ADVERTISEMENT

വീണ്ടും ദുരന്തം സമ്മാനിച്ച് ഒരു കർക്കടകം. വയനാട്ടിൽ സംഭവിച്ചത് കേരളം നാളിതുവരെ നേരിട്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം. ഇരച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ നഷ്ടമായത് എത്ര ജീവനുകൾ എന്നത് ഇപ്പോഴും തിട്ടപ്പെടുത്തി തീർന്നിട്ടില്ല. തകർന്നത് മുന്നൂറോളം വീടുകളടങ്ങിയ ഒരുഗ്രാമം. പിടിച്ചു നിന്നത് വെള്ളാർമല സ്കൂൾ മാത്രം. അതും ഒരുനില പൂർണമായും മുങ്ങിയ നിലയിൽ. വയനാട്ടിൽ ഉരുൾപൊട്ടലെങ്കിൽ തൃശൂരും ചാലക്കുടിയും ആലുവയും പ്രളയ ഭീതിയിലാണ്. ചുരുക്കത്തിൽ കേരളത്തിലെ കാലാവസ്ഥ ആകെ തകിടം മറിഞ്ഞിരിക്കുന്നു. പരിസ്ഥിതിയുടെ താളം തെറ്റിയിരിക്കുന്നു. ഇതിന് ഞാനും നിങ്ങളും ഒരുപോലെ ഉത്തരവാദികളാണ്.

ചൂരൽമലയിൽ ദുരന്തം ഉണ്ടായ സ്ഥലത്തുനിന്നുള്ള കാഴ്ച. (ചിത്രം: അരുൺ വർഗീസ് ∙ മനോരമ ഓൺലൈൻ)
ചൂരൽമലയിൽ ദുരന്തം ഉണ്ടായ സ്ഥലത്തുനിന്നുള്ള കാഴ്ച. (ചിത്രം: അരുൺ വർഗീസ് ∙ മനോരമ ഓൺലൈൻ)

പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ വാക്കുകൾ ഈ അവസരത്തിൽ ഓർത്തുപോവുകയാണ്.

‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കുതന്നെ മനസ്സിലാകും.’...

ചൂരൽമലയിൽ ദുരന്തം ഉണ്ടായ സ്ഥലത്തുനിന്നുള്ള കാഴ്ച. (ചിത്രം: അരുൺ വർഗീസ് ∙ മനോരമ ഓൺലൈൻ)
ചൂരൽമലയിൽ ദുരന്തം ഉണ്ടായ സ്ഥലത്തുനിന്നുള്ള കാഴ്ച. (ചിത്രം: അരുൺ വർഗീസ് ∙ മനോരമ ഓൺലൈൻ)

ഭൂമി കൈയേറ്റവും അനധികൃത കെട്ടിട നിർമാണവും പ്രകൃതിചൂഷണവുമെല്ലാം ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങൾക്ക് പിന്നിലുണ്ട്. ഈ വേളയിലെങ്കിലും കേരളത്തിൽ നിലവിലുള്ള കെട്ടിടനിർമാണ ചട്ടങ്ങളിലും മറ്റ് നിയമങ്ങളിലും ഇത്തരം ദുരന്തങ്ങൾ സംബന്ധിച്ച നിബന്ധനകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.

യഥാർഥത്തിൽ കെട്ടിട നിർമാണ രംഗത്തെ വിദഗ്ധർ പോലും ശ്രദ്ധിക്കാത്ത ചില ചട്ടങ്ങളുണ്ട് . അവയിലൊന്നാണ് KMBR / KPBR-ൽ ചട്ടം 22 (3) 

ഈ ചട്ടപ്രകാരം ഭൂമിയുടെ തിരശ്ചീന രേഖയുമായി 45 ഡിഗ്രിയിലധികം ചരിവുള്ള പ്രതലങ്ങളിൽ കെട്ടിട നിർമാണമോ ഭൂവികസനമോ പാടില്ല. മറ്റൊരു കാര്യം മഴവെള്ളം കിനിഞ്ഞിറങ്ങിയാൽ ദുർബലപ്പെടുന്ന മണ്ണിൽ ഇത്തരം നിർമാണം പാടില്ല. വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നയിടങ്ങളിലും കെട്ടിടനിർമാണം പാടില്ല എന്നാണ് ചട്ടം പറയുന്നത്. പക്ഷേ ഇത് കേരളത്തിൽ നടപ്പാക്കാറുണ്ടോ? ഉണ്ടെങ്കിൽത്തന്നെ വെള്ളംചേർക്കും.

