ADVERTISEMENT

ഇപ്പോഴത്തെ വീടുകളിൽ മഴക്കാലത്ത് മഴ കണ്ട് സിറ്റൗട്ടിലിരിക്കാനാവുമോ?

ഇല്ല. കാരണം മഴ നനയും.

മഴയില്ലാത്ത നേരം ഇരിക്കാനാവുന്ന ഇടങ്ങളാണ് സിറ്റൗട്ട് അഥവാ പൂമുഖം. എന്താണ് കാരണം?

സിറ്റൗട്ടിലേക്ക് മഴയെത്താതിരിക്കണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് രണ്ടരമീറ്റർ വീതിയിലെങ്കിലും ഷേഡ് നിർമിക്കണം. പ്രായോഗികമായി അത് ബുദ്ധിമുട്ടാണ്. മൂന്ന് നാല് സെന്റ് ഭൂമിയിൽ വീട് നിർമിക്കുന്നവർക്ക് മഴ നനയാതെ സിറ്റൗട്ട് മാത്രമല്ല ഭിത്തികളും ജനാലകളും പണിയാൻ ബുദ്ധിമുട്ടാണ്. 

രണ്ടടി മാത്രം വീതിയിൽ പണിയുന്ന ഷേഡുകൾക്ക് കീഴിൽ ഒരു ജനാലയും സുരക്ഷിതമായി നിൽക്കില്ല. സ്വാഭാവികമായും മഴ നനയും ദ്രവിക്കും ചിതൽ വരും കേടാവും. പുറംഭിത്തി മുഴുവൻ മഴനനഞ്ഞൊഴുകി കുതിർന്ന് നിൽക്കും. പലരുടെയും വീടുകളിൽ ഇതൊക്കെയാണ് സംഭവിക്കുന്നത്. ഇതാണ് വസ്തുത എന്നിരിക്കെ മഴക്കാലമാകുമ്പോൾ 'കന്റെംപ്രറി'ക്കാരെ ട്രോളിയിട്ട് കാര്യമൊന്നുമില്ല. വേനൽക്കാലമാകുമ്പോൾ കുറ്റപ്പെടുത്തലിന്റെ ബാധയില്ലാതെ 'കന്റെംപ്രറി'ക്കാർ രക്ഷപ്പെടാറുമുണ്ട്.

യഥാർഥത്തിൽ 'കന്റെംപ്രറി'ക്കാർ ഇവിടെന്തു പിഴച്ചു? അവർ നിസ്സഹായരാണ്. ഓരോ ഫാഷൻ വരുമ്പോഴും ഓരോരുത്തരും അതിന്റെ ഉപഭോക്താക്കളാവുന്നു എന്നല്ലാതെ ഫാഷൻ നിർണയിക്കുന്നതിലോ രൂപമാറ്റം വരുത്തുന്നതിലോ ഉപഭോക്താക്കൾക്കെന്ത് റോൾ?

ഒന്നുമില്ല. ഇക്കണ്ട കാലത്തിനിടയിൽ വസ്ത്രത്തിനും വീടിനും വാഹനത്തിനും മാത്രമല്ല മാർക്കറ്റിൽ ലഭിക്കുന്ന ഏത് ഉൽപന്നത്തിനും ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട് വരാറുമുണ്ട്. എങ്കിൽ മാത്രമേ ഏതൊരു ഉൽപന്നത്തിനും മാർക്കറ്റിൽ നിലനിൽപ്പുള്ളു എന്നതാണ് സത്യം.  കാരണം മിക്കയുൽപന്നങ്ങൾക്കും കാഴ്ചാരസം വളരെ പ്രധാനമാണ്.  മടുപ്പിക്കുന്ന കാഴ്ചകൾക്ക് വിപണിമൂല്യം മാത്രമല്ല ഉപയോഗമൂല്യം പോലുമുണ്ടാവണമെന്നുമില്ല. അതുകൊണ്ടു തന്നെയാവണം ഒരു ഉൽപന്നം എന്ന നിലയിൽ എല്ലാ വീടുകളും വ്യത്യസ്തമാക്കാൻ ഉടമസ്ഥർ മാത്രമല്ല ഡിസൈനേഴ്സും ശ്രമിക്കാറുള്ളത്.

വീട് താമസിക്കാൻ മാത്രമല്ലല്ലോ ചില ഘട്ടത്തിൽ വിൽക്കേണ്ടിയും വന്നേക്കാം. വിൽപനകാലത്ത് മോഹവില കിട്ടണമെങ്കിൽ വീട് പഴഞ്ചൻ ഡിസൈൻ ആവരുതല്ലോ. ചിലർ വാസ്തു നോക്കി വീട് നിർമിക്കുന്നതുപോലും ഭാവിവിൽപന മുന്നിൽ കണ്ടാണ്. അങ്ങനെ പല കാരണങ്ങളാൽ നിരന്തരം പരിണാമപ്പെട്ടാണ് വീടുകൾ ഇങ്ങനെയൊക്കെയായത്. സൗന്ദര്യത്തിന്റെ കാര്യത്തിൽ കേരളത്തിലെ വീടുകൾ അപ്രമാദിത്വം വന്നിട്ടുണ്ട് എന്നത് സത്യം തന്നെ.

പുറംമാത്രമല്ല അകവും സൗന്ദര്യത്താൽ സമൃദ്ധമാണിപ്പോൾ. പണം കൂടുതലുണ്ടെങ്കിൽ സൗന്ദര്യവും കൂടും.

പണം കുറയുന്തോറും വീടിന് സൗന്ദര്യവും കുറയും. അതാണതിന്റെ സാമ്പ്രദായിക നിയമം. ചില ഡിസൈനേഴ്സ് പക്ഷേ പണത്തിന്റെ തോതനുസരിച്ച് സൗന്ദര്യം വർധിപ്പിക്കുന്ന രീതിയിൽ നിന്ന് മാറി നിൽക്കുന്നവരായിരിക്കും. മിനിമലിസം എന്ന രൂപകൽപനാ രീതിയായിരിക്കും അക്കൂട്ടർ പിന്തുടരുന്നത്. മിനിമലിസത്തിൽ ലംബവും തിരശ്ചീനവുമായ പ്രതലങ്ങൾ പരമാവധി ശൂന്യമായി നിലനിർത്താനായിരിക്കും ശ്രമിക്കുക. പ്രൊജക്‌ഷൻസും ഫർണീച്ചറുകളും കുറയുമ്പോൾ കൂടുതൽ ഇടം ഉള്ളതായി തോന്നും. 

വീടിന്റെ പുറംകാഴ്ചയ്ക്ക് സൗന്ദര്യം വർധിപ്പിക്കാൻ ഷേഡുകൾ പോലും ഒഴിവാക്കിയിട്ടുമുണ്ടാവും. ചിലപ്പോൾ വീതി കുറഞ്ഞ ഷേഡുകളായിരിക്കും ഉണ്ടാവുക. കനത്ത മഴയത്ത് ഇതൊന്നും മതിയാവില്ലല്ലോ. വീട് മഴയത്ത് നനഞ്ഞ് നിൽക്കുക എന്നതാവും ആത്യന്തികഫലം.

ഓരോ മഴക്കാലത്തും ഇത്തരത്തിൽ വീട് നനയുമ്പോൾ അറ്റകുറ്റപ്പണികൾക്കായി പണവും സമയവും മാറ്റിവയ്‌ക്കേണ്ടിവരും. അതൊരു ബാധ്യതയായി മാറും. മരത്തിൽ നിർമിച്ച ജനാലകൾ വർജിക്കുക, ഭിത്തികൾ മുഴുവനായും മഴനനയാതിരിക്കാൻ പാകത്തിൽ ഷേഡുകൾ നിർമിക്കുക. ഈ രണ്ട് കാര്യങ്ങൾ മാത്രം ചെയ്താൽമതി വീട് സുരക്ഷിതമാവാൻ. അല്ലാതെ സങ്കീർണ്ണമായ റോക്കറ്റ് ടെക്നോളജിയൊന്നും വീടുകൾക്ക് ആവശ്യമില്ല. പകരം ക്ലയിന്റും ഡിസൈനറും മനസ്സുവച്ചാൽ മാത്രം മതി.

English Summary:

Need for climate resilient design in modern houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com