അതിർത്തിത്തർക്കം: പരാതികൾ എങ്ങനെ പരിഹരിക്കും?
Mail This Article
ഭൂമി കൈവശമുള്ളവർ ഒരിക്കലെങ്കിലും അതിർത്തിത്തർക്കം നേരിടാതിരിക്കില്ല. മതിൽ കെട്ടുമ്പോഴായാലും ഭൂമി വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോഴായാലും ഇങ്ങനെയൊരു പ്രശ്നം ഉണ്ടാവാനിടയുള്ള കാര്യം എപ്പോഴും പ്രതീക്ഷിക്കേണ്ടതാണ്. ഒരു മുടിനാരിഴ മണ്ണിനെച്ചൊല്ലിയാണെങ്കിലും അതു ചിലപ്പോൾ കോടതിക്കുള്ളിൽ വരെയെത്താം. അതുകൊണ്ട് അവനവന്റെ ഭൂമിയുടെ നാലതിരുകൾ രേഖപ്പെടുത്തിയിട്ടുള്ള രേഖകൾ സൂക്ഷിക്കേണ്ടതാണ്.
ഈ രേഖയിൽ ആർക്കെങ്കിലും സംശയോ തർക്കമോ ഉണ്ടായാൽ അതിർത്തിയുടെ നിജസ്ഥിതി ലഭ്യമാക്കുന്നതിനുവേണ്ടി വസ്തുവിന്റെ ഉടമസ്ഥൻ താലൂക്ക് തഹസിൽദാർക്ക് അപേക്ഷ നൽകണം. 10–ാം നമ്പർ ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച് ഒപ്പിട്ട അപേക്ഷയിൽ അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പും പതിച്ചിരിക്കണം.
റീസര്‍വേ പരാതികളുണ്ടെങ്കിൽ
വില്ലേജു തലത്തിൽ റീസർവേ നടക്കുമ്പോൾ എന്തെങ്കിലും ആക്ഷേപമുള്ളതായി ഭൂമിയുടെ ഉടമസ്ഥനു തോന്നിയാൽ ആ സമയത്തുതന്നെ പരാതി നൽകാവുന്നതാണ്. ഈ പരാതി ഹെഡ് സർവേയർ പരിശോധിക്കുകയും തീർപ്പു കൽപ്പിക്കുകയും ചെയ്യും. റീസർവേ സംബന്ധിച്ച് എന്തെങ്കിലും വിവരം അറിയിക്കണമെന്നുണ്ടെങ്കിൽ റീസർവേ അസിസ്റ്റന്റ് ഡയറക്ടറുമായോ റീസര്‍വേ സൂപ്രണ്ടുമായോ ബന്ധപ്പെടാവുന്നതാണ്.
പട്ടയഭൂമി തിരിച്ചു കല്ലിട്ടു കൊടുക്കൽ
അതിർത്തിത്തർക്കം എന്നത് ഒരു പുതിയ കാര്യമല്ല. രാജ്യങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലും നടന്നിട്ടുള്ള വൻ ഏറ്റുമുട്ടലുകളും രക്തച്ചൊരിച്ചിലുകളും അതിർത്തിയെച്ചൊല്ലിയായിരുന്നല്ലോ.
കാലപ്പഴക്കത്തിൽ അതിർത്തി സൂചകങ്ങളായ സര്‍വേക്കല്ലുകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് സ്വാഭാവികമായും തർക്കത്തിനിടയാവുക. ഇവിടെ വീണ്ടും ഭൂമി അളന്നു തിരിക്കുകയും സർവേക്കല്ല് പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടിവരും. ഇതിനുള്ള അപേക്ഷ 10–ാം നമ്പർ ഫോറത്തിൽ അഞ്ചു രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചു വേണം ബന്ധപ്പെട്ട തഹസിൽ ദാർക്ക് സമർപ്പിക്കാൻ. പ്രസ്തുത വില്ലേജിലെ റീസർവേ നടപടികൾ പൂർത്തിയാവാതെ കിടക്കുകയാണെങ്കിൽ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി വാങ്ങിക്കൊണ്ട് പ്രസ്തുത ഭൂമി അളന്നു തിരിക്കാനുള്ള നടപടിയെടുക്കാം.
*നടപടികളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകാം.