നടപടിക്രമങ്ങളിലെ ചെറിയൊരു വീഴ്ച; പക്ഷേ ഉടമ പെട്ടു: ചതിയുടെ രണ്ടാം അധ്യായം
Mail This Article
ഉടമ അറിയാതെ ലൈസൻസി പെർമിറ്റ് എടുത്തതും പ്രസ്തുത പെർമിറ്റിലെ കെട്ടിടത്തിന്റെ പ്ലാനും നിർമിച്ച കെട്ടിടവും തമ്മിൽ ഒരു ബന്ധവുമില്ലാത്തതും വിഷയമായ ഒരു കഥ മുൻപ് ഞാനിവിടെ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ദിവസം സമാനമായ മറ്റൊരു കഥയുമായി ഒരു സുഹൃത്ത് എന്നെ ബന്ധപ്പെട്ടു. മനോരമ ഓൺലൈനിൽ ഞാനെഴുതിയ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് വിഷയമായ ഫീച്ചർ വായിച്ചാണ് എന്നെ അദ്ദേഹം വിളിക്കുന്നത്.
തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ ഒരു വികസിത പഞ്ചായത്താണ് കഥാരംഗം. നമ്മുടെ കഥാനായകൻ തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ഒരു എൻജിനീയറെ സമീപിക്കുന്നു.
മനസ്സിനിഷ്ടപ്പെട്ട പ്ലാൻ തയ്യാറാക്കി പഞ്ചായത്തിൽ നിന്നും പെർമിറ്റ് ലഭ്യമാക്കുന്ന കാര്യം പറഞ്ഞപ്പോൾ എൻജിനീയർ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സെൽഫ് സർട്ടിഫൈഡ് പെർമിറ്റിനെ കുറിച്ച് പറഞ്ഞു. പെർമിറ്റ് അനുവദിക്കാനുള്ള യോഗ്യത സംബന്ധിച്ചും പെർമിറ്റിന്റെ നടപടിക്രമങ്ങളെ പറ്റിയും വിശദമായി പറഞ്ഞുകൊടുത്തു.
നൂലാമാലകളില്ലാതെ പെർമിറ്റ് കിട്ടുന്നതിൽ നമ്മുടെ കഥാനായകനും സന്തോഷം. അങ്ങനെ ഡിസൈൻ ചാർജിനു പുറമേ സർക്കാർ അംഗീകൃത പെർമിറ്റ് ഫീസും വാങ്ങി ലൈസൻസി പെർമിറ്റും അംഗീകൃത പ്ലാനും നമ്മുടെ കഥാനായകനു കൈമാറി. കെട്ടിട നിർമാണവും തുടങ്ങി.
കെട്ടിടത്തിൻ്റെ സ്ട്രക്ചർ ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ് സർക്കാർ പെർമിറ്റ് ഫീസ് വെട്ടിക്കുറച്ചത്. അധികമായി അടച്ച ഫീസ് തിരികെ നൽകുന്നതിനുള്ള വ്യവസ്ഥ വന്നപ്പോൾ ഫീസ് തിരികെ ലഭിക്കുന്നതിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയപ്പോഴാണ് സിനിമയ്ക്കിടയിലെ ഇടവേള പോലെ ആ അറിയിപ്പ് അദ്ദേഹത്തിന് കിട്ടുന്നത്.
" താങ്കൾക്ക് നിലവിൽ പെർമിറ്റില്ല "
അപ്പോൾ എന്റെ കയ്യിലുള്ള ഈ കടലാസുകളോ? ....
ചോദ്യം പ്രസക്തം, പക്ഷേ പഞ്ചായത്ത് പറയുന്നതിലും ശരിയുണ്ട്. നടപടിക്രമങ്ങളിലെ ചെറിയൊരു വീഴ്ച. പക്ഷേ അതിന് കൊടുക്കേണ്ടി വന്ന വിലയോ വളരെയധികം. ഇവിടെ സംഭവിച്ച കാര്യം ഇനി പറയാം.
വീഴ്ച ഒന്ന്
ലൈസൻസി സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് അനുവദിച്ചു എന്നത് നേരാണ്, പക്ഷേ അത് സാധുതയുള്ളതാകണമെങ്കിൽ പ്രസ്തുത പെർമിറ്റിന്റെയും അംഗീകൃത പ്ലാനിന്റെയും പകർപ്പുകൾ ഗ്രാമപഞ്ചായത്തിൽ നൽകി സെക്രട്ടറിയുടെ കയ്യിൽ നിന്നും റെസിപ്റ്റ് വാങ്ങണം. അതുണ്ടായില്ല.
വീഴ്ച രണ്ട്
അടുത്തതായി നിർമാണം ആരംഭിച്ച് അടിത്തറ പൂർത്തീകരിച്ചാൽ ലൈസൻസി തദ്ദേശസ്ഥാപനത്തിൽ ഒരു പ്ലിന്ത് ലെവൽ കംപ്ലീഷൻ റിപ്പോർട്ട് നൽകണം. അതിൽ പഞ്ചായത്ത് അധികാരികൾ പരിശോധിച്ച് അംഗീകാര പത്രം നൽകും. ഇവിടെ അതും ഉണ്ടായില്ല.
ഫലമോ നിലവിലെ നിർമാണം നിയമത്തിന്റെ മുന്നിൽ അനധികൃത നിർമാണമാണ്, ഇനിയത് ക്രമവൽക്കരിക്കുകയേ വഴിയുള്ളൂ. പെർമിറ്റ് അനുവദിച്ച ലൈസൻസിയുടെ അറിവില്ലായ്മയും ഉടമയുടെ നിയമത്തെ പറ്റിയുള്ള അജ്ഞതയുമാണ് ഇതിനുകാരണമായത്. ഉടമയോടു സംസാരിച്ചപ്പോൾ മറ്റൊന്നുകൂടി മനസ്സിലായി. ഈ ലൈസൻസി പലപ്പോഴും വിദേശത്താണ്, അതായത് സൈറ്റിലെ നിർമാണത്തിൽ ടിയാന്റെ മേൽനോട്ടമുണ്ടായിട്ടില്ല. എന്തായാലും 'ഉടമ പെട്ടു' എന്ന് പറഞ്ഞാൽ മതി. തൽക്കാലം അദാലത്തിൽ ഒരപേക്ഷ നൽകി നോക്കാൻ ഉപദേശം നൽകിയിട്ടുണ്ട്, ഫലം കിട്ടുമോ എന്നത് സംശയമെങ്കിലും...
ഗുണപാഠം
നിങ്ങൾ കണ്ടെത്തുന്ന ലൈസൻസിക്ക് മതിയായ യോഗ്യതയും അതിലുപരി മേൽനോട്ടത്തിന് തയാറുള്ളയാളുമാണ് എന്നുറപ്പ് വരുത്തുക, മറ്റൊന്ന് ഇക്കാര്യത്തിന് ലൈസൻസിക്ക് ന്യായമായ പ്രതിഫലം നൽകുന്നു എന്നതും ഉറപ്പാക്കുക.
***
ലേഖകൻ തദ്ദേശ സ്വയം ഭരണ എൻജിനീയറിങ് വിഭാഗത്തിൽ ഓവർസിയറാണ്.