ചട്ടം 22 (4) ൽ പറയുന്നത് സ്വാഭാവിക നീർച്ചാലുകൾക്കും അരുവികൾക്കും തടസം സൃഷ്ടിക്കുന്ന യാതൊരു നിർമിതിയും പാടില്ല എന്നാണ്. സ്വാഭാവികമായ ചാലുകൾ, അരുവികൾ എന്നിവ വഴി തിരിച്ച് വിട്ടുള്ള നിർമാണവും അനുവദനീയമല്ല. ഇത്തരം പ്രവൃത്തികൾ 2005 ലെ ദുരന്ത നിവാരണ നിയമം സെക്ഷൻ 5 പ്രകാരം ശിക്ഷാർഹവുമാണ്.

ചൂരൽമലയിൽ ദുരന്തം ഉണ്ടായ സ്ഥലത്തുനിന്നുള്ള കാഴ്ച. (ചിത്രം: അരുൺ വർഗീസ് ∙ മനോരമ ഓൺലൈൻ)
ചൂരൽമലയിൽ ദുരന്തം ഉണ്ടായ സ്ഥലത്തുനിന്നുള്ള കാഴ്ച. (ചിത്രം: അരുൺ വർഗീസ് ∙ മനോരമ ഓൺലൈൻ)

മറ്റൊരു കേന്ദ്രനിയമമാണ് തീരദേശ പരിപാലന നിയമം അഥവാ CRZ. ഈ  നിയമപ്രകാരം വേലിയേറ്റ സാധ്യതയുള്ള ജലാശയങ്ങളോട് ചേർന്ന നിർമാണങ്ങൾ നിയന്ത്രിതമോ നിരോധിതമോ ആണ്.

2004 ലെ സുനാമിയിൽ തീരദേശ നിർമാണ നിയന്ത്രണങ്ങളുടെ ആവശ്യകത നമുക്ക് മനസിലായതാണ്. സ്വാഭാവിക കണ്ടൽക്കാടുകൾ നല്ലൊരു ടൂറിസം സാധ്യതയായി കാണാമെങ്കിലും അവ വെട്ടിമാറ്റിയുള്ള നിർമാണങ്ങൾ അപകടം ക്ഷണിച്ച് വരുത്തും. സാധാരണ കടലേറ്റങ്ങൾ പോലും തീരത്തെ കെട്ടിടങ്ങൾ തുടച്ചു നീക്കുമ്പോൾ ഈ നിയമങ്ങളെ പറ്റി ഓർമ വരുന്നത് നല്ലതാണ്.

മറ്റൊരു നിയമമാണ് 2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 

മഴവെള്ളം സംഭരിക്കേണ്ട ഇടങ്ങളാണ് നെൽ വയലുകൾ അഥവാ നീർത്തടങ്ങൾ അവിടെ നികത്തി കെട്ടിട നിർമാണം നടത്തുമ്പോൾ മണ്ണിലേക്കിറങ്ങേണ്ട വെള്ളം ഭൂപ്രതലത്തിൽ കെട്ടിക്കിടക്കും. പുഴകൾ പോലെയുള്ള ജലാശയങ്ങളിൽ നിന്നും വയലുകളിലേക്ക് ഒഴുകിപ്പരക്കേണ്ട വെള്ളം അതിനിടമില്ലാതാകുമ്പോൾ പ്രളയം സൃഷ്ടിക്കും. ചെറിയ മഴയ്ക്ക് പോലും ഉണ്ടാകുന്ന വെള്ളക്കെട്ടുകളും ചെറിയ പ്രളയങ്ങളും ഇപ്പറഞ്ഞ നിയമലംഘനങ്ങളുടെ അനന്തരഫലമാണ് എന്ന് പറയാതെ വയ്യ. അശാസ്ത്രീയ നിർമാണങ്ങൾ കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനത്തിന് ഏൽപിക്കുന്ന ആഘാതം ഇനിയെങ്കിലും കാണാതെ പോകരുത്. കാരണം അതിന്റെ പ്രത്യാഘാതം പതിന്മടങ്ങായി നാംതന്നെ അനുഭവിക്കേണ്ടിവരാം.

English Summary:

Wayanad Disaster and Construction Exploitation- Some Introspection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com