ഇനി നിങ്ങൾക്ക് സ്വന്തം വീടുണ്ട്: തെരുവിൽ താമസിക്കുന്ന സ്ത്രീക്ക് ഇൻഫ്ലുവൻസറുടെ സർപ്രൈസ്
Mail This Article
സമൂഹമാധ്യമങ്ങളുടെ വരവോടെ ഇപ്പോൾ സാധാരണക്കാർക്കും താരമായി മാറാൻ സാധിക്കുന്നു. ഇൻഫ്ലുവൻസർ എന്ന വാക്കിനോട് നീതിപുലർത്തി സമൂഹത്തിൽ നല്ലതും മോശവുമായ സ്വാധീനം ചെലുത്തുന്നവർ നിരവധിയുണ്ട്. എന്നാൽ കണ്ടന്റ് നിർമിക്കുന്നതിനപ്പുറം സമൂഹത്തിലേക്കിറങ്ങിച്ചെന്ന് പ്രവർത്തിക്കുന്നവർ ഇക്കൂട്ടത്തിൽ കുറവാണെന്ന് പറയാം. എന്നാലിപ്പോൾ വീടില്ലാത്ത ഒരു സ്ത്രീക്ക് സ്വന്തമായി ഒരു അപ്പാർട്ട്മെന്റ് വാങ്ങി നൽകി ഞെട്ടിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ ഒരു ഇൻഫ്ലുവൻസർ. ഇസയ്യ ഗർസ എന്ന ഇൻഫ്ലുവൻസറുടെ നന്മ നിറഞ്ഞ ഈ പ്രവൃത്തി ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
വീട് നൽകുന്ന വിഡിയോ ഇസയ്യ തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ചു. തെരുവോരത്ത് ടെന്റിൽ താമസിക്കുന്ന സ്ത്രീക്കരികിലേക്ക് ഇസയ്യ എത്തുന്നു. ശേഷം താനൊരു സമ്മാനം കരുതിയിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് ഇസയ്യ ഒരു കവർ കൈമാറി. അപ്പോഴും അതൊരു വീടായിരിക്കുമെന്ന് സ്ത്രീ ചിന്തിച്ചിരുന്നില്ല. കവറിനുള്ളിൽ താക്കോൽ കണ്ടതോടെ അവർ അമ്പരന്നു.
ഒടുവിൽ 'നിങ്ങൾ ഇനിമുതൽ ഭവനരഹിതയല്ല' എന്നുപറഞ്ഞു അവർക്കായി ഒരു അപ്പാർട്ട്മെന്റ് വാങ്ങിയിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തുന്നതും സ്ത്രീ വികാരഭരിതയാകുന്നതും വിഡിയോയിൽ കാണാം. തനിക്ക് സ്വന്തമാക്കാൻ സാധിക്കുമെന്ന് സങ്കൽപിക്കാൻ പോലുമാവാത്ത അപ്പാർട്ട്മെന്റ് കണ്ട് സന്തോഷം മറച്ചുവയ്ക്കാതെ അവർ തുള്ളിച്ചാടുകയായിരുന്നു. പൂർണ്ണമായി ഫർണിഷ് ചെയ്ത ഒരു അപ്പാർട്ട്മെൻ്റാണ് ഇസയ്യ ഇവർക്ക് നൽകിയത്. 15 വർഷത്തിലധികമായി ഇവർ ഭവനരഹിതയായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. ഇതുകൊണ്ടും തീർന്നില്ല അവർക്കൊപ്പം നിന്ന് പകർത്തിയ ഒരു ചിത്രം ഫ്രെയിം ചെയ്തതും സമ്മാനമായി കൈമാറി.
ദൃശ്യങ്ങൾ പെട്ടെന്ന് വൈറലായി. ഇസയ്യയെ പോലെ നന്മ മനസ്സിൽ സൂക്ഷിക്കുന്ന ഒരുപറ്റം ആളുകൾ ഇപ്പോഴും ഭൂമിയിലുള്ളതാണ് പ്രതീക്ഷയെന്ന് പലരും പ്രതികരിക്കുന്നു. എത്ര പണം ഉണ്ടാക്കുന്നു എന്നതിലല്ല എത്ര പേരുടെ മുഖത്ത് സന്തോഷം വരുത്താനും ജീവിതത്തിൽ മാറ്റം ഉണ്ടാക്കാനും സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് ഇസയ്യ തെളിയിച്ചു എന്നാണ് മറ്റു ചില കമന്റുകൾ.