വെള്ളം പൊങ്ങിയാൽ വീടും പൊങ്ങും! പ്രകൃതിക്ഷോഭത്തെ ചെറുക്കുന്ന രാജ്യത്തെ ആദ്യ ഫ്‌ളോട്ടിങ് ഹൗസ്
Mail This Article
ലോകത്താകമാനം കാലാവസ്ഥാവ്യതിയാനം പിടിമുറുക്കുകയാണ്. എത്ര കെട്ടുറപ്പോടെ നിർമിച്ചാലും പ്രകൃതിദുരന്തത്തെ ചെറുത്തുനിൽക്കാനുള്ള ശക്തിയിൽ വീട് നിർമിക്കുക ഏതാണ്ട് അസാധ്യമാണ്. നൂറുകണക്കിന് ജീവനുകളും ഒരായുഷ്കാലത്തെ സമ്പാദ്യമായ വീടുകളും മണ്ണിനടിയിൽ നാമാവശേഷമായ കാഴ്ച ഈ കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിലും നാം കണ്ടു.
ഈ സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാവുന്ന മാതൃകയിൽ ഒരു വീട് നിർമിച്ചിരിക്കുകയാണ് ബീഹാർ സ്വദേശിയും സോഷ്യൽ ആർട്ടിസ്റ്റും സെൻ്റർ ഓഫ് റെസിലിയൻസിന്റെ സ്ഥാപക ഡയറക്ടറുമായ പ്രശാന്ത് കുമാർ. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന തരത്തിൽ ഒരു ഫ്‌ളോട്ടിങ് ഹൗസാണ് അദ്ദേഹം നിർമിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് ഇന്ത്യയിൽ ഇത്തരം ഒരു ഫ്ലോട്ടിങ് ഹൗസ് നിർമിക്കപ്പെടുന്നത്. ശൈത്യകാലത്ത് ഉള്ളിൽ വേണ്ടത്ര ചൂട് നൽകാനും എന്നാൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ വെള്ളക്കെട്ടിൽ ഉയർന്നുനിൽക്കാനും സാധിക്കുന്ന തരത്തിലുള്ള മാതൃകയാണിത്. ബീഹാർ പോലെ വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ തികച്ചും പ്രായോഗികമായ ഭവന നിർമാണ രീതിയാണ് ഇതെന്ന് പ്രശാന്ത് കുമാർ പറയുന്നു.
സുസ്ഥിരത ഉറപ്പാക്കുന്ന രീതിയിലാണ് പ്രശാന്ത് കുമാറിന്റെ വീടിന്റെ നിർമാണം. പ്രാദേശികമായി ലഭിക്കുന്ന മുള, പുല്ല്, ചെളി, ചാണകം, കുമ്മായം തുടങ്ങിയവ നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നു. വലിയ വീപ്പകളും മെറ്റൽ പൈപ്പുകളുമാണ് മറ്റു നിർമാണ സാമഗ്രികൾ. കനത്ത മഴയെ ചെറുത്തുനിൽക്കത്തക്ക രീതിയിൽ ജലത്തെ പ്രതിരോധിക്കുന്ന പ്ലാസ്റ്ററിങ്ങാണ് സവിശേഷത. പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ ഡ്രൈ ടോയ്‌ലറ്റ് സംവിധാനം ഉൾപ്പെടുത്തിയതോടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും സുസ്ഥിരത ഉറപ്പാക്കാനും സാധിക്കുന്നുണ്ട്. വൈദ്യുതി നിർമാണത്തിന് സോളർ പാനലുകളും സ്ഥാപിച്ചിരിക്കുന്നു.
മൂന്നു മുറികളും അടുക്കളയും ഒരു ഡ്രൈ ടോയ്‌ലറ്റുമാണ് വീട്ടിൽ ഉള്ളത്. 30 x 30അടി വിസ്തീർണ്ണമുള്ള ഒരു ഫ്ലോട്ടിങ് അടിത്തട്ടിനു മുകളിലാണ് വീടിന്റെ നിർമാണം. ആറു മുതൽ എട്ടു പേർക്ക് വരെ ഇവിടെ താമസിക്കാനാകും. മഴക്കാലത്ത് ജലനിരപ്പിനും മീതെ ഉയർന്നുനിൽക്കാനും ശൈത്യകാലത്തും വേനൽക്കാലത്തും തറയിൽ ഉറപ്പോടെ നിൽക്കാനും സാധിക്കും.
2023 ലാണ് വീടിന്റെ നിർമാണം പൂർത്തിയായത്. ബീഹാറിലെ അരാഹ് എന്ന സ്ഥലത്താണ് ഫ്‌ളോട്ടിങ് ഹൗസ് നിർമ്മിച്ചിരിക്കുന്നത്. നിലവിൽ ഈ നൂതന ഭവന നിർമാണ മാതൃക വെള്ളപ്പൊക്ക സാധ്യതയുള്ള മറ്റു പ്രദേശങ്ങളിലും അവതരിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരുന്നു.