വീട് പണിയാൻ കൈവശമുള്ളത് ചെറിയ ഭൂമിയാണോ? വിഷമിക്കേണ്ട, പരിഹാരമുണ്ട്
Mail This Article
ആഗ്രഹപ്രകാരമുള്ള വീട് പണിയാൻ കൈവശമുള്ളത് ചെറിയ ഭൂമിയാണ് എന്ന വിഷമമുണ്ടോ? ചട്ടപ്രകാരം വേണ്ട സ്ഥലം ഒഴിച്ചിട്ടാൽ വീട് ചെറുതായിപ്പോകും എന്ന തോന്നലുണ്ടോ? വഴിയുണ്ടെന്നേ...കൈവശമുള്ള ഭൂമിയുടെ അളവ് 125 ചതുരശ്ര മീറ്ററിൽ (3 സെന്റ്) കുറവാണോ എങ്കിൽ സാധാരണ പ്ലോട്ടിലെ കെട്ടിടങ്ങളേക്കാൾ കെട്ടിടനിർമാണ ചട്ടങ്ങളിൽ (KPBR/ KMBR- 2019) ഇളവുകളുണ്ട്.
ഇത്തരം പ്ലോട്ടുകളിൽ ഇളവുകളോടെ താമസ കെട്ടിടങ്ങളോ (വീടുകളും ഫ്ലാറ്റും ഉൾപ്പെടെ) കച്ചവട ഗണത്തിൽ പെട്ട കെട്ടിടങ്ങളോ മൂന്ന് നില വരെ നിർമിക്കാം. താമസ കെട്ടിടങ്ങൾക്ക് പരമാവധി വിസ്തീർണത്തിന് പരിധി ഇല്ലെങ്കിലും കച്ചവട ഗണത്തിലുള്ള കെട്ടിടങ്ങളുടെ പരമാവധി വിസ്തീർണം 200 ചതുരശ്ര മീറ്റർ കവിയാൻ പാടില്ല. പരമാവധി ഉയരം പത്ത് മീറ്റർ, കൂടാതെ വേണമെങ്കിൽ ടെറസിൽ കോണി മുറിയും പണിയാം.
ഇത്തരം കെട്ടിടങ്ങൾക്ക് മുൻവശ മുറ്റം കുറഞ്ഞത് 1.80 മീ മതി, എല്ലായിടത്തും കൃത്യമായി 1.80 കിട്ടാത്ത പക്ഷം കുറഞ്ഞത് 1.20 മീ ഉണ്ടെങ്കിൽ ശരാശരി 1.80 മീ. മതിയാകും. പിൻവശത്ത് 1 മീ. മതി (കുറഞ്ഞത് 50 സെമി, ശരാശരി 1 മീ. ആയാലും മതി ) വശങ്ങളിൽ 0.60 മീ. മതിയാകും. ഇത്തരം കെട്ടിടങ്ങൾക്ക് പ്ലോട്ടിനുള്ളിൽ പാർക്കിങ് നിർബന്ധമില്ല. വഴിയുടെ വീതിക്ക് നിബന്ധനയില്ല. കോണിപ്പടിയുടെ, വരാന്തയുടെ, മുറി ഉയരത്തിന്റെ, ടോയ്‌ലറ്റ് സംവിധാനങ്ങളുടെ ഒന്നും കുറഞ്ഞ അളവുകൾ (കെട്ടിട ഭാഗങ്ങൾ എന്ന അധ്യായ പ്രകാരം വേണ്ടവ) ബാധകമല്ല.
ഇത്തരം കെട്ടിടങ്ങൾ തൊട്ടടുത്ത പ്ലോട്ട് ഉടമയുടെ സമ്മതത്തോടെ പിൻവശമോ ഒരുവശമോ അല്ലെങ്കിൽ രണ്ടും കൂടിയോ അതിർത്തി വരെ എത്തും വിധവും നിർമിക്കാം. പക്ഷേ ആ ഭാഗത്ത് യാതൊരു വിധ തുറപ്പുകളും (വെന്റിലേറ്റർ ഉൾപ്പെടെ) പാടില്ല. അതിർത്തി ചേർത്ത് പണിയുമ്പോൾ കെട്ടിടത്തിന്റെ ഉയരം 7 മീറ്ററും നിലകളുടെ എണ്ണം 2 നിലയിലും കവിയരുത്. എന്നാൽ ഇത്തരം പ്ലോട്ടുകളിൽ അടുത്തടുത്ത് നിർമിക്കുന്ന കെട്ടിടങ്ങൾ പരസ്പരം അനുവാദം നൽകി അതിർത്തി വരെ നിർമിക്കുന്നതിന് പെർമിറ്റ് വാങ്ങിയ ശേഷം ഒറ്റക്കെട്ടിടമായി നിർമിച്ചാൽ നിർമാണം ചട്ടവിരുദ്ധമാകും.
റോഡിൽ നിന്നും പാലിക്കേണ്ട അകലത്തിന് ഇത്തരം കെട്ടിടങ്ങൾക്ക് പ്രത്യേകിച്ച് ഇളവുകൾ ഇല്ല. ജില്ലാ റോഡുകൾ വരെ ഉള്ള പ്രധാന റോഡുകളിൽ 3 മീറ്ററും മറ്റ് റോഡുകളിൽ 2 മീറ്ററും ബിൽഡിങ് ലൈൻ പാലിച്ചിരിക്കണം. സൺഷേഡിന്റെ വീതി സംബന്ധിച്ച് ഇളവുകൾ ഇല്ല. 60 സെ.മി ഉള്ള വശത്ത് 30 സെ.മി വീതിയുള്ള സൺഷേഡേ പറ്റൂ.
കിണർ, സെപ്റ്റിക് ടാങ്ക് എന്നിവയ്ക്ക് അതിരുകളിൽ നിന്നും റോഡിൽ നിന്നും പാലിക്കേണ്ട അകലത്തിലും അവ തമ്മിൽ പാലിക്കേണ്ട അകലത്തിലും യാതൊരു ഇളവുകളും ഇല്ല. ഒരേ ആളിന്റെ പേരിൽ ഒന്നിൽ കൂടുതൽ ഇത്തരത്തിേലുള്ള പ്ലോട്ടുകൾ അടുത്തടുത്താണെങ്കിൽ ഈ ആനുകൂല്യം ലഭിക്കില്ല.
**
ലേഖകൻ തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഓവർസിയറാണ്