ഇതൊക്കെ ഒരു വീടാണോ? മാസവാടക 500 രൂപ; വൈറലായി യുവാവിന്റെ 'ഹോം ടൂർ' വിഡിയോ
Mail This Article
ഇന്ത്യയിലെ വൻനഗരങ്ങളിൽ ഏറ്റവും വലിയ പ്രശ്നമാണ് ഭവനക്ഷാമം. പഠനത്തിനും ജോലിക്കുംവേണ്ടി സ്വന്തം നാടുവിട്ട് ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് എത്തുന്നവർ ഒരു താമസസ്ഥലം കണ്ടെത്താൻ ഭഗീരഥപ്രയത്നം നടത്തേണ്ടിവരും. തൊഴിൽ തേടിയെത്തുന്ന യുവാക്കളുടെ കാര്യമാണ് ഇക്കൂട്ടത്തിൽ ഏറ്റവും കഷ്ടം. വരുമാനം ലഭിച്ചു തുടങ്ങുന്ന കാലമായതിനാൽ നഗരത്തിലെ കൊക്കിലൊതുങ്ങാത്ത തുകയിൽ ഭേദപ്പെട്ട സൗകര്യങ്ങളുള്ള മുറിയോ വീടോ കണ്ടെത്താൻ ഇവർക്ക് സാധിക്കില്ല. ഫലമോ അങ്ങേയറ്റം ദുഷ്കരമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടിവരും. അത്തരമൊരു താമസസ്ഥലത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ മുംബൈയിൽ നിന്നും പുറത്തു വരുന്നത്.
ഫൂഡ് ഡെലിവറി ഏജന്റായ പ്രാൺജോയ് എന്ന യുവാവാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ മുംബൈയിൽ കണ്ടെത്തിയ വാടക മുറിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മുംബൈയിലെ ഒരു ചേരിയിലാണ് പ്രാൺജോയുടെയും സുഹൃത്തിന്റെയും മുറി. കെട്ടിടങ്ങൾക്കിടയിലുള്ള തിങ്ങിയ വൃത്തിഹീനമായ വഴിയിലൂടെ ഇയാൾ നടന്നു നീങ്ങുന്നതാണ് വിഡിയോയുടെ തുടക്കം. കുത്തനെ ചാരി വച്ച ഏണി പോലെയുള്ള ഇടുങ്ങിയ പടികളാണ് മുറിയിലേക്കുള്ള പ്രധാനവാതിൽ. അതായത് മച്ചു പോലെ മുകളിലേക്ക് തുറന്നുവേണം മുറിക്കുള്ളിൽ പ്രവേശിക്കാൻ.
ഒരാൾക്ക് സ്വസ്ഥമായി ഉപയോഗിക്കാൻ പോലും സാധിക്കാത്തത്ര ഇടുങ്ങിയ ഒരു മുറിയാണ് മുകളിലുള്ളത്. ഈ മുറിക്കുള്ളിൽ പ്രാൺജോയും സുഹൃത്തും ഒരുമിച്ചാണ് താമസം. വസ്ത്രങ്ങളും സാധനങ്ങളും അടുക്കിവയ്ക്കാൻ പോലുമുള്ള സ്ഥലവിസ്തൃതി മുറിക്കില്ല. ആസ്ബറ്റോസാണ് മേൽക്കൂരയിൽ വിരിച്ചിരിക്കുന്നത്. ഇതിൽ ഉറപ്പിച്ചിരിക്കുന്ന സീലിങ് ഫാനാണ് ഇവിടുത്തെ ഏറ്റവും വലിയ ആഡംബരം.
ജനാലകളോ കൃത്യമായ വെന്റിലേഷൻ സംവിധാനമോ ഇവിടെയില്ല. വേനൽ കടുക്കുന്ന അവസരങ്ങളിൽ ഇവിടെ താമസിക്കേണ്ടിവരുന്നത് എത്രത്തോളം ദുഷ്കരമാണെന്ന് ചിന്തിക്കാനാവാത്ത അവസ്ഥ. 'മുറി' എന്നുപോലും വിശേഷിപ്പിക്കാനാവാത്ത ഈ ഇടത്തിൽ താമസിക്കുന്നതിന് ഒരാൾ പ്രതിമാസം 500 രൂപയാണ് വാടകയായി നൽകുന്നത്. താമസിക്കുന്ന മുറിയുടെ ദൃശ്യങ്ങൾ പ്രാൺജോയ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ അത് വൈറലായി. ആറു ദശലക്ഷത്തിൽ പരം ആളുകൾ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു.
പ്രാൺജോയുടെ ഈ അവസ്ഥയറിഞ്ഞ് സഹായിക്കാൻ മനസ്സുള്ളവരും രംഗത്തെത്തിയിരുന്നു. വിഡിയോ കണ്ട ഒരു യുവതി മൂന്നുമാസത്തെ വാടക നൽകാനുള്ള തുക പ്രാൺജോയ്ക്ക് നൽകി.
ഇവിടെ കഴിയുന്നതിന് എത്രത്തോളം കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരുന്നുണ്ടാവുമെന്ന വിഷമമാണ് ആളുകൾ കമന്റ് ബോക്സിൽ പങ്കുവയ്ക്കുന്നത്. സാധാരണക്കാർക്ക് നഗരപ്രദേശങ്ങളിൽ ജീവിക്കുന്നത് എത്രത്തോളം പ്രയാസകരമാണെന്നതിന് ഇതിലും വലിയ ഉദാഹരണം എടുത്തു കാട്ടാനില്ല എന്നാണ് ഒരു കമന്റ്.