ്നിശമന സേനയെ വിളിക്കുകയായിരുന്നു. വീടിനുള്ളിൽ ആകെ തീ പടർന്നു എന്നായിരുന്നു സന്ദേശം. ഉടൻതന്നെ ഉദ്യോഗസ്ഥർ തീപിടിത്തം ഉണ്ടായ വീട്ടിലെത്തി. എന്നാൽ അതിനോടകം വീട്ടുടമ തീ അണച്ചു കഴിഞ്ഞിരുന്നു. എങ്കിലും വീട്ടിലെ സാധനങ്ങളിൽ ഏറെയും കത്തി നശിച്ചിരുന്നു.
അമിതമായി പുക ശ്വസിച്ചത് മൂലം ശാരീരിക അസ്വസ്ഥതകളോടെയാണ് വീട്ടുടമയെ കണ്ടെത്തിയത്. ഉദ്യോഗസ്ഥർ ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിലേക്കെത്തിച്ചു. തീ പടർന്നതിന്റെ കാരണം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി വളർത്തുനായയാണെന്ന് കണ്ടെത്തിയത്. അർദ്ധരാത്രിയിൽ അടുക്കളയിലേക്കെത്തിയ നായ സ്റ്റൗവിനു മുകളിൽ വച്ചിരുന്ന പേപ്പർ ബോക്സുകൾ കണ്ട്, അത് എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ നായയുടെ മുൻകാലുകൾ കൊണ്ട് ബർണർ ഓൺ ആയി.
സ്റ്റൗവിൽ നിന്നും തീ ബോക്സുകളിലേക്കും അടുത്തിരുന്ന സാമഗ്രികളിലേക്കും പടർന്നു പിടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തീ ആളിപ്പടരുകയും മുറിക്കുള്ളിൽ പുക നിറയുകയും ചെയ്തതിനെത്തുടർന്ന് സുരക്ഷാ അലാറം അടിച്ചപ്പോഴാണ് വീട്ടുകാർ വിവരമറിഞ്ഞത്. എന്താണ് സംഭവിച്ചതെന്നറിയാതെ ഇവർ ഉടനെ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാർ അവസരോചിതമായി ഇടപെട്ട് തീ വേഗത്തിൽ അണച്ചത് മൂലമാണ് വലിയ അപകടം ഒഴിവായതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
സംഭവത്തെ തുടർന്ന് വീടിനുള്ളിൽ തീ പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഗ്നിശമന സേനാ വിഭാഗം ജനങ്ങളെ ഓർമിപ്പിക്കുന്നു. വീട്ടിലെ എല്ലാ നിലകളിലും സ്മോക്ക് അലാമുകൾ സ്ഥാപിക്കുകയാണ് തീപിടിത്തത്തിന്റെ വ്യാപ്തി കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാർഗം. സ്റ്റൗ, അവ്ൻ തുടങ്ങിയ ഉപകരണങ്ങൾക്കരികിൽ തീ പടർന്നു പിടിക്കുന്ന വസ്തുക്കൾ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. തീപിടിത്തം ഉണ്ടായാൽ പുറത്തേക്കിറങ്ങി രക്ഷപെടാൻ സാധിക്കുന്ന വിധത്തിൽ രണ്ട് വാതിലുകളെങ്കിലും വീട്ടിൽ ഉണ്ടായിരിക്കണമെന്നും ഉദ്യോഗസ്ഥർ ഓർമിപ്പിക്കുന്നു.