ADVERTISEMENT

ബെംഗളൂരുവിൽ ഒരുമുറിയോ വീടോ കണ്ടെത്തുന്നത് എത്ര ബുദ്ധിമുട്ടാണെന്നത് വെളിവാക്കിക്കൊണ്ട് സ്വന്തം അനുഭവങ്ങൾ ധാരാളം ആളുകൾ ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. വാടകക്കാരെ ഇന്റർവ്യൂ ചെയ്യുന്നതും കുടുസ്സുമുറിക്കുപോലും വൻ തുക വാടകയായി നൽകേണ്ടി വരുന്നതുമൊന്നും ഇവിടെ പുതിയ കഥയല്ല. എന്നാൽ വിമർശനങ്ങളും വാർത്തകളും ഉണ്ടാവുമ്പോഴും ഭവന പ്രതിസന്ധി നഗരത്തിൽ രൂക്ഷമായി തുടരുകയാണെന്നും നാളുകൾ കഴിയുംതോറും വാടക തുക വർധിക്കുകയാണെന്നും തെളിയിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. രണ്ടര ലക്ഷം രൂപ ഡെപ്പോസിറ്റ് തുകയായി ആവശ്യപ്പെട്ടു കൊണ്ടാണ് കൊറോമംഗലയിലെ ഒരു വീട്ടമ്മ തന്റെ ഫ്ലാറ്റ് വാടകയ്ക്കായി പരസ്യപ്പെടുത്തിയത്.

സംരംഭകയായ ലീഷ അഗർവാളാണ് വീട്ടുടമസ്ഥ. ഇവിടെ നിന്നും മാറി താമസിക്കേണ്ട സാഹചര്യമായതിനാൽ വാടകയ്ക്ക് വീട് വിട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നു. ഫർണിച്ചറുകൾ എല്ലാം അതേപടി ഉൾപ്പെടുത്തി കൊണ്ടാണ് വാടകക്കാർക്ക് വീട് കൈമാറുന്നത്. 43000 രൂപ പ്രതിമാസ വാടകയായി ഇവർ ആവശ്യപ്പെടുന്നുണ്ട്. രണ്ടര ലക്ഷം രൂപ ഡിപ്പോസിറ്റിനു പുറമേ ഫർണിച്ചറുകൾക്ക് അധിക തുക നൽകേണ്ടി വരുമെന്നും എക്സിൽ പങ്കുവച്ച പരസ്യത്തിൽ എടുത്തുപറയുന്നു.

അടുക്കള, ഹാൾ, കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുടെ ചിത്രങ്ങളും പരസ്യത്തിനൊപ്പം ലീഷ പങ്കുവച്ചിട്ടുണ്ട്. ഒന്നിലധികം നിലകളുള്ള വീടാണ് ഇതെന്നാണ് ചിത്രങ്ങളിൽ നിന്നും മനസ്സിലാകുന്നത്. ഗേറ്റഡ് കമ്മ്യൂണിറ്റിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സൗകര്യങ്ങളുടെ കാര്യത്തിൽ കുറവൊന്നും ഇല്ലെങ്കിലും ഒറ്റയടിക്ക് രണ്ടര ലക്ഷം രൂപ ഡിപ്പോസിറ്റ് നൽകി വീട് വാടകയ്ക്കെടുക്കേണ്ടി വരുന്ന അവസ്ഥയാണ് പലരും പരസ്യത്തിന് മറുപടിയായി കമന്റ് ബോക്സിൽ കുറിക്കുന്നത്. എന്നാൽ സാമാന്യം ഭേദപ്പെട്ട ഒരു വീട് ബെംഗളൂരുവിൽ ലഭിക്കാൻ എന്തും സഹിക്കാൻ ആളുകൾ തയ്യാറാണെന്ന തരത്തിലായിരുന്നു പരസ്യത്തിന് ലഭിച്ച പ്രതികരണങ്ങൾ.

പരസ്യം പങ്കുവച്ച് ഒമ്പതുമണിക്കൂറിനുള്ളിൽ അഞ്ചു പേരാണ് വീട് വാടകയ്ക്ക് എടുക്കാൻ താല്പര്യമറിച്ച് വീടുടമസ്ഥയെ ബന്ധപ്പെട്ടത്. ഒടുവിൽ ഇവരിൽ ഒരാളുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു. രണ്ടോ മൂന്നോ മാസത്തെ ശമ്പളം അപ്പാടെ നൽകി വീടെടുക്കാൻ പോലും ആളുകൾ തയ്യാറാകേണ്ട അവസ്ഥയാണ് ബെംഗളൂരുവിൽ നിലനിൽക്കുന്നതെന്ന് ഈ സംഭവം ചൂണ്ടിക്കാട്ടുന്നു. 

ബെംഗളൂരുവിൽ താമസത്തിനും വാണിജ്യ ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ ലോക്കാലിറ്റിയാണ് കൊറോമംഗല. യുവാക്കളും വിദ്യാർത്ഥികളുമാണ് ഈ മേഖലയിൽ വാടകയ്ക്ക് താമസിക്കുന്നവരിൽ അധികവും. ബെംഗളൂരുവിൽ ഏറ്റവും അധികം മലയാളികൾ താമസിക്കുന്ന പ്രദേശം കൂടിയാണ് ഇത്. എംജി റോഡിൽ നിന്നും സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ നിന്നും എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കുന്നതിനാൽ ബെംഗളൂരുവിൽ ഏറ്റവും ഉയർന്ന വാടക നിരക്കുള്ള നെയ്ബർഹുഡും കൊറോമംഗലയാണ്. ഇവിടെ 1 BHK യൂണിറ്റിന്റെ ശരാശരി പ്രതിമാസ വാടക ഏതാണ്ട് 28,000 രൂപയ്ക്കടുത്ത് വരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഓരോ വർഷം കഴിയുന്തോറും ശരാശരി വാടകയിലും അഞ്ചു ശതമാനത്തിന്റെ വർധനയും ഉണ്ടാകുന്നുണ്ട്.

English Summary:

Bengaluru flat listed for hefty rent- Real Estate News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com