പഴയ കേരളമല്ല: പ്രകൃതിക്ഷോഭ സാധ്യതയുള്ള പ്രദേശത്താണോ വീട്? വേണം അതീവജാഗ്രത

Mail This Article
പ്രകൃതിക്ഷോഭ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ വെള്ളം, ലഘുഭക്ഷണം, അവശ്യ വസ്തുക്കൾ തുടങ്ങിയവ ചെറിയ കിറ്റുകളിലാക്കി വയ്ക്കണം. രക്ഷാപ്രവർത്തനം അൽപം വൈകിയാലും സ്വയരക്ഷ ഉറപ്പാക്കാനാണിത്.
∙ ക്യാംപുകളിലേക്കു മാറാനുള്ള നിർദേശം പാലിക്കുക.
∙ വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാൻ സാധിച്ചില്ലെങ്കിൽ കെട്ടഴിച്ചുവിടുക.
∙ വീട്ടിൽ വെള്ളം കയറിയാൽ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. ഫ്യൂസ് ഊരി മാറ്റുക.
∙ വെള്ളപ്പൊക്ക ഭീഷണിയുള്ള മേഖലയിൽ കുടുംബാംഗങ്ങൾക്കായി ലൈഫ് ജാക്കറ്റുകൾ ക്രമീകരിക്കുക. വള്ളങ്ങൾ വീട്ടുമുറ്റത്ത് എത്താവുന്ന വിധം ക്രമീകരണം ഒരുക്കുക. തടസ്സങ്ങൾ ഒഴിവാക്കുക.
∙ വീട്ടിൽ വെള്ളം കയറിയാൽ നീന്തി രക്ഷപ്പെടാൻ ശ്രമിക്കരുത്. വീടിന്റെ ഉയർന്ന ഭാഗങ്ങളിൽ സുരക്ഷിതരായി ഇരിക്കുന്നതിനു മുൻഗണന നൽകുക.
∙ വെള്ളക്കെട്ടുകൾക്ക് അടുത്ത് വെറുതെ കാഴ്ച കാണാൻ പോകാതിരിക്കുക.
∙ കുത്തൊഴുക്കിൽപ്പെട്ടാൽ നീന്തൽ വശമുള്ളവരും അപകടത്തിൽപ്പെടും.
വെള്ളം കയറിയ വീടുകൾ
∙ വെള്ളം മുഴുവനായി ഇറങ്ങിയശേഷമേ വീടുകളിലേക്കു മടങ്ങാവൂ.
∙ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കും മുൻപ് വീട്ടിലെ വയറിങ് ഒരു ഇലക്ട്രീഷ്യനെക്കൊണ്ട് പരിശോധിപ്പിക്കുക.
∙ വീട് നന്നായി കഴുകി അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കുക.
∙ ചുവരുകളിൽ വിള്ളലുകൾ ഉണ്ടോയെന്നു പരിശോധിക്കുക.
∙ വാതിലുകൾ അടയുന്നുണ്ടോയെന്നു നോക്കുക
∙ ജനലുകൾ, കട്ടിളകൾ എന്നിവ ഭിത്തിയിൽ ഉറച്ചു നിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
∙ കിണറുകളും ശുദ്ധജല ടാങ്കുകളും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശുദ്ധമാക്കുക. സൂപ്പർ ക്ലോറിനേഷൻ നടത്താം.
∙ ശുചിമുറി ടാങ്കുകൾ തകർന്നിട്ടില്ലെന്ന് ഉറപ്പാക്കണം.
∙ വീടുകൾ ശുചിയാക്കുമ്പോൾ കയ്യുറകൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുക.