ഇത്തരം ചതിക്കുഴികൾ കരുതിയിരിക്കുക: പൊള്ളയായ വാഗ്ദാനത്തിൽ വീണു; പണം കൈമാറിയിട്ടും പണി ഒന്നുമായില്ല; അനുഭവം
Mail This Article
മനോരമ ഓൺലൈനിൽ ഞാനെഴുതിയ ഒരു ലേഖനം കണ്ടിട്ടാണ് അവർ എന്നെ വിളിക്കുന്നത് (തൽക്കാലം നമുക്കവരെ സുമ എന്നും സന്ദീപ് എന്നും വിളിക്കാം). നഗരപ്രാന്തത്തിലെ ഒരു നഗരസഭയിൽ പണികഴിപ്പിച്ച വീടിന്റെ നിർമാണം പൂർത്തീകരിച്ച് ഒക്യുപൻസിക്കായി നൽകിയ അപേക്ഷ നിരസിക്കപ്പെട്ട അവസ്ഥയിലാണ് അവർ എന്നെ വിളിച്ചത്. കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് കെട്ടിട നിർമാണ മേഖലയിൽ ഇന്നും നടക്കുന്ന കൊടുംചതികളുടെ മറ്റൊരു കഥ തെളിഞ്ഞു വന്നത്.
സുമയുടെ കുടുംബ ഓഹരിയായി ലഭിച്ച ഭൂമിയാണത്. ഏതാണ്ട് ഒൻപതര സെന്റുണ്ടായിരുന്നതിൽ റോഡ് വികസനത്തിന് ഏറ്റെടുക്കപ്പെട്ടതിന് ശേഷം അവശേഷിക്കുന്ന എട്ടു സെന്റ് ഭൂമിയിൽ പ്രായമായ അമ്മയ്‌ക്കൊപ്പം താമസിക്കാൻ നല്ലൊരു വീട് വേണം എന്ന ആഗ്രഹത്തിലാണ് അവർ ഒരു ഡിസൈനറെ അന്വേഷിക്കുന്നത്.
പലരുടെയും അഭിപ്രായങ്ങൾക്കൊടുവിൽ നഗരത്തിലെ ഒരു ഡിസൈൻ സ്ഥാപനവുമായി കെട്ടിട രൂപകൽപനയ്ക്ക് കരാറുണ്ടാക്കി. ഒരു ചതുരശ്ര അടിക്ക് 120 രൂപ നിരക്കിൽ 1500 ച.അടി കെട്ടിടത്തിന്റെ രൂപകൽപനയ്ക്ക് 1,80,000 രൂപയിൽ കരാറായി.
നഗരസഭയിൽ നിന്നും നിയമപ്രകാരം ലഭ്യമാക്കേണ്ട പെർമിറ്റ്, ഒക്യുപൻസി സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കുന്നതടക്കമുള്ള സേവനങ്ങൾ സഹിതമാണീ നിരക്ക്. എന്നാൽ പിന്നീട് ഇതേ സ്ഥാപനത്തിന് നിർമാണ കരാർ നൽകിയാൽ രൂപകൽപനാ സേവനത്തിൽ 50% ഇളവ് നൽകാം എന്ന വാഗ്ദാനത്തിൽ അവർക്ക് തന്നെ നിർമാണ കരാറും നൽകി.
പക്ഷേ നിർമാണം മുന്നോട്ടു പോകവേ കരാർ സ്ഥാപനം, വ്യവസ്ഥകളിൽ നിന്നും വ്യതിചലിക്കാൻ തുടങ്ങി. ആദ്യഘട്ടത്തിൽ അതിനെ പ്രതിരോധിക്കാൻ സുമയ്ക്കും സന്ദീപിനും കഴിഞ്ഞില്ല. ഒടുവിൽ നിർമാണത്തിന്റെ കരാർ തുകയായ ചതുരശ്ര അടിക്ക് 2600 രൂപ എന്ന നിരക്കിൽ ഏതാണ്ട് പൂർണ സംഖ്യ കൈമാറിയപ്പോഴും നിർമാണം ഒന്നുമായിട്ടില്ല.
ഒടുവിൽ സുമയും സന്ദീപും നേരിട്ട് തന്നെ ഫ്ലോറിങ്, ജനൽവാതിലുകൾ, അടുക്കള എന്നിവ പൂർത്തീകരിച്ചു. അതിനു വേണ്ടി സ്വന്തം കെട്ടിടത്തിന്റെ താക്കോൽ ചോദിച്ചപ്പോൾ കരാർ കമ്പനി അത് നൽകിയില്ലത്രേ. അതുമാത്രമല്ല ഉടമയുടെ ഒറിജിനൽ ആധാരം വരെ കരാർ സ്ഥാപനം ഒരിക്കൽ ആവശ്യപ്പെട്ടു എന്ന് കേട്ടപ്പോൾ ചതിയുടെ പരകോടിയിലാണല്ലോ ഇവർ പെട്ടത് എന്നുതോന്നിപ്പോയി.
ഒടുവിൽ കെട്ടിടത്തിന്റെ ഒക്യുപൻസി സർട്ടിഫിക്കറ്റിനായി നഗരസഭയിൽ കരാർ കമ്പനി അപേക്ഷ നൽകിയെങ്കിലും പെർമിറ്റ് നൽകുമ്പോൾ പറയാത്ത ചില തടസങ്ങൾ പൂർത്തീകരണ സമയത്ത് ചൂണ്ടിക്കാട്ടി നഗരസഭ അപേക്ഷ നിരസിച്ചു. ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് അവർ ലഭ്യമാക്കിയ രേഖകളിൽ കെട്ടിട നിർമാണ അപേക്ഷയും പൂർത്തീകരണ സർട്ടിഫിക്കറ്റും തയാറാക്കിയിട്ടുള്ളത് രണ്ട് വ്യത്യസ്ത വ്യക്തികളാണ്. ( കെട്ടിട നിർമാണ ചട്ടപ്രകാരം അങ്ങനെ പാടില്ല എന്നില്ല, പക്ഷേ അത് അപേക്ഷകന്റെ അറിവോടെയായിരിക്കണം. ഇവിടെ അത്തരത്തിലെ മാറ്റം ഇവരെ അറിയിച്ചിട്ടില്ല )
യാതൊരു ആർക്കിടെക്ചറൽ വൈദഗ്ദ്യവും പ്രകടമാകാത്ത ഒരു ഡിസൈൻ. ഡൈനിങ് റൂമിലെ ഫ്ലോർനിരപ്പിനേക്കാൾ ഒരടിയിലധികം താഴ്ത്തി കോണിച്ചുവട്ടിൽ നൽകിയിരിക്കുന്ന വാഷ് ബേസിൻ, പടിഞ്ഞാറൻ കാറ്റിൻ്റെ ആധിക്യമുള്ള, തെക്കുപടിഞ്ഞാറ് ഭാഗം തുറന്ന പ്ലോട്ടിൽ 30 സെന്റിമീറ്റർ പോലും സൺഷേഡ് നൽകാതെ പുറംഭിത്തികൾ, ടോയ്‌ലറ്റുകളിലെ ഡ്രൈ ഏരിയ എന്നത് വാതിൽ തുറക്കുന്നിടത്തെ ഒരു സമചതുര ദ്വീപ് മാത്രം, ഷവർ സ്പേസ് മാത്രമല്ല ടോയ്‌ലറ്റ് സീറ്റും വാഷ്ബേസിനും വരെ വെറ്റ് ഏരിയയിൽ, ശരിയായ രീതിയിൽ മാൻ ഹോളുകൾ നൽകാതെ നടത്തിയ പ്ലമിങ്...
കരാർ രേഖകൾ പരിശോധിച്ചതിൽ രണ്ട് കരാറുകളും വെറും വെള്ളപ്പേപ്പറിൽ മാത്രം. കരാറിൽ 18 % GST വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും കരാർ രേഖകളിൽ പണമിടപാട് നടത്തേണ്ട അക്കൗണ്ട് വിവരങ്ങളോ പണം കൈമാറിയതിന് നൽകിയ തെളിവായ രസീതുകളിൽ GST രജിസ്ട്രേഷൻ നമ്പറോ ഇല്ല. കരാർ സ്ഥാപനത്തിലെ എൻജിനീയറുടെയോ ആർക്കിടെക്റ്റിന്റെയോ രജിസ്ട്രേഷൻ നമ്പറുകൾ , തിരിച്ചറിയൽ രേഖകൾ എന്നിവ ഒന്നും കരാറിന്റെ ഭാഗമല്ല. ഒടുവിൽ ചെയ്യേണ്ടുന്ന നിയമനടപടികൾ സംബന്ധിച്ച് നിർദ്ദേശം നൽകി മടങ്ങിയെങ്കിലും ഈ മേഖലയിൽ ഇനിയും ഇത്തരം ചതികൾ ആവർത്തിക്കരുത് എന്ന ആഗ്രഹം കൊണ്ട് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ ഭാവിയിൽ കെട്ടിടനിർമാണം നടത്തുന്നവരോട് പറയാനാഗ്രഹിക്കുന്നു.
1. നിങ്ങൾ രൂപകൽപന ഏൽപിക്കുന്ന വ്യക്തി മതിയായ യോഗ്യതയുള്ള ആളാണോ എന്ന് ഉറപ്പുവരുത്തുക. ആർക്കിടെക്റ്റ് രജിസ്ട്രേഷൻ, എൻജിനീയർ രജിസ്ട്രേഷൻ എന്നിവയുടെ പകർപ്പ് ആവശ്യപ്പെടുക. തരാൻ മടിയുള്ളവരോട് അപ്പോൾ തന്നെ സലാം പറഞ്ഞേക്കൂ. (വഴിയെ പോകുന്നവർക്ക് തോന്നിയ പോലെ പേരിന്റെ മുമ്പിൽ ചേർക്കാനുള്ളതല്ല Er. Ar. തുടങ്ങിയ ചുരുക്കെഴുത്തുകൾ)
2. കരാർ ഉടമ്പടി (പ്രത്യേകിച്ച് നിർമാണ കരാർ) നിർബന്ധമായും രജിസ്ട്രാർ ഓഫിസുകളിൽ രജിസ്റ്റർ ചെയ്ത് പകർപ്പ് കൈവശം സൂക്ഷിക്കുക.
3. കരാറിൽ അവശ്യ ഘട്ടത്തിൽ അളവുകൾ സംബന്ധിച്ച് പരിശോധന നടത്താൻ ഒരു മൂന്നാം കക്ഷിയെ ഏർപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യുക.
4. കഴിയുന്നതും ഓരോ ഘട്ടത്തിന്റെയും പൂർത്തീകരണ കാലാവധിയും ആ കാലാവധിയിൽ നൽകേണ്ട തുകയുടെ വിവരങ്ങളും ഉൾപ്പെടുത്തുക.
5. കെട്ടിടത്തിൻ്റെ കൃത്യമായ പ്ലാൻ, സെപ്റ്റിക് ടാങ്ക് , മാൻ ഹോളുകൾ, മാലിന്യക്കുഴികൾ എന്നിവയുടെ സ്ഥാനം എന്നിവ കൃത്യമായി രേഖപ്പെടുത്തിയ സ്കെച്ചുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട് എന്നുറപ്പു വരുത്തുക. ഭാവിയിൽ ഇവയൊക്കെ തുറക്കേണ്ടി വന്നാൽ അന്ന് കണ്ടെത്തണമെങ്കിൽ ഇത് വേണ്ടി വരും.
6. കെട്ടിട നിർമാണ പെർമിറ്റ്, തദ്ദേശസ്ഥാപനം അംഗീകരിച്ച പ്ലാൻ എന്നിവ ഉടമയുടെ മാത്രം കൈവശം സൂക്ഷിക്കുക. കരാറുകാരന് അതിൻ്റെ ആവശ്യമില്ലാത്തതാണ്.
7. സൈറ്റിൽ ചാർജുള്ള സൂപ്പർവൈസറുടെ യോഗ്യത, തിരിച്ചറിയൽ രേഖകൾ ഉടമയ്ക്ക് ലഭ്യമാകുന്ന വിധം വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തുക.
കഥ സത്യമെങ്കിലും കഥാപാത്രങ്ങളുടെ പേരുകൾ സാങ്കൽപികം. ഇനിയൊരാളും ചതിക്കപ്പെടാതിരിക്കട്ടെ...
***
ലേഖകൻ തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയറാണ്.