ADVERTISEMENT

ഒരു ജോലി കണ്ടെത്തി സ്വന്തം കാലിൽ നിന്നു ജീവിച്ചു തുടങ്ങുന്ന സമയം മുതൽ സമാധാനമായി അന്തിയുറങ്ങാൻ ഒരിടം കണ്ടെത്തുക എന്നത് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്.

സമ്പാദിച്ചു തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽ സ്വന്തമായി വീട് വയ്ക്കാനോ വിലയ്ക്ക് വാങ്ങാനോ സാധിക്കുന്നവരുണ്ട്. എന്നാൽ മറ്റുചിലരാവട്ടെ വാടക വീടുകൾക്കാണ് മുൻഗണന നൽകുന്നത്. എന്നാൽ ഒരു വീട് സ്വന്തമാക്കുന്നതാണോ വിലയ്ക്ക് വാങ്ങുന്നതാണോ മെച്ചം? ഇത് സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് പരസ്പരം പോരടിക്കുകയാണ് ഒരു നിക്ഷേപകനും ടെക് സിഇഒയു നിക്ഷേപകനായ കിരൺ രാജ്പുത്.

വീട് വാങ്ങുന്നതിനെക്കുറിച്ച് എക്‌സിൽ  പങ്കുവച്ച ഒരു പോസ്റ്റാണ് തർക്കത്തിന്റെ തുടക്കം.  ഇടത്തരക്കാർക്ക് വീടിനെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ഇത്തവണ കിരൺ പങ്കുവച്ചത്. 50 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇടത്തരക്കാർ 'സ്വന്തമായി വീട് നേടുക' എന്നതിനാണ് മുൻതൂക്കം നൽകിയത്. എന്നാൽ ഇന്നും ഇടത്തരക്കാരുടെ ആദ്യത്തെ ആഗ്രഹം ഒരു വീട് തന്നെയായി തുടരുന്നു.  മധ്യവർഗത്തിൽപ്പെട്ടവർ ഇപ്പോഴും ഉയർച്ചയില്ലാതെ മധ്യവർഗമായി തുടരുന്നതിന്റെ കാരണം ഇതാണെന്നും  കിരൺ പോസ്റ്റിൽ പറയുന്നു

ഗ്രേലാബ്സ് എ ഐ എന്ന സ്ഥാപനത്തിന്റെ  സഹ സ്ഥാപകനും സിഇഒയുമായ അമൻ ഗോയൽ ഈ പോസ്റ്റിന് നൽകിയ പ്രതികരണമാണ് അഭിപ്രായ ഭിന്നതകളിലേയ്ക്ക് വഴിവച്ചത്. മറ്റൊരാൾ പത്തു ശതമാനം അധിക തുക വാടകയായി നൽകാമെന്ന് പറയുന്നതനുസരിച്ച് വാടകവീട്ടിൽ നിന്നും വീട്ടുടമ പുറത്താക്കുന്നതിനോളം മോശപ്പെട്ട അവസ്ഥ മറ്റൊന്നില്ല എന്നാണ് അമൻ അഭിപ്രായപ്പെട്ടത്. ഫിൻഫ്ലുവൻസേഴ്സ് നടത്തുന്ന ഇത്തരം ഉപദേശങ്ങൾക്ക് ചെവി കൊടുക്കരുത് എന്നും അമൻ ഓർമ്മിപ്പിക്കുന്നു.

സ്വന്തമായി നേടിയ വീടിനുള്ളിൽ കഴിയാൻ സാധിക്കുന്നത് ഒരു പ്രത്യേക ആനുകൂല്യം തന്നെയാണ്. അതുകൊണ്ട് ഒരു വീട് വാങ്ങാൻ കഴിവുണ്ടെങ്കിൽ തീർച്ചയായും വാങ്ങുക. ഇതിനുവേണ്ടി കടക്കെണിയിൽ ചെന്ന് പെടാതിരിക്കാൻ ശ്രദ്ധിച്ചാൽ മാത്രം മതിയെന്നും അമൻ അഭിപ്രായപ്പെടുന്നുണ്ട്.

ഇതിനു മറുപടിയായി കിരൺ വീണ്ടും എക്സിൽ തന്റെ ഭാഗം വിശദീകരിച്ചിരുന്നു. സ്വന്തമായി വീടില്ലാത്തവർ എന്നത് സമൂഹം അടിച്ചേൽപ്പിക്കുന്ന ഒരു കളങ്കമാണ്. ഇത്തരത്തിൽ സമൂഹം ഏർപ്പെടുത്തുന്ന അതിർവരമ്പുകൾ പൊട്ടിച്ചെറിഞ്ഞ് പല ഇടത്തരക്കാരും ജീവിത പ്രതിസന്ധികളിൽ നിന്നും പുറത്തു വന്ന് നിലവാരം ഉയർത്തുന്നുണ്ട്. 

ഇരുവരുടെയും വാദപ്രതിവാദങ്ങൾ പതിനായിരക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. ഇതോടെ കമന്റ് ബോക്സിലും പ്രതികരണങ്ങൾ സജീവമായി. കിരണിന്റെ വാദത്തെ അതേപടി അംഗീകരിക്കുന്നവരും അമൻ പറഞ്ഞതാണ് ശരിയെന്ന് വാദിക്കുന്നവരും ധാരാളമുണ്ട്.

ആത്മാഭിമാനം ഉയർത്താനുള്ള വഴി എന്നതിനപ്പുറമാണ് ഒരു വീട് സ്വന്തമാക്കുന്നതിന്റെ ആവശ്യകത എന്നാണ് ഒരാളുടെ പ്രതികരണം. ജീവിതത്തിൽ നിസ്സഹായത നിറയുന്ന സമയങ്ങളിൽ അല്പം മനസ്സമാധാനം ലഭിക്കാൻ സ്വന്തമായി വീടുള്ളത് സഹായകരമാണ്. പ്രത്യേകിച്ച് മധ്യവർക്കാർക്ക് ഇത് തികഞ്ഞ സ്വസ്ഥത നൽകുന്നുണ്ടെന്നും ആളുകൾ അഭിപ്രായപ്പെടുന്നു. 

അതേസമയം ജീവിതകാലം മുഴുവൻ വാടകവീടുകളിൽ ജീവിച്ചിട്ടും ഇതുവരെ ദുരനുഭവങ്ങൾ നേരിട്ടിട്ടില്ല എന്ന് മറ്റൊരാൾ പ്രതികരിക്കുന്നു. ജീവിതത്തിൽ ചുരുങ്ങിയത് പത്തു വർഷമെങ്കിലും അവിടെ താമസിക്കാനാകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ വീട് വാങ്ങുന്നതിൽ കാര്യമുള്ളൂ എന്നാണ് ഇദ്ദേഹത്തിന്റെ വാദം.

ഒന്നോ രണ്ടോ വർഷത്തിന്റെ ഇടവേളയിൽ വ്യത്യസ്ത നഗരങ്ങളിൽ മാറിമാറി ജോലി ചെയ്യേണ്ടി വരുന്നവർക്ക് വാടക വീടുകൾ തന്നെയാണ് ഏറ്റവും അനുയോജ്യമെന്നും കമന്റുകളുണ്ട്. ലോകത്തിൽ എല്ലായിടത്തും നാൾക്കുനാൾ വാടക നിരക്ക് കുത്തനെ കൂടുന്ന സാഹചര്യത്തിൽ വാടകവീടുകളിൽ കഴിയുന്നത് സാമ്പത്തിക സ്ഥിതി കൂടുതൽ മോശമാക്കുമെന്നാണ് മറ്റൊരു കമന്റ്.

വീടുടമയുടെ നിയന്ത്രണങ്ങളും ഏത് നിമിഷവും വീടുവിട്ടൊഴിയേണ്ടി വരുമെന്ന ആശങ്കയും അനുഭവിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് അല്പം കഷ്ടപ്പെട്ടാണെങ്കിലും ഒരു വീട് സ്വന്തമായി നേടുന്നത് തന്നെയാണെന്നും കമന്റുകളുണ്ട്.

English Summary:

Own House or Rented House Better- Debate in Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com